• Mon. Jul 28th, 2025

24×7 Live News

Apdin News

പിരപ്പന്‍കോട്‌, കുറുപ്പ്‌, സുരേഷ്‌… 'വി.എസ്‌. വേട്ട' വെളിപ്പെടുത്തി വിശ്വസ്‌തര്‍; 'ക്യാപിറ്റല്‍ പണിഷ്‌മെന്റ്‌' വിവാദത്തില്‍ സി.പി.എം. വെട്ടില്‍!

Byadmin

Jul 28, 2025


തിരുവനന്തപുരം: പാര്‍ട്ടിയില്‍ വി.എസ്‌. അച്യുതാനന്ദന്‍ നേരിട്ട അവഗണനയും അധിക്ഷേപങ്ങളും വെളിപ്പെടുത്തി മുതിര്‍ന്നനേതാക്കളടക്കം രംഗപ്രവേശം ചെയ്‌തത്‌ സി.പി.എമ്മിനെ വെട്ടിലാക്കുന്നു. വി.എസിന്റെ ദേഹവിയോഗത്തിനു പിന്നാലെ, മുന്‍സംസ്‌ഥാനസമിതിയംഗവും എം.എല്‍.എയുമായിരുന്ന പിരപ്പന്‍കോട്‌ മുരളിയാണു വെളിപ്പെടുത്തല്‍ ബോംബുകള്‍ക്കു തിരികൊളുത്തിയത്‌. മുന്‍ എം.പിയും എം.എല്‍.എയുമായിരുന്ന കെ. സുരേഷ്‌കുറുപ്പിന്റെ ഊഴമായിരുന്നു അടുത്തത്‌. വി.എസിന്റെ സന്തതസഹചാരിയായിരുന്ന എ. സുരേഷും പിന്നാലെയെത്തി.

വെളിപ്പെടുത്തല്‍ പരമ്പര ചെറുക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടിയടക്കം രംഗത്തിറങ്ങിയെങ്കിലും പ്രതിരോധം ദുര്‍ബലമായിരുന്നു. ‘ക്യാപിറ്റല്‍ പണിഷ്‌മെന്റ്‌’ പ്രയോഗത്തേക്കാള്‍ വി.എസിനെ വേദനിപ്പിച്ചതു പാര്‍ട്ടിയില്‍ നേരിട്ട അവഗണനയും അവഹേളനവുമാണെന്ന്‌ പഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗമായിരുന്ന എ. സുരേഷ്‌ തുറന്നടിച്ചു. 2012-ലെ തിരുവനന്തപുരം സമ്മേളനത്തില്‍ ഉയര്‍ന്ന ക്യാപിറ്റല്‍ പണിഷ്‌മെന്റ്‌ പരാമര്‍ശത്തില്‍ വി.എസിനു വലിയ വിഷമമുണ്ടായിരുന്നെന്നു സുരേഷ്‌ പറഞ്ഞു. ഇക്കാര്യത്തില്‍ സുരേഷ്‌കുറുപ്പിന്റെ വെളിപ്പെടുത്തല്‍ ശരിവച്ചാണ്‌ സുരേഷിന്റെ രംഗപ്രവേശം.

ആലപ്പുഴ സംസ്‌ഥാനസമ്മേളനം ‘വി.എസ്‌. വധം’ ആട്ടക്കഥയായിരുന്നു. നിരവധി അധിക്ഷേപ പരാമര്‍ശങ്ങള്‍ ഉയര്‍ന്നതോടെയാണ്‌ സമ്മേളനം വി.എസ്‌. ബഹിഷ്‌കരിച്ചത്‌. സമ്മേളനത്തില്‍ വി.എസിനെതിരേ പറഞ്ഞവര്‍ക്കെല്ലാം സ്‌ഥാനക്കയറ്റം കിട്ടി. വി.എസിനെ അധിക്ഷേപിച്ച യുവവനിതാനേതാവ്‌ സംസ്‌ഥാനസമിതിയിലെത്തി. തിരുവനന്തപുരം, ആലപ്പുഴ സമ്മേളനങ്ങളില്‍ സംഘടിത ആക്രമണമാണുണ്ടായതെന്നും വി.എസിനൊപ്പം നിന്നതിനു പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ട സുരേഷ്‌ ആരോപിച്ചു.

