• Fri. Jul 18th, 2025

24×7 Live News

Apdin News

പുത്തുമലയിലെ ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് കാണിച്ച് തരുന്നവർക്ക് ഒരു കോടി രൂപ ഇനാം; പി.കെ ഫിറോസ് – Chandrika Daily

Byadmin

Jul 18, 2025


കോഴിക്കോട് : പുത്തുമലയിലെ ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് കാണിച്ച് തരുന്നവർക്ക് ഒരു കോടി രൂപ ഇനാം നൽകുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. പുത്തുമല ദുരന്തത്തെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയെ പോലെ തന്നെയാകുമോ ഇപ്പോൾ പ്രഖ്യാപിച്ച സർക്കാറിൻ്റെ പുനരധിവാസ പദ്ധതിയെന്നും ഇരകൾ ഭയപ്പെടുകയാണ്. പുത്തുമലയിൽ 103 കുടുംബങ്ങൾക്ക് 11.4 ഏക്കറിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ടൗൺഷിപ്പ് കള്ളാടി വാഴക്കാല എസ്റ്റേറ്റിൽ നിർമ്മിക്കുമെന്നായിരുന്നു സർക്കാറിൻ്റെ പ്രഖ്യാപനം.

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്ക് പുനരധിവാസത്തിനായി 763 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാളികളും അല്ലാത്തവരുമായ മനുഷ്യസ്നേഹികൾ സംഭാവന നൽകിയത്. സർക്കാറിൻ്റെ കണക്ക് പ്രകാരം 402 കുടുംബങ്ങൾക്കാണ് വീട് നഷ്ടപ്പെട്ടത്. ഇതിൽ മുസ്‌ലിം ലീഗിൻ്റെ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട 87 എണ്ണവും വിവിധ സന്നദ്ധ സംഘടനകൾ നൽകുന്ന നൂറിലധികം വീടുകളും ചേർന്നാൽ ഇരുന്നൂറോളം വീടുകൾ സർക്കാർ ഇതര പദ്ധതികളിലൂടെ നിർമ്മിക്കുന്നുണ്ട്. വീട് നഷ്ടപ്പെട്ട മൂന്ന് പോലീസുകാർക്ക് സർക്കാർ പദ്ധതിയെ കാത്ത് നിൽക്കാതെ പൊലീസ് അസോസിയേഷൻ തന്നെ വീട് നിർമ്മിച്ച് കൈമാറിയത് ആഭ്യന്തര വകുപ്പിൻ്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രിയെ വിശ്വാസമില്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം പരിഹസിച്ചു. സർക്കാർ നിർമ്മിക്കേണ്ട വീടുകൾക്ക് സ്ഥലവും അനുബന്ധ ചെലവുകളും ഉൾപ്പടെ ഏകദേശം നൂറ് കോടി രൂപ ചിലവായാലും ബാക്കി 660 കോടി രൂപ ഉണ്ട്.

ദുരന്തത്തിൽ കൃഷിഭൂമിയും വിളകളും കടകളും ടാക്സി വാഹനങ്ങളും റിസോർട്ടുകൾ ഉൾപ്പടെ കോടികൾ നഷ്ടമുണ്ടായവർക്ക് ഒരു വർഷമായിട്ടും ഒരു രൂപ പോലും സർക്കാർ നൽകിയിട്ടില്ലെന്നും ഫിറോസ് കുറ്റപ്പെടുത്തി. ദുരന്തബാധിതരോട് കേന്ദ്ര കേരള സർക്കാറുകൾ കാണിക്കുന്ന നീതി നിഷേധത്തിനെതിരെ ജൂലായ് 29 ന് പുത്തുമലയിലെ പൊതുശ്മശാന ഭൂമിയിൽ നിന്നും ആരംഭിച്ച് വയനാട് കലക്ട്രേറ്റിലേക്ക് ലോങ്ങ് മാർച്ച് സംഘടിപ്പിക്കുമെന്നും ഫിറോസ് വ്യക്തമാക്കി. മുസ്‌ലിംലീഗ് പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്കെതിരെ ഉയർന്ന് വരുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്. എല്ലാ രേഖകളുമുള്ള നിർമ്മാണ യോഗ്യമായ ഭൂമിയാണ് മുസ്‌ലിം ലീഗ് ഏറ്റെടുത്തത്. മുസ്‌ലിം ലീഗ് വില കുറഞ്ഞ ഭൂമിയാണ് ഉയർന്ന വിലക്ക് വാങ്ങിയതെന്ന് വാർത്ത കൊടുത്ത മാധ്യമപ്രവർത്തകരെ പരിശോധിക്കാൻ വയനാട്ടിലേക്ക് ക്ഷണിക്കുകയാണെന്നും മുസ്‌ലിം ലീഗ് വാങ്ങിയ ഭൂമിക്ക് സമാനമായി മാർക്കറ്റ് വിലകുറഞ്ഞ ഭൂമി കണ്ടെത്തിയാൽ ഏറ്റെടുക്കാൻ തയ്യാറാണെന്നും ഫിറോസ് വെല്ലുവിളിച്ചു.



By admin