• Fri. Sep 18th, 2026

24×7 Live News

Apdin News

പിടിമുറുക്കാന്‍ ബേബി; അയയാതെ പിണറായി പക്ഷം

Byadmin

Sep 18, 2026


ആലപ്പുഴ: മാറിയ സാഹചര്യത്തില്‍ സിപിഎമ്മിലെ കേരള ഘടകത്തില്‍ കരുത്തനാകാന്‍ ജനറല്‍ സെക്രട്ടറി എം. എ. ബേബി നീക്കം തുടങ്ങി. പിണറായി വിജയന്റെ സമ്പൂര്‍ണ ആധിപത്യത്തില്‍ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടവരുടെയും പുറത്തുപോയവരുടെയും കൈപിടിക്കാന്‍ ബേബി ശ്രമം തുടങ്ങിയത് ഇതിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കോഴിക്കോട് വിശാല സംസ്ഥാന നേത്യയോഗത്തിന് ശേഷം ബേബിയുടെ തുടര്‍ച്ചയായ പ്രസ്താവനകളില്‍ പൂറത്തുപോയവര്‍ തിരിച്ചെത്തണമെന്ന നിലപാട് ആവര്‍ത്തിച്ചു. പാര്‍ട്ടിയുമായി നേരിട്ട് ഏറ്റുമുട്ടിയ എം. വി. രാഘവന്റെയും, മറ്റൊരു പാര്‍ട്ടിയുണ്ടാക്കി വെല്ലുവിളിച്ച കെ. ആര്‍. ഗൗരിയമ്മയുടേയും അവസാനകാലഘട്ടത്തിലെ നിലപാടുകള്‍ സൂചിപ്പിച്ചാണ് ബേബി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

കാല്‍ നൂറ്റാണ്ടിലേറെ പാര്‍ട്ടിയെ സമ്പൂര്‍ണമായി അടക്കിഭരിച്ച പിണറായി വിജയന്റെ ആധിപത്യത്തിന് ഇടിവു തട്ടിയത് അവസരമായി കണ്ട് പിടിമുറുക്കാനാണ് ബേബിയും, അദ്ദേഹത്തിനെ അനുകൂലിക്കുന്നവരും ശ്രമിക്കുന്നത്. നേരത്തെ വിഎസ് പക്ഷക്കാരെന്ന പേരില്‍ നിരവധി പേരെയാണ് വെട്ടിനിരത്തിയത്. പലരും പാര്‍ട്ടി അംഗത്വത്തില്‍ മാത്രം ഒതുങ്ങി, ചിലരെ നടപടിയെടുത്തു പുറത്താക്കി, മറ്റു ചിലര്‍ അംഗത്വം പോലും പുതുക്കാതെ പിന്‍വാങ്ങി. ഇക്കാലയളവിലെല്ലാം പിണറായിക്ക് മുന്നില്‍ അടിയുറച്ച് നിന്നവരാണ് ബേബിയും അനുകൂലികളും. കോടിയേരി ബാലകൃഷ്ണന്റെ പിന്‍ഗാമിയായി എം. വി. ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതോടെയാണ് പിണറായിക്ക് പിന്നില്‍ അടിയുറച്ച് നിന്നിരുന്ന കണ്ണൂര്‍ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായത്.

അതിന് മുന്‍പ് തന്നെ പി. ജയരാജനെ ആസൂത്രിതമായി ഒതുക്കി. എന്നാല്‍ സംഘടനാ രംഗത്ത് എം. വി. ഗോവിന്ദന്‍ പരാജയപ്പെട്ടതോടെ പിണറായി വിജയനെതിരെ പാര്‍ട്ടിയില്‍ അപശബ്ദങ്ങള്‍ ഉയര്‍ന്നു തുടങ്ങി. എം. വി. ഗോവിന്ദന്‍ നയിച്ച കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്കും മുന്നണിക്കും ദയനീയ പരാജയമാണ് ഉണ്ടായത്. ഗോവിന്ദന്റെ പല നിലപാടുകളോടും ഭിന്നാഭിപ്രായം പുലര്‍ത്തിയ നേതാക്കളെ അവഗണിച്ച് പുറന്തള്ളുന്ന നിലപാടാണ് സ്വീകരിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവില്‍ ജി. സുധാകരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പുറത്തുപോയതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഗോവിന്ദന്റെ നിലപാടുകളായിരുന്നു. പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ജി. സുധാകരനുമായി ബന്ധപ്പെട്ട ചോദ്യത്തിന് പത്രസമ്മേളനത്തില്‍ എം. വി. ഗോവിന്ദന്‍ പരിഹസിച്ച ചിരിച്ചത് വിവാദമായിരുന്നു. ഇക്കാര്യം സുധാകരന്‍ തുറന്നു പറയുകയും ചെയ്തു. പാര്‍ട്ടി സെക്രട്ടറി സ്ഥാനം പിണറായി വിജയന് മുന്നില്‍ അടിയറവ് വച്ച എം. വി. ഗോവിന്ദനെ സംരക്ഷിക്കാന്‍ വിശാല സംസ്ഥാന നേതൃയോഗത്തില്‍ ആരുമുണ്ടായില്ല. ഇ ഡി അന്വേഷണത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന പിണറായി വിജയനാകട്ടെ ഗോവിന്ദനെ ബലിയാടാക്കി തനിക്കും കുടുംബത്തിനും പാര്‍ട്ടി പിന്തുണ ഉറപ്പാക്കി.

പി. ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞെങ്കിലും തോമസ് ഐസക്കിനെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതിരുന്നത് ബേബിക്ക് ക്ഷീണമായി. പിണറായി വിജയന്റെ വെട്ടിനിരത്തലിന് ഇരയായി ഒതുക്കപ്പെട്ടവരെയും പുറത്തുപോയവരെയും പാര്‍ട്ടിയുടെ മുഖ്യധാരയിലെത്തിച്ച് കരുത്ത് വര്‍ദ്ധിപ്പിക്കാനാണ് ബേബി അനുകൂലികള്‍ ശ്രമിക്കുന്നത്.

ഇപ്പോഴും ജില്ലാ കമ്മറ്റികളില്‍ വ്യക്തമായ ആധിപത്യം പിണറായി അനുകൂലികള്‍ക്ക് ഉള്ളതിനാല്‍ ഇത് എത്രമാത്രം വിജയിക്കുമെന്ന് കണ്ടറിയണം. വിശാല സംസ്ഥാന നേതൃയോഗത്തിന് പിന്നാലെ കീഴ്ഘടകങ്ങളിലും സമാന രീതിയില്‍ യോഗങ്ങള്‍ ആരംഭിക്കുന്നതോടെ നിലവിലെ വിഭാഗീയത വീണ്ടും ശക്തമാകുമോയെന്നും ആശങ്ക നേതൃത്വത്തിനുണ്ട്.

 



By admin