• Thu. Nov 26th, 2026

24×7 Live News

Apdin News

പാക് സൈനിക നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചതിന് പിന്നാലെ തിരിച്ചടി; മൗലാന ഫസ്‌ലുർ റഹ്മാനെ ലാഹോറിൽ വീട്ടുതടങ്കലിലാക്കി

Byadmin

Nov 26, 2026



ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സൈനിക നേതൃത്വത്തിനും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സർക്കാരിനും എതിരെ രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെ ജമിയത്ത് ഉലമ-ഇ-ഇസ്ലാം-ഫസൽ മേധാവി മൗലാന ഫസ്‌ലുർ റഹ്മാനെ ലാഹോറിൽ വീട്ടുതടങ്കലിലാക്കി. ലാഹോർ ഹൈക്കോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച അഭിഭാഷകരുടെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയാനാണ് സുരക്ഷാസേനയെ വിന്യസിച്ച് അദ്ദേഹത്തെ വീട്ടിൽ തടഞ്ഞുവെച്ചതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

​തിങ്കളാഴ്‌ച രാത്രി ലാഹോറിൽ എത്തിയ ഫസ്‌ലുർ റഹ്മാനെ ചൊവ്വാഴ്‌ച രാവിലെ മുതൽ വീടിന് പുറത്തിറങ്ങാൻ പോലീസ് അനുവദിച്ചില്ല. അദ്ദേഹത്തിന്റെ വസതി സ്ഥിതി ചെയ്യുന്ന ഹൗസിംഗ് സൊസൈറ്റിയിലും പരിസരത്തുമായി ഏകദേശം 3,000-ത്തോളം പോലീസ്-സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും പ്രധാന കവാടത്തിൽ ഷിപ്പിംഗ് കണ്ടെയ്നർ വെച്ച് വഴി തടയുകയും ചെയ്‌തു. ഇസ്ലാമാബാദിലെ പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റും പോലീസ് വളഞ്ഞതായി ജെ യു ഐ-എഫ് ആരോപിച്ചു.

​അസിം മുനീറിനും സർക്കാരിനുമെതിരെ രൂക്ഷവിമർശനം

സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെയും ഷഹബാസ് ഷെരീഫ് സർക്കാരിനെയും ലക്ഷ്യമിട്ട് ഫസ്‌ലുർ റഹ്മാൻ അടുത്തിടെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. രാജ്യത്തെ അമൂല്യ ധാതുക്കളുടെ വിനിയോഗം, ഖൈബർ പഖ്തൂൺഖ്വയിലെ ഗവർണർ ഭരണം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം സൈന്യത്തെയും ഭരണകൂടത്തെയും ചോദ്യം ചെയ്‌തിരുന്നു. ഭരണാധികാരികളിൽ നിന്നോ സർക്കാർ സംവിധാനങ്ങളിൽ നിന്നോ രാജ്യസ്നേഹത്തിന്റെ സർട്ടിഫിക്കറ്റ് വാങ്ങാൻ ഞങ്ങൾ വന്നിട്ടില്ല; അവരുടെ വിശ്വസ്തതയാണ് സംശയത്തിന്റെ നിഴലിലുള്ളത് എന്നും, അടിച്ചമർത്തലുകൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൈക്കോടതിയിൽ ഹർജി

പ്രതിപക്ഷ നേതാക്കളുടെ സഞ്ചാരസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും ഭരണകൂടം ചവിട്ടിമെതിക്കുകയാണെന്ന് ആരോപിച്ച് മൗലാന ഫസ്‌ലുർ റഹ്മാന്റെ പാർട്ടി ലാഹോർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. പഞ്ചാബിലെ വിവിധ നഗരങ്ങളിൽ നിരവധി പാർട്ടി പ്രവർത്തകരെ അറസ്റ്റ് ചെയ്‌തതായും ജെ യു ഐ-എഫ് വക്താവ് ഹാഫിസ് ഗസൻഫർ അസീസ് കുറ്റപ്പെടുത്തി.

​ഫസ്‌ലുർ റഹ്മാന്റെയും കുടുംബാംഗങ്ങളുടെയും സുരക്ഷാ ഉദ്യോഗസ്ഥരെ നേരത്തെ പിൻവലിച്ചിരുന്നു. ഇതിന് പുറമെ, ഇസ്ലാമാബാദിലെ വസതിയിലെ അനധികൃത നിർമ്മാണങ്ങൾ ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയതും, മകൻ അസദ് മഹ്മൂദിനെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതും, അടുത്ത അനുയായി മുഫ്തി അബ്രാറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതുമെല്ലാം രാഷ്‌ട്രീയ പ്രതികാര നടപടികളാണെന്നാണ് പാർട്ടിയുടെ ആരോപണം.

By admin