• Thu. Nov 5th, 2026

24×7 Live News

Apdin News

പി.എസ്.സി. ക്രമക്കേട് ആരോപണം; രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ രാഷ്‌ട്രപതിയെ കണ്ട് ബിജെപി സംഘം

Byadmin

Nov 5, 2026



ന്യൂദൽഹി: കേരള പബ്ലിക് സർവീസ് കമ്മിഷനിലെ (പി.എസ്.സി.) നിയമന ക്രമക്കേടുകൾ, സ്വജനപക്ഷപാതം, രാഷ്‌ട്രീയ ഇടപെടൽ എന്നിവ ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ എം എൽഎ യുടെ നേതൃത്വത്തിൽ ബിജെപി സംഘം രാഷ്‌ട്രപതിയുമായി കൂടിക്കാഴ്‌ച്ച നടത്തി. പി.എസ്.സി. ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെയും കമ്മിഷൻ അംഗങ്ങളെയും നീക്കാൻ ഭരണഘടനാപരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപിമാർ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് നിവേദനം നൽകിയിരുന്നു. മുൻ കേരള ഗവർണർ സമർപ്പിച്ച ശുപാർശയിൽ അടിയന്തര പരിഗണന വേണമെന്നും എംപിമാർ ആവശ്യപ്പെട്ടു.

രാജ്യസഭാ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളായ സി. സദാനന്ദൻ മാസ്റ്റർ, ഡോ. പി.ടി. ഉഷ എന്നിവരാണ് ഒക്ടോബർ 26-ന് രാഷ്‌ട്രപതിക്ക് നിവേദനം സമർപ്പിച്ചത്. വിഷയം നേരിട്ട് അവതരിപ്പിക്കുന്നതിനായി രാഷ്‌ട്രപതിയുടെ കൂടിക്കാഴ്ചയ്‌ക്കും സംഘം സമയം തേടിയിരുന്നു.

2023 ജൂലൈ 13-ന് കേരള സംസ്ഥാന ആസൂത്രണ ബോർഡിലെ ഉയർന്ന തസ്തികകളിലേക്കുള്ള നിയമനത്തിനായി നടത്തിയ പരീക്ഷയിൽ ഗുരുതര ക്രമക്കേട് നടന്നുവെന്നാണ് നിവേദനത്തിലെ പ്രധാന ആരോപണം. 228 ഉദ്യോഗാർഥികളുടെയും ഉത്തരക്കടലാസുകളിൽ 58 മാർക്കിന്റെ പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ വിട്ടുവെന്നാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തലായി നിവേദനത്തിൽ പറയുന്നത്. ഇതിലൂടെ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥിക്ക് അനുകൂല സാഹചര്യമുണ്ടായെന്നും മൂല്യനിർണയത്തിൽ ബോധപൂർവമായ ഇടപെടൽ നടന്നിട്ടുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിച്ചതായും ചൂണ്ടിക്കാട്ടുന്നു.

പി.എസ്.സി. പരീക്ഷകളുമായി ബന്ധപ്പെട്ട് 180 പരാതികൾ പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചെന്നും ഒൻപത് പരീക്ഷകളിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് കണ്ടെത്തിയെന്നും നിവേദനത്തിൽ പറയുന്നു. ഡയറ്റ് ലക്ചറർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ നിയമനങ്ങളിലും യോഗ്യതാ മാനദണ്ഡങ്ങൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളുണ്ടെന്നും ആരോപിക്കുന്നു.

രാഷ്‌ട്രീയ ബന്ധമുള്ള താൽക്കാലിക, കരാർ ജീവനക്കാരെ തുടരാൻ അനുവദിക്കുകയും പി.എസ്.സി. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട അർഹരായ ഉദ്യോഗാർഥികൾക്ക് നിയമനം നിഷേധിക്കുകയും ചെയ്യുന്നുവെന്ന ആരോപണവും നിവേദനത്തിലുണ്ട്. നിയമനത്തിലെ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് റാങ്ക് ഹോൾഡർമാരും ഉദ്യോഗാർഥികളും വിവിധയിടങ്ങളിൽ പ്രതിഷേധം നടത്തിവരുന്നതായും ചൂണ്ടിക്കാട്ടുന്നു.

പി.എസ്.സി. ചെയർമാനും അംഗങ്ങൾക്കും ശമ്പളത്തിലും ആനുകൂല്യങ്ങളിലും 2025-ൽ മുൻ എൽ.ഡി.എഫ്. സർക്കാർ വലിയ വർധന വരുത്തിയെന്നും നിവേദനത്തിൽ പരാമർശിക്കുന്നു. അതേസമയം, ആയിരക്കണക്കിന് യോഗ്യരായ ഉദ്യോഗാർഥികൾ സർക്കാർ ജോലിക്കായി കാത്തിരിക്കുകയാണെന്നും പൊതുപണം ചെലവഴിച്ച് പ്രവർത്തിക്കുന്ന ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യതയും ഉത്തരവാദിത്വവും ഉറപ്പാക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു.

ഭരണഘടനയുടെ 317-ാം അനുച്ഛേദപ്രകാരം മാത്രമേ പി.എസ്.സി. അംഗങ്ങൾക്കെതിരെ നടപടിയെടുക്കാൻ കഴിയൂവെന്നും രാഷ്‌ട്രപതിയുടെ റഫറൻസിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി അന്വേഷണം നടത്തി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കണം തുടർനടപടികളെന്നും നിവേദനത്തിൽ പറയുന്നു. ആരോപണവിധേയരായ അംഗങ്ങൾ തന്നെ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള സാഹചര്യത്തിൽ സ്വതന്ത്രവും നീതിപൂർവവുമായ അന്വേഷണം സാധ്യമാകുമോയെന്ന ആശങ്കയും ഉന്നയിച്ചിട്ടുണ്ട്.

മുൻ ഗവർണറുടെ ശുപാർശ പരിഗണിച്ച് 317-ാം അനുച്ഛേദപ്രകാരമുള്ള ഭരണഘടനാ നടപടികൾ ആരംഭിക്കണമെന്നും ആവശ്യമായ സാഹചര്യത്തിൽ സുപ്രീംകോടതിക്ക് റഫറൻസ് നൽകണമെന്നും രാഷ്‌ട്രപതിയോട് നിവേദനത്തിൽ അഭ്യർഥിക്കുന്നു.

സംഘത്തിൽ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, മുൻ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. അബ്ദുൽ സലാം, മുൻ കേരള പി.എസ്.സി. ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ, മുൻ ഡി.ജി.പി. ഡോ. ജേക്കബ് തോമസ്, മുൻ വനിതാ കമ്മിഷൻ അംഗം ഡോ. പ്രമീളാദേവി, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് വി. മനു പ്രസാദ് എന്നിവരും ഉൾപ്പെടുന്നു.

By admin