പാങ്ങപ്പാറ അഭിരാം കൊലക്കേസില്‍ പ്രതിയായ ഉമറിന്റെ പെണ്‍സുഹൃത്തും കസ്റ്റഡിയില്‍. പ്രതികളുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. കൊലപാതകസമയത്ത് ഒന്നാം പ്രതിയായ 17കാരന്‍ ധരിച്ചിരുന്ന വസ്ത്രം വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഒന്നാം പ്രതി 17കാരനും രണ്ടാം പ്രതി ഉമറും മൂന്നാം പ്രതി ഉമറിന്റെ പെണ്‍സുഹൃത്തുമാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള പ്രതിയാണ് ഉമര്‍. ഉമറിന്റെ സുഹൃത്തായ പെണ്‍കുട്ടിക്കും കൊലപാതകത്ത സംബന്ധിച്ച് അറിവുണ്ടായിരുന്നുവെന്ന വിലയിരുത്തലിലാണ് പൊലീസ്. ഇന്നലെ കസ്റ്റഡിയിലെടുത്ത യുവതി ഇപ്പോഴും പൊലിസ് കസ്റ്റഡിയിലാണുള്ളത്.
ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടില്‍നിന്ന് ഇറങ്ങിയ അഭിരാമിനെ പിന്നീട് കാണാതാവുകയായിരുന്നു. അന്നേദിവസം വൈകീട്ട് ആറിനും എട്ടിനും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 17കാരനായ പ്രതി പ്രായപൂര്‍ത്തിയാകാത്തയാളാണ്. രണ്ടാം പ്രതിയായ ഉമര്‍ അബ്ദുല്ല കാപ്പ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്.
ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും മൂന്നാം പ്രതിക്ക് സംഭവത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നുവെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അരുള്‍ ബി. കൃഷ്ണ വ്യക്തമാക്കി. പ്രതികള്‍ അഭിരാമിനെ മാറിമാറി മര്‍ദിച്ചെന്നും കൈകൊണ്ടും ബെല്‍റ്റ് ഉപയോഗിച്ചും ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.
തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി വസ്ത്രങ്ങളും ഫോണും ഉപേക്ഷിച്ചെന്ന പ്രതികളുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമം നടന്നതായും കമ്മീഷണര്‍ പറഞ്ഞു. കൊലപാതകം ആസൂത്രണം ചെയ്തതില്‍ പെണ്‍കുട്ടിയുടെ അറിവും സാന്നിധ്യവും ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.