
ന്യൂഡൽഹി : ആക്ഷൻ കാണിച്ച് ഭയപ്പെടുത്താൻ ശ്രമിച്ച പാക് ബോക്സറുടെ മുഖത്തിനിട്ട് പഞ്ച് ചെയ്ത് ഇന്ത്യൻ ബോക്സർ മനീഷ് ശർമ്മ. ദുബായിൽ നടന്ന ബോക്സിംഗ് മത്സരത്തിന് മുന്നോടിയായുള്ള പ്രചാരണ പരിപാടിക്കിടയിലാണ് സംഭവം. ഇന്ത്യൻ ഇൻഫ്ലുവൻസറും ബോക്സറുമായ മനീഷ് ശർമ്മ പാകിസ്ഥാനി എതിരാളിയായ റഹീം പർദേശിയെയാണ് ഒറ്റ പഞ്ച് കൊണ്ട് വീഴ്‌ത്തിയത്.
നവംബർ 6 വെള്ളിയാഴ്ച ദുബായിലെ നിക്കി ബീച്ചിൽ നടക്കാനിരിക്കുന്ന ‘ഫ്യൂറി ബൈ ദി സീ – മുക ബോക്സിംഗ്’ (Fury by the Sea – MUKA Boxing) മത്സരത്തിന് മുന്നോടിയായി നടന്ന പ്രചാരണ പരിപാടിയിലാണ് ഈ സംഭവം . ഇന്ത്യ-പാകിസ്ഥാൻ വൈരം കൂടി ചേർന്നതോടെ സംഭവം ഇതിനകം തന്നെ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ഇരുവരും മുഖാമുഖം നിൽക്കുന്നതിനിടെ പർദേശി മോശം വാക്കുകൾ ഉപയോഗിച്ചും ആംഗ്യങ്ങൾ കാണിച്ചും ശർമ്മയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു. തർക്കം രൂക്ഷമായതോടെ നിയന്ത്രണം വിട്ട ശർമ്മ, വേദിയിൽ വെച്ച് പാകിസ്ഥാനി ബോക്സറുടെ മുഖത്തടിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ സംഘർഷം അവിടെയുണ്ടായിരുന്നവരെയും ഞെട്ടിച്ചു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ ഇടപെട്ട് ഇരുവരേയും സമാധാനിപ്പിക്കുകയായിരുന്നു. ഇത് കണ്ടപ്പോൾ ഓർമ്മ വന്നത് ‘സർജിക്കൽ സ്ട്രൈക്ക്’ ആണ് എന്നാണ് പലരും കമന്റ് ചെയ്യുന്നത് .