കൊൽക്കത്ത ; ബംഗാളിലെ ഫാൽറ്റ അസംബ്ലി മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയും , ഗുണ്ടയുമായ ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് സംസ്ഥാന പോലീസിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്തു.
ജഹാംഗീർ നേപ്പാൾ വഴി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) സംഘം ഇയാളെ പിടികൂടിയത് . ഇയാളെ കൊൽക്കത്തയിലേക്ക് കൊണ്ടുവരും.
മെയ് 21 ന് നടന്ന ഫാൽറ്റ അസംബ്ലി ഉപതിരഞ്ഞെടുപ്പിന് മുമ്പാണ് ജഹാംഗീർ ഖാൻ മാധ്യമ ശ്രദ്ധ ആകർഷിച്ചത് . വോട്ടെടുപ്പിന് 48 മണിക്കൂർ മുമ്പ് നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം മത്സരത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്.
എന്നാൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതിനാൽ, അദ്ദേഹത്തിന്റെ പേര് തൃണമൂൽ സ്ഥാനാർത്ഥിയായി നിലനിന്നു. മെയ് 24 ന് പ്രഖ്യാപിച്ച ഫലങ്ങളിൽ, ബിജെപി 19,000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ ജഹാംഗീർ 7,783 വോട്ടുകൾ മാത്രം നേടി നാലാം സ്ഥാനത്തെത്തി. ഫലപ്രഖ്യാപനത്തിനുശേഷം അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
ജഹാംഗീറിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായ കുറ്റവുമുണ്ട് ഇയാൾക്കെതിരെയുണ്ട് . കോടതിയിൽ നിന്ന് ഇടയ്‌ക്ക് നിയമപരമായ സംരക്ഷണവും ലഭിച്ചു. എന്നാൽ മെയ് 26 ന് കൽക്കട്ട ഹൈക്കോടതി അദ്ദേഹത്തിന് നൽകിയിരുന്ന എല്ലാ സംരക്ഷണങ്ങളും പിൻവലിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത്, ഫാൽറ്റ പ്രദേശത്തെ പല ബൂത്തുകളിലും ക്രമക്കേടുകൾ നടന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു . ഇവിഎം തട്ടിപ്പ് സംബന്ധിച്ച പരാതികളെത്തുടർന്ന്, തിരഞ്ഞെടുപ്പ് കമ്മീഷൻ അവിടെ വീണ്ടും വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചു.
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ സൗത്ത് 24 പർഗാനാസിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പ്രത്യേക പോലീസ് നിരീക്ഷകനും ഉത്തർപ്രദേശ് കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനുമായ അജയ് പാൽ ശർമ്മ, ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്ന് പറഞ്ഞ് ജഹാംഗീർ ഖാനെ താക്കീത് ചെയ്തിരുന്നു.അല്ലു അര്‍ജുന്‍ നായകനായ പുഷ്പ എന്ന സിനിമയിലെ പുഷ്പയാണ് താനെന്ന് പറഞ്ഞാണ് ജഹാംഗീര്‍ ഖാൻ സുവേന്ദു അധികാരിയെ വെല്ലുവിളിച്ചത്. അതിനു മറുപടിയായി ‘ ഞാന്‍ ഈ പുഷ്പയെ വ്യക്തിപരമായി വേണ്ടവിധത്തില്‍ കൈകാര്യം ചെയ്തോളാം ‘ എന്നും സുവേന്ദു അധികാരി പറഞ്ഞിരുന്നു.