
ഇവിടെ കാണാം നീതിന്യായങ്ങള്‍ക്ക് വേണ്ടിയുള്ള വനിതകളുടെ ശരിയായ പോരാട്ടം. കൊച്ചിയില്‍ ഭദ്രകീര്‍ത്തിയും തിരുവനന്തപുരത്തു വളര്‍മതിയും അവര്‍ക്കൊപ്പമുള്ളവരും ചോദ്യം ചെയ്യുന്നത് നീതി നിഷേധത്തെയാണ്. അവര്‍ കലാപ ആഹ്വാനം മുഴക്കുന്നില്ല. ദേശ വിരുദ്ധത പറയുന്നില്ല. ഭീകരവാദികളെ പുകഴ്‌ത്തുന്നില്ല. അട്ടിമറിക്കു ശ്രമിക്കുന്നില്ല. നിയമത്തിനു വഴങ്ങിനിന്നുതന്നെ നീതി നിഷേധത്തെ ചോദ്യം ചെയ്യുകയാണവര്‍.
നേഹ ബോറയും അവരെ പുകഴ്‌ത്തിപ്പാടുന്നവരും കേരളത്തിലേക്ക് ഒന്നു നോക്കണം. ഇവിടെ കാണാം നീതിക്ക് വേണ്ടിയുള്ള വനിതകളുടെ ശരിയായ പോരാട്ടം. കൊച്ചിയില്‍ ഭദ്രകീര്‍ത്തിയും തിരുവനന്തപുരത്തു വളര്‍മതിയും അവര്‍ക്കൊപ്പമുള്ളവരും ചോദ്യം ചെയ്യുന്നത് നീതി നിഷേധത്തെയാണ്. അവര്‍ കലാപ ആഹ്വാനം മുഴക്കുന്നില്ല. ദേശ വിരുദ്ധത പറയുന്നില്ല. ഭീകരവാദികളെ പുകഴ്‌ത്തുന്നില്ല. അട്ടിമറിക്കു ശ്രമിക്കുന്നില്ല. നിയമത്തിനു വഴങ്ങിനിന്നുതന്നെ നീതി നിഷേധത്തെ ചോദ്യം ചെയ്യുകയാണവര്‍.
ഭദ്രയുടെ പോരാട്ടം, തെരുവില്‍ പിടഞ്ഞു മരിക്കാന്‍ ഇടയായ അച്ഛന്റെ ആത്മാവിനു നീതി കിട്ടാന്‍ വേണ്ടിയാണ്. വളര്‍മതിയുടേത് തൊഴില്‍ അവസരം നിഷേധിക്കപ്പെട്ട സമൂഹത്തിനുവേണ്ടിയും. പ്രായപൂര്‍ത്തിയാകാത്ത പയ്യന്‍ ഓടിച്ച ആഡംബര കാര്‍ അച്ഛന്റെ ജീവനെടുത്തിട്ടും, കാറോടിച്ചത് ഒരു ജഡ്ജിയുടെ മകനായതുകൊണ്ട് മാത്രം നിയമം കണ്ണടച്ചതാണ് ഭദ്രയെ പോരാളിയാക്കിയത്.
”അച്ഛന്റെ മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോള്‍ അച്ഛനെന്നെ തോളില്‍ തട്ടി വിളിച്ചു പറയുംപോലെ തോന്നി: എനിക്ക് പറ്റിയതെന്തെന്ന് നീ അറിയണം എന്ന്. ആ ഉള്‍വിളിയില്‍ നിന്നാണ് അച്ഛന്റെ മരണത്തിന്റെ കാരണക്കാരെയും അവരെ സംരക്ഷിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന തോന്നലുണ്ടായത്. അത് പിന്നെ ദൃഢനിശ്ചയമായി, പോരാട്ടമായി”.
കൊച്ചി ചേരാനല്ലൂരിലെ കാറപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി ആ ദിവസം ഓര്‍ത്തെടുത്തു.
