കോട്ടയം : പൂച്ചയുടെ മാന്തലേറ്റ് ചികിത്സയിലായിരുന്ന 11-കാരി മരിച്ചു. പന്തളം കടക്കാട് സുമയ്യ മൻസിലിൽ അഷറഫിന്റെ മകൾ ഹന്ന അഷറഫാണ് മരിച്ചത്. പേവിഷബാധയാണോ മരണകാരണമെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
ജൂലൈ രണ്ടിനാണ് കുട്ടിയെ പൂച്ച മാന്തിയത്. മുറിവേറ്റതിനാല്‍ കുട്ടിയെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചു. വാക്‌സിനെടുക്കാനായി ഇവിടെ നിന്ന് കുട്ടിയെ അടൂരിലെ താലൂക്ക് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു . പ്രതിരോധ കുത്തിവയ്‌പ്പെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയും രണ്ടാമത്തെ കുത്തിവയ്പ്പിനായി തിങ്കളാഴ്ച പന്തളത്തെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പോകുകയും ചെയ്തിരുന്നു. പിന്നാലെ ചില അസ്വസ്ഥതകൾ ഉണ്ടായതോടെ വീണ്ടും പത്തനംതിട്ടയിലെ ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുമ്പോഴാണ് മരണം സംഭവിച്ചത് . മരണകാരണം പൂച്ചയുടെ കടിയേറ്റല്ല എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം . മരണ കാരണം കണ്ടെത്തുന്നതിന് സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു .