ലയണല്‍ മെസിയെ കേരളത്തില്‍ എത്തിക്കാമെന്നു വാഗ്ദാനം നല്‍കി വന്‍ സാമ്പത്തിക – സ്‌പോണ്‍സര്‍ഷിപ്പ് ഇടപാടുകളും തട്ടിപ്പുകളും നടത്തിയ കേസില്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന റെയ്ഡും ഉടമ ആന്റോ അഗസ്റ്റിന്റെ അറസ്റ്റും മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ നീക്കമായി ചിത്രീകരിച്ച് ഇരുട്ടുകൊണ്ട് ഓട്ടയടക്കാനുള്ള ശ്രമത്തെ മാധ്യമങ്ങളുടെയാകെയുള്ള വിശ്വാസ്യതയെ തകര്‍ക്കുന്ന ദൗര്‍ഭാഗ്യകരമായ സമീപനമായി മാത്രമേ കാണാനാകൂ.
ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ ഒന്നാം പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് രണ്ടാം പ്രതിയുമായ കേസില്‍ അന്വേഷണത്തിന്റെ ഭാഗമായ സ്വാഭാവികമായ നടപടിക്രമങ്ങള്‍ മാത്രമാണ് ചാനല്‍ ആസ്ഥാനത്ത് നടന്നതെന്നത് പകല്‍പോലെ വ്യക്തമാണ്.
കോടതിയുടെ അനുമതിയോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനക്കിടെ ചാനലിന്റെ സംപ്രേഷണം ഒരു നിമിഷംപോലും തടസപ്പെട്ടിട്ടില്ലെന്നുമാത്രമല്ല, അന്വേഷണ സംഘത്തോട് സഹകരിക്കുന്നതിന് പകരം തട്ടിക്കയറുന്നതും ആവശ്യമായ രേഖകള്‍ കൈമാറുന്നതില്‍ വിമുഖത കാണിക്കുന്നതുമെല്ലാം ജനം ലൈവായി കണ്ടതുമാണ്.
കോടതി വാറന്റോടു കൂടിയാണ് ഉദ്യോഗസ്ഥര്‍ ഓഫീസില്‍ പരിശോധനക്കെത്തിയത്. എന്നാല്‍, ഇത് കൈപ്പറ്റാനോ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് തുറക്കാനോ ആരും തയ്യാറായിരുന്നില്ല.
മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നല്‍കി സര്‍ക്കാറിനെ വഞ്ചിക്കുകയും കായിക കേരളത്തെ ചതിക്കുകയും ചെയ്ത കേസില്‍ പ്രാഥമിക അന്വേഷണത്തില്‍ തട്ടിപ്പ് കൃത്യമായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കായികവകുപ്പ് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്‌നല്‍കിയത്. കത്ത് പരിശോധിച്ച മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിക്ക് കൈമാറുകയും ആഭ്യന്തരവകുപ്പ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയുമായിരുന്നു.
നിയമപരമായ നടപടികളുമായി എസ്.ഐ.ടി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായാണ് സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ആസ്ഥാനത്ത് അന്വേഷണസംഘം എത്തിയത്.
ന്യൂസ്‌റൂമും അഡ്മിനിസ്‌ട്രേറ്റ് ഓഫീസും ഒരേസ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ആസ്ഥാനത്ത് നടന്ന പരിശോധനയെയാണ് മാധ്യമസ്വാതന്ത്ര്യത്തിന്റെ മേല്‍ നടന്നിട്ടുള്ള കടന്നുകയറ്റമായും മാധ്യമസ്ഥാപനത്തിനുനേരെ നടന്ന ഭീകരതയായുമെല്ലാം ചിത്രീകരിക്കപ്പെടുന്നത്. ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കുന്ന ഈ സമീപനം വ്യക്തമാക്കുന്നത് മടിയില്‍ കനമുള്ളവന്റെ വഴിയിലെ ഭയമാണെന്നതാണ്.
സ്‌പോണ്‍സര്‍ഷിപ് വന്ന വഴി, സര്‍ക്കാര്‍ അനുമതിക്ക് മുമ്പേ അര്‍ജന്റീനയുമായുള്ള കരാര്‍ ഒപ്പിട്ടത്, കലൂര്‍ സ്റ്റേഡിയം കരാര്‍ ഇല്ലാതെ കൈവശം വെച്ചത്, വിദേശത്തേക്ക് പണം അയച്ചതിന്റെ ഉറവിടം, പണം വന്ന വഴി, ഫെമ ചട്ടം ലംഘിച്ചുള്ള പണം കൈമാറ്റം എന്നിവ സംബന്ധിച്ച കാര്യങ്ങളാണ് അന്വേഷണ സംഘം തേടുന്നത്.
ഈ കാര്യങ്ങളിലെല്ലാം എസ്.ഐ.ടിക്ക് ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരവകുപ്പ് മന്ത്രിതന്നെ വ്യക്തമാക്കിയിരിക്കുകയുമാണ്. കേസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിന്റെ കോര്‍പ്പറേറ്റ് ഓഫീസിലും ആന്റോ അഗസ്റ്റിന്റെ വസതികളിലുമടക്കം അഞ്ചിടങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തി.
ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ കുടുംബ വീട്ടില്‍ എസ്.ഐ.ടി നടത്തിയ റെയ്ഡില്‍ വിദേശമദ്യത്തിന്റെ വന്‍ശേഖരം പിടികൂടിയിരുന്നു. ലാപ്‌ടോപ്, ഫോണ്‍ ഉള്‍പ്പെടെ ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു. പരിശോധനയ്ക്കിടെ 67.5 ലിറ്റര്‍ മദ്യവും വൈനും ആണ് കണ്ടെത്തിയത്. വ്യാജ മദ്യവും ഇതിലുണ്ട്. ഈ കേസില്‍ അദ്ദേഹം ജയിലിലായിരിക്കുകയുമാണ്.
മാധ്യമപ്രവര്‍ത്തനത്തെ തട്ടിപ്പിനും വെട്ടിപ്പിനും മറയായി ഉപയോഗപ്പെടുത്തുമ്പോള്‍ അതിന് തടയിടുകയും മഹിതമായ മലയാള മാധ്യമരംഗത്തിന്റെ പാരമ്പര്യത്തിനുമേല്‍ കോടാലിവെക്കുന്ന ഇത്തരംപുഴുക്കുത്തുകളെ തൂത്തെറിയുകയും ചെയ്യുന്നതിന് പകരം അതിന് പ്രതിരോധം സൃഷ്ടിക്കുകയും ന്യായീകരണം കണ്ടെത്തുകയും ചെയ്യുന്നവര്‍ ഈ മേഖലയുടെ വിശ്വാസ്യതയുടെ കടക്കല്‍ കത്തിവെക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.
ഭരണകൂടത്തിന്റെ മാത്രമല്ല, സമൂഹത്തില്‍ എവിടെയും അരങ്ങേറുന്ന അഴിമതിയെയും അനീതിയെയും തുറന്നുകാട്ടേണ്ടവര്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരുടെ കോടാലിക്കൈകളായി മാറുകയെന്നത് എത്രമാത്രം അപകടകരമാണ്.
നിഷ്പക്ഷവും നീതിയുക്തവുമായ മാധ്യമപ്രവര്‍ത്തനം വലിയവെല്ലുകളിലൂടെ കടന്നുപോകുമ്പോള്‍ ആ വെല്ലുവളികളുടെ ഭാഗമായി മാധ്യമ സ്ഥാപനങ്ങളും മേധാവികളും മാറുകയും മാധ്യമപ്രവര്‍ത്തകര്‍ എന്ന ലേബലുള്ളവര്‍ അതിന് കുടപിടിക്കുകയും ചെയ്യുമ്പോള്‍ വേലിതന്നെ വിള തിന്നുകയാണ്.
സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി തലമറന്ന് എണ്ണതേക്കുന്നവര്‍ സമൂഹത്തിനുമുന്നില്‍ തലയില്‍ മുണ്ടിട്ടുനടക്കേണ്ടിവരുന്ന കാലം വിദൂരമല്ലെന്നതാണ് എസ്.ഐ.ടി അന്വേഷണം പുരോഗമിക്കുംതോറും വ്യക്തമാകുന്നത്.
മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടപ്പെട്ട ഒരു പതിറ്റാണ്ടാണ് കേരളത്തില്‍ കഴിഞ്ഞുപോയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭരണസിരാകേന്ദ്രത്തിന്റെ പടിക്കല്‍പോലും ഇടമില്ലാതിരുന്ന ആ ഇരുണ്ടകാലത്താണ് നിരവധി മാധ്യമസ്ഥാപനങ്ങളില്‍, ഭരണകൂടത്തിന് അഹിതമായ വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരില്‍ നരനായാട്ട് നടന്നത്.
ആ കാലത്ത് മൗനത്തിന്റെ മഹാമാളത്തില്‍ ഒളിച്ച പലരും ഒരു മാധ്യമ സ്ഥാപനത്തെ മറയാക്കി നടത്തിയ തീവെട്ടിക്കൊള്ള പുറത്തുകൊണ്ടുവരുമ്പോള്‍ ധാര്‍മികരോഷത്താല്‍ എരിപൊരികൊള്ളുന്നതിലൂടെ സ്വയംപരിഹാസ്യരായിത്തീരുകയാണ് ചെയ്യുന്നത്.
The post പുകമറയല്ല മാധ്യമസ്വാതന്ത്ര്യം appeared first on .