• Thu. Aug 6th, 2026

24×7 Live News

Apdin News

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Byadmin

Aug 6, 2026


തിരുവനന്തപുരം: പിഎസ് സി റാങ്ക് ഹോള്‍ഡേഴ്‌സ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യുവമോര്‍ച്ച തിരുവനന്തപുരം നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചു തടഞ്ഞു.

സമാധാനപരമായി മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. പോലീസ് സ്ഥിതി വഷളാക്കി സ്ഥലത്ത് സംഘര്‍ഷഭരിതമായതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഖില്‍ എ. എസ്, ജില്ലാ ജനറല്‍ സെക്രട്ടറി ജിഷ്ണു നാവായ്‌ക്കുളം, കിളിമാനൂര്‍ മണ്ഡലം പ്രസിഡന്റ് ജിതിന്‍ കിളിമാനൂര്‍, നെടുമങ്ങാട് മണ്ഡലം കമ്മിറ്റി അംഗം ബിബിന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പിഎസ് സി വെള്ളാനയായി മറിയിരിക്കുകയാണെന്നും ഒരു യോഗ്യതയുമില്ലാത്ത ഏഴാം കൂലികള്‍ക്ക് ഇരിക്കാനുള്ള വേദിയായി പിഎസ് സി മാറിയെന്നും എസ്. സുരേഷ് പറഞ്ഞു. കേരളത്തിലെ യുവാക്കളെ കൊള്ളയടിക്കാനുള്ള സങ്കേതമായി പിഎസ് സി മാറി. അവിടെയുള്ള ഉദ്യോഗസ്ഥര്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരാണ്. രാഷ്‌ട്രീയ താല്‍പര്യങ്ങല്‍ വെച്ച് അഴിമതിക്കാരെ കുത്തി തിരുകി പിഎസ് സി സംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ത്തിരിക്കുകയാണ്. പി. എസ് സി അംഗങ്ങള്‍ക്ക് എന്താണ് അടിസ്ഥാന യോഗ്യത. പത്താം ക്ലാസുവരെ പാര്‍ട്ടിയുടെ കൊടിപിടിച്ചുവെന്നതാണോ അടിസ്ഥാന യോഗ്യത. അഴിമതിയുടെ കൊട്ടാരമായുള്ള പിഎസ് സി ആസ്ഥാനത്തെ പിരിച്ചു വിടണമെന്നും അദ്ദേഹം പറഞ്ഞു.

യുവമോര്‍ച്ച മുഖ്യമന്ത്രിയെ കണ്ട് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് നിയമനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടെങ്കിലും ഇതിനോട് മുഖ്യമന്ത്രി മുഖം തിരിക്കുകയായിരുന്നു. കേരളത്തിലെ യുവാക്കള്‍ ഒരു മാസത്തിലേറെയായി സമരമുഖത്താണ്. വിവധ ഭാഗങ്ങളില്‍ സമര പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്. അധ്യാപക നിയമനത്തില്‍ യോഗ്യത നേടിയ യുവതിയുവാക്കള്‍ ഒരു മാസത്തിലേറെയായി സമരമുഖത്താണ്. നിരഹാര സമരം അനുഷ്ടിക്കുന്ന സഹോദരിയുടെ ആരോഗ്യനില വഷളായിരിക്കുകയാണ്. എന്നാല്‍ ഒരു ചര്‍ച്ച പോലും നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

മുന്‍ മുഖ്യമന്ത്രി സ്വീകരിച്ച അതേ മാടമ്പി സ്വഭാവമാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി. സതീശനും സ്വീകരിക്കുന്നത്. പിണറായി വിജയനും വി. ഡി സതീശനും ഒരേ മുഖവും ഒരേ നയവുമാണ് ഉള്ളത്. കേരളത്തിലെ യുവത്വത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് പറഞ്ഞ് കൊണ്ടാണ് വി.ഡി. സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍ അധികാരത്തിലേറി രണ്ട് മാസം കഴിഞ്ഞിട്ടും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു.

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് പിന്തുണയുമായി ഒപ്പമുണ്ടാകുമെന്നും അവര്‍ക്ക് അര്‍ഹമായ ജോലി ലഭിക്കുന്നതുവരെ സമരമുഖത്ത് ഉണ്ടാകുമെന്നും യുവമോര്‍ച്ച അധ്യക്ഷന്‍ മനുപ്രസാദ് പറഞ്ഞു. നന്നായി പഠിച്ച് എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാണ് പരീക്ഷ പാസായത്. എന്നാല്‍ പിന്‍വാതിലിലൂടെ ആളഉകളെ തിരികി കയറ്റുന്ന സമീപനമാണ് വി. ഡി. സതീശന്‍ സര്‍ക്കാരും സ്വീകരിച്ചത്. ന്യായമായവരെ പുറത്താക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അവരെ കാണാനോ സംസാരിക്കാനോ മുഖ്യമന്ത്രി തയ്യാറായില്ല. അതുകൊണ്ടാണ് യുവമോര്‍ച്ച സമരത്തിന് നേതൃത്വം കൊടുക്കാന്‍ തീരുമാനിച്ചത്. പിഎസ് സിയുടെ ശുദ്ധീകരണം വരെതീരുമാനമുണ്ടാകുന്നതുവരെ സമരം തുടരുമെന്ന് മനുപ്രസാദ് മുന്നറിയിപ്പ് നല്‍കി.

യുവമോര്‍ച്ച നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സൂര്യ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. സുധീര്‍, തിരുവനന്തപുരം നോര്‍ത്ത് ജില്ലാ പ്രസിഡന്റ് റജികുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഉണ്ണിക്കണ്ണന്‍, ആര്‍. പി അഭിലാഷ്, മിഥുന്‍ മുല്ലശ്ശേരി, ജില്ലാ ഭാരവാഹികളായ സജി നെടുമങ്ങാട,് ആര്യ, അഖില, അനന്തു, സഞ്ജു എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.



By admin