അച്ഛന് താന്‍ ഇല്ലാതെ പറ്റില്ലെന്ന വിഷമം മനസ്സിലാക്കി ഹൈദരാബാദിലെ ജോലി അവസാനിപ്പിച്ച് മടങ്ങാന്‍ നിന്ന ഭദ്രയെ തേടിയെത്തിയത് അച്ഛന്റെ മരണവാര്‍ത്തയാണ്. മാധ്യമങ്ങളിലുള്‍പ്പെടെ ‘പതിനേഴുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് തട്ടുകടക്കാന്‍ മരിച്ചു’ എന്ന തലക്കെട്ടിലേക്ക് ചുരുങ്ങേണ്ടിയിരുന്ന വാര്‍ത്തയെ വലിയൊരു മാനത്തിലെത്തിച്ചത് മകള്‍ ഭദ്രകീര്‍ത്തിയുടെ ഉറച്ച നിലപാടാണ്. അച്ഛനുവേണ്ടി തുടങ്ങിയ പോരാട്ടം പിന്നെ നീതിക്കുവേണ്ടിയും നീതി നിഷേധത്തിനെതിരെയുമായി. പ്രായപൂര്‍ത്തിയാകാത്തതിന്റെ സകല ഇളവുകളും നല്‍കി, ആ ജഡ്ജിപുത്രനെ, നിയമസംവിധാനം സംരക്ഷിക്കുമ്പോള്‍ നീതി കിട്ടാതെ പോകുന്നത് ഒരു സാധാരണ കുടുംബത്തിനാണ്. മന്ത്രിമാരോ മറ്റ് അധികാരികളോ ബന്ധപ്പെട്ടിരുന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ഇല്ല’ എന്ന ഭദ്ര കീര്‍ത്തിയുടെ മറുപടിക്ക് ശേഷം മാത്രമാണ് ആഭ്യന്തരമന്ത്രി വിളിക്കുന്നതും പോലീസിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണങ്ങള്‍ ഉണ്ടാകുന്നതും. അതിന് മുന്‍പ് ബന്ധുക്കള്‍ ആരോ പ്രതിയുടെ ചിത്രം ഫോണില്‍ എടുത്തത് ജഡ്ജിയുടെ ആവശ്യപ്രകാരം നിര്‍ബന്ധിച്ച് ഡിലീറ്റ് ചെയ്യിച്ചു. അതേ പോലീസുകാര്‍ ഇന്ന് കുറച്ചെങ്കിലും അനുകൂല മനോഭാവത്തോടെ പെരുമാറിയത് കേസ് ഇത്രയും ശ്രദ്ധിക്കപ്പെട്ടതിന് ശേഷമാണ്. തത്കാലം സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണെങ്കിലും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. കോടതിയും പോലീസ് സ്റ്റേഷനും കയറിയിറങ്ങുമ്പോള്‍ അധികൃതര്‍ പറയുന്നത് പ്രതി ഒരു ജഡ്ജിയുടെ മകനാണ്, നിങ്ങളുടെ പ്രതീക്ഷ നിങ്ങള്‍ക്ക് അനുകൂലമാകട്ടെ എന്നാണ്. കാരണം എല്ലാം അവര്‍ക്ക് അനുകൂലമാണ്.
‘വിധി എത്രയെല്ലാം മാറ്റി മറിക്കാന്‍ ശ്രമിച്ചാലും അച്ഛന്റെ ആത്മാവിനു നീതി വാങ്ങിക്കൊടുക്കും വരെ പോരാടും. അച്ഛനാണ് ഈ പോരാട്ടത്തില്‍ എന്നെ നയിക്കുന്നത്. എന്റെ ദൈവവും അച്ഛനാണ്. അച്ഛനില്ലാത്ത ലോകം വിട്ട് അച്ഛന് ഒപ്പംതന്നെ പോകണം എന്ന ചിന്തയില്‍ നിന്ന് എന്നെ പിന്തിരിപ്പിച്ചതും ഇതേ ചിന്ത തന്നെയാണ്,’ ഭദ്ര പറയുന്നു.
