• Mon. Jun 8th, 2026

24×7 Live News

Apdin News

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

Byadmin

Jun 8, 2026


തിരുവനന്തപുരം ∙ പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി.സതീശനെതിരെ ‘നുണേശൻ’ എന്ന പേരിൽ പ്രചാരണം നടത്തിയ സർക്കാർ ജീവനക്കാർക്കെതിരെ അന്വേഷണം തുടങ്ങി. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.

സിപിഎം അനുഭാവികളായ ജീവനക്കാരാണ് പ്രചാരണത്തിന് പിന്നിൽ. എകെജി സെന്ററിലെ സമൂഹമാദ്ധ്യമ സംഘവുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. സർക്കാർ ജീവനക്കാർ രാഷ്‌ട്രീയ പ്രചാരണത്തിന്റെ ഭാഗമാകരുതെന്ന ചട്ടം ലംഘിച്ചെന്നു കാട്ടിയാണ് അന്വേഷണം. ‘നുണേശൻ’ പ്രചാരണത്തിന്റെ ഭാഗമായിരുന്നെന്നു കരുതുന്ന, പബ്ലിക് റിലേഷൻസ് വകുപ്പിലെ അസിസ്റ്റന്റ് എഡിറ്ററെ അന്വേഷണം വരുന്നെന്നറിഞ്ഞ് ഒരു സിപിഎം എംഎൽഎയുടെ പിഎ ആയി സ്ഥലംമാറ്റിയിരുന്നു.

ശിക്ഷാനടപടിയായി ഉണ്ടായേക്കാവുന്ന സ്ഥലംമാറ്റത്തിൽനിന്ന് ഒഴിവാക്കാനായിരുന്നു ഇത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പിആർഡിയിൽനിന്ന് വർക്ക് അറേഞ്ച്മെന്റ് വ്യവസ്ഥയിലാണ് ഇദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫിസിൽ പ്രവർത്തിച്ചത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണകാലയളവും പിണറായി സർക്കാരിന്റെ ഭരണകാലവും തമ്മിൽ താരതമ്യം ചെയ്ത് മാധ്യമങ്ങളിൽ പരസ്യം നൽകിയതിനെക്കുറിച്ചും ഉടൻ അന്വേഷണം വരും.

രാഷ്‌ട്രീയ താൽപര്യത്തോടെ ഇരു സർക്കാരുകളെ താരതമ്യം ചെയ്തു പരസ്യം തയാറാക്കിയത് അച്ചടക്കലംഘനമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. പരസ്യം തയാറാക്കിയവരെയും ഫയൽ കൈകാര്യം ചെയ്തവരെയും ലക്ഷ്യമിട്ടാണ് അന്വേഷണം. മുഖ്യമന്ത്രിക്കു കീഴിലെ പിആർഡി വകുപ്പിന്റെ തലപ്പത്ത് ഉടൻ മാറ്റത്തിനും നീക്കമുണ്ട്.



By admin