വി.എസിനു ‘ക്യാപിറ്റല്‍ പണിഷ്‌മെന്റ്‌’ നല്‍കണമെന്നു പാര്‍ട്ടി സമ്മേളനത്തില്‍ പ്രസംഗമുണ്ടായതു സത്യമാണെന്ന്‌ പിരപ്പന്‍കോട്‌ മുരളിയാണ്‌ ആദ്യം വെളിപ്പെടുത്തിയത്‌. വി.എസിനെ അനുസ്‌മരിച്ച്‌ എഴുതിയ ലേഖനത്തിലായിരുന്നു വെളിപ്പെടുത്തല്‍. പിന്നാലെ, മറ്റൊരു ലേഖനത്തില്‍ സുരേഷ്‌കുറുപ്പ്‌ ഇത്‌ ശരിവച്ചു. എന്നാല്‍, ‘ക്യാപിറ്റല്‍ പണിഷ്‌മെന്റ്‌’ പ്രയോഗത്തില്‍ ആരോപണവിധേയനായ എം. സ്വരാജല്ല, ഒരു യുവവനിതാനേതാവാണ്‌ ആ പരാമര്‍ശം നടത്തിയതെന്നാണു കുറുപ്പ്‌ നല്‍കിയ സൂചന.

തിരുവനന്തപുരം സമ്മേളനത്തില്‍ ഒരു യുവനേതാവ്‌ ഈ പരാമര്‍ശം നടത്തിയെന്ന പിരപ്പന്‍കോടിന്റെ വെളിപ്പെടുത്തല്‍ സി.പി.എം. നിഷേധിച്ചിരുന്നു. അതോടെ വിവാദം കെട്ടടങ്ങുമെന്ന പാര്‍ട്ടി കണക്കുകൂട്ടല്‍ തെറ്റിച്ചാണ്‌, വനിതാനേതാവിലേക്കു വിരല്‍ചൂണ്ടി സുരേഷ്‌കുറുപ്പ്‌ രംഗത്തുവന്നത്‌. ഒരു കൊച്ചുപെണ്‍കുട്ടിയാണ്‌ വി.എസിനു ക്യാപിറ്റല്‍ പണിഷ്‌മെന്റ്‌ വിധിച്ചതെന്നും പേര്‌ വെളിപ്പെടുത്താന്‍ തയാറല്ലെന്നുമാണ്‌ കുറുപ്പ്‌ വ്യക്‌തമാക്കിയത്‌. വി.എസിനെതിരേ താന്‍ എന്തെങ്കിലും മോശമായി പറഞ്ഞതിന്റെ ഒരു തെളിവോ വീഡിയോക്ലിപ്പോ ഹാജരാക്കിയാല്‍ രാഷ്‌ട്രീയം നിര്‍ത്താമെന്നു നിലവില്‍ സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ അംഗമായ എം. സ്വരാജ്‌ അടുത്തിടെ പ്രതികരിച്ചിരുന്നു.

കോട്ടയം ജില്ലാസമ്മേളനത്തില്‍നിന്ന്‌ ഇറങ്ങിപ്പോയ സുരേഷ്‌കുറുപ്പ്‌ ഏറെ നാളായി സി.പി.എമ്മുമായി അകല്‍ച്ചയിലാണ്‌. കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരനുമായി തനിക്കുണ്ടായിരുന്ന അടുപ്പം സുരേഷ്‌കുറുപ്പ്‌ തുറന്നുപറഞ്ഞതും പാര്‍ട്ടിയെ അലോസരപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട ടി.പിയുടെ പോക്കറ്റില്‍നിന്നു പോലീസ്‌ കണ്ടെടുത്ത കോട്ടയത്തേക്കുള്ള ട്രെയിന്‍ ടിക്കറ്റ്‌ തന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി എടുത്തതായിരുന്നെന്നാണു കുറുപ്പ്‌ വെളിപ്പെടുത്തിയത്‌.

ജി. അരുണ്‍

By admin