സംസ്ഥാനത്ത് വീണ്ടും നിപ. ചികിത്സയിലുള്ള പാലക്കാട് സ്വദേശിയായ യുവതിക്ക് നിപ സ്ഥിരീകരിച്ചു. പ്രാഥമിക പരിശോധനയില്‍ രോഗബാധ കണ്ടെത്തിയ പാലക്കാട് നാട്ടുകല്‍ സ്വദേശിയായ 38കാരിക്കാണ് പുണെയിലെ ലെവല്‍ 3 വൈറോളജി ലാബിലെ പരിശോധനയിലും രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
രോഗബാധ സ്ഥിരീകരിച്ചതോടെ രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ക്ക് കടുത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 100ലധികം പേര്‍ ഹൈറിസ്‌ക് പട്ടികയിലാണുള്ളത്. ബന്ധുക്കളും യുവതി ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടര്‍മാരും ജീവനക്കാരുമടക്കം നിരീക്ഷണത്തിലാണ്. നാട്ടുകല്‍ കിഴക്കുപുറം കണ്ടെയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. മൂന്ന് കിലോമീറ്റര്‍ പരിധിയിലാണ് നിയന്ത്രണം. യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്നത് വ്യക്തമായിട്ടില്ല.
പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ വെച്ച് നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ കണ്ടെത്തിയത്. തുടര്‍ന്ന് സ്ഥിരീകരണത്തിനായി സാംപിള്‍ പൂനെ നാഷണല്‍ വൈറോളജി ലാബിലേക്ക് അയക്കുകയായിരുന്നു. ഇവിടെ നിന്നുള്ള പരിശോധനാ ഫലവും പോസിറ്റീവ് ആയിരിക്കുകയാണ്.