‘കാലം മാറുകയാണല്ലോ. കാലഹരണപ്പെട്ട നിയമ സങ്കല്പങ്ങളും മാറണം. കുട്ടികള്‍ക്കുള്ള നിയമങ്ങള്‍ ഇങ്ങനെയാണോ? പ്രായപൂര്‍ത്തിയാകാത്ത ഒരാളെ നിയമംലംഘനത്തിന് സഹായിക്കുന്നുണ്ടെങ്കില്‍ ആ നിയമ വ്യവസ്ഥ മാറുക തന്നെ ചെയ്യണം.’ നിയമവ്യവസ്ഥകളിലെ പഴുതുകളെ ചൂണ്ടി ഭദ്ര പറഞ്ഞു.
നേഹ ബോറയെ പോലെയാകണം തന്റെ മകള്‍ എന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗമുണ്ട് ഈ സമൂഹത്തില്‍. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന അരാജകവാദികളെ പ്രോത്സാഹിപ്പിക്കുന്നവര്‍. എന്നാല്‍ രാജ്യസ്‌നേഹികള്‍ക്ക് ഇന്ന് അഭിമാനമാണ് ഭദ്രകീര്‍ത്തി. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ഭാരതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ ശബ്ദത്തേക്കാള്‍ മുഴക്കമുണ്ട് ഭദ്രയുടെ ശബ്ദത്തിന്. നീതിക്കായി സമീപിക്കുമ്പോള്‍ അധികാരികളില്‍ കാണുന്ന ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റത്തിനു മുന്നിലും നിലപാടില്‍ മാറ്റമില്ലെന്ന് ഉറപ്പിച്ചു പറയുന്ന ഭദ്രയാണ് നാരീശക്തിയുടെ യഥാര്‍ത്ഥ അടയാളം.
തലസ്ഥാന നഗരത്തില്‍, കേരള പിഎസ്സി എല്‍പി സ്‌കൂള്‍ അദ്ധ്യാപക പരീക്ഷയില്‍ റാങ്ക് ലഭിച്ചവര്‍ നിയമനത്തിന് വേണ്ടി അധികാരവര്‍ഗത്തിന്റെ മൂക്കിന് താഴെ മാസങ്ങളോളം സമരം ചെയ്തിട്ടും, പോയ സര്‍ക്കാരും വന്ന സര്‍ക്കാരും അവര്‍ക്ക് മുഖം നല്‍കിയില്ല. അവസാനം സമരത്തിന് നേതൃത്വം നല്‍കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചര്‍(എല്‍പിഎസ്ടി) റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി എസ്. വളര്‍മതിക്ക് തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കേണ്ടി വന്നു. യുവാക്കളുടെ ഭാവി അപകടത്തില്‍ എന്ന് മുറവിളികൂട്ടി ജന്തര്‍ മന്തറിലേക്ക് വണ്ടി കയറിയവരുടെയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരുടെയും കണ്ണില്‍ ഈ നിസ്സഹായത പെട്ടില്ല. വളര്‍മതിയെപോലെ മക്കള്‍ വളരണമെന്ന് ആരും പറഞ്ഞില്ല.
എഴുപതാം പിറന്നാളിന്റെ നിറവില്‍ നില്‍ക്കുമ്പോഴും കേരളം കാണുന്നത് ഭദ്ര കീര്‍ത്തിയുടെയും വളര്‍മതിയുടെയും കണ്ണുനീരാണ്. പ്രതീക്ഷ നഷ്ടമാകുന്ന വാക്കുകളാണ് കേള്‍ക്കുന്നത്.
കുറ്റം ചെയ്ത മകന്, അച്ഛന്റെ അധികാരവും പണവും സംരക്ഷണം ഒരുക്കുന്ന ഇതേ രാജ്യത്ത് മുഖം നോക്കാതെ നീതി നടപ്പാക്കിയ ഒരു രാജാവുണ്ടായിരുന്നു- മനുനീ
തി ചോളന്‍. മനുഷ്യനെന്നോ മൃഗമെന്നോ കണക്കാക്കാതെ നീതി നടപ്പാക്കിയ ഭരണാധികാരി. ഒരു പശുവിന് നീതി നേടിക്കൊടുക്കാന്‍ തന്റെ മകനെന്ന് പോലും കണക്കാക്കാതെ നിയമം കര്‍ശനമായി നടപ്പാക്കിയ രാജാവ്.
