തിരുവനന്തപുരം: നാലരപ്പതിറ്റാണ്ട് ഭരണത്തില്‍ പാര്‍ട്ടിക്കാരെ തിരുകി കയറ്റാനുള്ള കേന്ദ്രമാക്കി കോര്‍പ്പറേഷനെ മാറ്റി സിപിഎം. പിന്‍വാതില്‍ നിയമനത്തിലൂടെ ലക്ഷങ്ങളുടെ കമ്മീഷന്‍ ഇടപാടെന്നും ആരോപണം. 2020 ഡിസംബറില്‍ പുതിയ ഭരണസമിതി ചുമതലയേറ്റപ്പോള്‍ മുതല്‍ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രമായി കോര്‍പ്പറേഷന്‍ മാറി. ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുന്ന ബിജെപി ഓരോ അഴിമതിയും പുറത്തുകൊണ്ടു വരുമ്പോഴെല്ലാം തെറ്റ് തിരുത്തുന്നതിന് പകരം ദാര്‍ഷ്ട്യം കൊണ്ടും പോലീസിനെ എത്തിച്ചും നേരിടാനാണ് പലപ്പോഴും ഇടത് നേതൃത്വം ശ്രമിക്കുന്നത്.
സാനിട്ടറി വര്‍ക്കേഴ്‌സ് നിയമനം പോലെ 2022 ലും കോര്‍പ്പറേഷനില്‍ നിയമന വിവാദമുണ്ടായിരുന്നു. കോര്‍പ്പറേഷന് കീഴിലുള്ള അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്ക് 295 ഒഴിവുകളുണ്ടെന്നും ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് പട്ടിക നല്കണമെന്നും ആവശ്യപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തെഴുതിയത് പുറത്തായിരുന്നു. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ സഖാവേ എന്ന് അഭിസംബോധന ചെയ്ത് അയച്ച കത്ത് വാര്‍ഡിലെ ഒരു വാട്‌സാപ്പ് ഗ്രൂപ്പിലാണ് പ്രത്യക്ഷപ്പെട്ടത്. സംഭവം വിവാദമായതോടെ ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു.
പ്രതിഷേധങ്ങളെ തുടര്‍ന്ന് നഗരസഭയില്‍ ഭരണ സ്തംഭനം ഉണ്ടാവുകയും ഇതോടെ മന്ത്രി എം. ബി. രാജേഷിന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്ത് നിയമനങ്ങള്‍ പിഎസ്‌സിയ്‌ക്ക് വിടുകയായിരുന്നു. ഇനി ഇത്തരത്തില്‍ നിയമനങ്ങള്‍ നടത്തില്ലെന്നും കോര്‍പ്പേറേഷന്റെ കാര്യങ്ങള്‍ നോക്കാന്‍ മുന്‍മേയര്‍ ജയന്‍ബാബുവിനെ പാര്‍ട്ടി നിയോഗിക്കുകയും ചെയ്തു. എന്നാല്‍ ജയന്‍ബാബുവിനെ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ മേയറും സംഘവും തയ്യാറായില്ല. വീണ്ടും വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ പിന്‍വാതില്‍ നിയമനം തുടങ്ങി. താല്ക്കാലിക ജീവനക്കാരുടെ ഒഴിവുകളിലേക്ക് പാര്‍ട്ടി അനുഭാവികളെയും ഇഷ്ടക്കാരെയും തിരുകി കയറ്റിയ ശേഷം പിന്നീട് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സ്ഥിരപ്പെടുത്തുകയാണ് കോര്‍പ്പറേഷന്‍ ഭരിക്കുന്ന ഇടതുമുന്നണിയുടെ പതിവെന്ന ആക്ഷേപവും ശക്തമാണ്.
ചരിത്രം സൃഷ്ടിക്കുമെന്ന അവകാശവാദം ഉയര്‍ത്തിയാണ് 21 കാരിയായ ആര്യാ രാജേന്ദ്രനെ മേയറാക്കി നിയമിച്ചത്. എന്നാല്‍ സാമ്പത്തിക തിരിമറിയും അഴിമതിയും നടത്താനാണ് ആര്യ രാജേന്ദ്രനെ മേയറാക്കിയതെന്ന ബിജെപി വാദത്തെ സാധൂകരിക്കുന്നതാണ് നിലവിലെ സംഭവങ്ങള്‍. കോര്‍പ്പറേഷനിലെ നിയമനങ്ങളുടെ പേരില്‍ ഇതിനോടകം നിരവധി ആരോപണങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് സാനിട്ടറി വര്‍ക്കറുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍ കൗണ്‍സിലിലുണ്ടായ സംഭവങ്ങള്‍. ആര്യാ രാജേന്ദ്രന്റെ ഭരണത്തില്‍ അഴിമതിയുടെ ഘോഷയാത്രയാണ് നടക്കുന്നത്.
കെട്ടിട നമ്പര്‍ അനുവദിക്കുന്നതിലെ അഴിമതി, ആറ്റുകാല്‍ പൊങ്കാലയുടെ പേരില്‍ നടത്തിയ കോടികളുടെ തട്ടിപ്പ്, ജനങ്ങള്‍ അടച്ച നികുതിപ്പണം വെട്ടിച്ചത്, എല്‍ഇഡി കരാറിലെയും പട്ടികജാതി ഫണ്ടിലെയും അക്ഷരശ്രീയിലെയും തട്ടിപ്പുകള്‍ എന്നിവ പുറത്തുവന്ന ഏതാനും അഴിമതികള്‍ മാത്രം. പ്രതിഷേധവും വിമര്‍ശനവുമൊന്നും ഇക്കാര്യത്തില്‍ സിപിഎമ്മും മേയറും കണക്കിലെടുക്കാറില്ല.
കെ.പി. അനിജമോള്‍