പ്രജകള്‍ക്ക് ആര്‍ക്കും എപ്പോഴും എന്തു സഹായത്തിനും വിഷമഘട്ടത്തിലും ആ രാജകൊട്ടാരത്തിനു മുന്നിലെ മണി മുഴക്കി ആവശ്യം അറിയിക്കാമായിരുന്നു. ഒരു ദിവസം ആ മണി മുഴക്കിയത് ഒരു പശുവായിരുന്നു. തന്റെ രാജ്യത്ത് ഒരു പുല്‍ക്കൊടിക്ക് പോലും ദുഃഖം ഉണ്ടാകരുതെന്ന് നിര്‍ബന്ധമുള്ള രാജാവ് പശുവിന്റെ ഭാഗം കേള്‍ക്കാന്‍ വിളിപ്പിച്ചു. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട ദുഃഖമായിരുന്നു പശുവിന് പറയാനുണ്ടായിരുന്നത്. ആ നഷ്ടത്തിന് കാരണം രാജാവിന്റെ മകനായിരുന്നു. രാജാവിന്റെ ഏക മകനായ വീഥിവിഡംഗന്‍ തെരുവില്‍ രഥം ഓടിച്ചു പോകുമ്പോള്‍, പശുവിന്റെ കിടാവ് രഥചക്രത്തിനടിയില്‍പ്പെട്ട് ചത്തു.
പ്രതി തന്റെ മകനാണെന്ന് അറിഞ്ഞിട്ടും, മകനെ രക്ഷിക്കാന്‍ മന്ത്രിമാരുള്‍പ്പടെ പറഞ്ഞിട്ടും രാജാവ് കുലുങ്ങിയില്ല. പശുവിന് കിടാവിനെ നഷ്ടപ്പെട്ട അതേ മാര്‍ഗത്തില്‍ സ്വയം ശിക്ഷിക്കാനും മകന് ശിക്ഷ നല്‍കാനും ആയിരുന്നു തീരുമാനം. അതേ വീഥിയില്‍ മകനെ കിടത്തി രഥം മകന്റെ ദേഹത്തിനുമേലെ കയറ്റിയിറക്കി.
ആ രാജാവ് ഭരിച്ച അതേ നാട്ടിലാണ് മകന്റെ കൈപ്പിഴവില്‍ തെരുവില്‍ ഒരു ജീവന്‍ പൊലിഞ്ഞിട്ടും സര്‍വ സ്വാധീനവും അധികാരവും ഉപയോഗിച്ച് ഒരു വിധികര്‍ത്താവ് മകന് സംരക്ഷണം ഒരുക്കുന്നത്. നീതി നല്‍കേണ്ടവര്‍തന്നെ നീതി നിഷേധിക്കുന്നത്. നിയമപാലന വ്യവസ്ഥ അതിന് കൂട്ടുനില്‍ക്കുന്നത്. അതേ നാട്ടിലാണ് അച്ഛന്റെ മരണത്തില്‍ നീതി ഉറപ്പാക്കാന്‍ ഭദ്ര കീര്‍ത്തിക്കും സഹോദരന്മാരായ ആര്‍ജെ ഭരത് ശങ്കര്‍, ആര്‍ജെ ഭാഗ്യദര്‍ശന്‍ ശക്തി എന്നിവര്‍ക്ക് തെരുവില്‍ പ്രതിഷേധിക്കേണ്ടി വരുന്നത്.
മകനെക്കാള്‍ മനു നീതി ചോളന് വലുത് പശുവിന്റെ കണ്ണുനീരായിരുന്നു. ഭദ്രയുടെയും വളര്‍മതിയുടെയും സംഘത്തിന്റെയും കണ്ണില്‍ നിന്ന് വീഴുന്നതും കണ്ണുനീരാണ്. പക്ഷെ, അതിനുമുന്നില്‍ തുറക്കപ്പെടുന്ന കൊട്ടാരങ്ങളിലല്ലല്ലോ ഇന്നത്തെ തമ്പുരാക്കന്മാരുടെ പള്ളിയുറക്കം.