കോഴിക്കോട്: പേരാമ്പ്രയിൽ ലഹരി സംഘം പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഉൾപ്പെടെ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറ്റ്യാടി കോവുമ്മൽ സ്വദേശി അഫ്രീദ് (23), പേരാമ്പ്ര പുറ്റംപൊയിൽ സ്വദേശി ഷംസീർ (29), പാലക്കാട് എടത്തനാട്ടുകര സ്വദേശി റിൻഷ ഫാത്തിമ(22), കൊല്ലം കടപ്പാക്കട സ്വദേശി സംഗീത (22), മലപ്പുറം സ്വദേശി 16 കാരി തുടങ്ങിയവരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്.
പ്രതികളിൽ നിന്നും 2.157 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. അഫ്രീദ് മുൻപും ലഹരി കേസുകളിൽ പിടിയിലായിട്ടുണ്ട്. പേരാമ്പ്ര പാണ്ടിക്കോട് വെച്ചാണ് ഡാൻസഫ് സ്‌ക്വാഡ് ഇവരെ പിടികൂടിയത്. പരിശോധക്കിടെയാണ് ലഹരി സംഘത്തിൽ ഉണ്ടായിരുന്നവർ പോലീസിനെ ആക്രമിച്ചത്. തുടർന്ന് കൂടുതൽ പോലീസ് എത്തിയാണ് ഇവരെ കീഴടക്കിയത്. ഇന്ന് രാവിലെ 7.30 യോടെയായിരുന്നു സംഭവം.
സംസ്ഥാനത്ത് ലഹരിവേട്ടയ്‌ക്ക് എതിരെ ഓപ്പറേഷന്‍ തൂഫാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിക്കൊണ്ടിരിക്കുകയാണ്. പദ്ധതി ആരംഭിച്ചതിന് ശേഷം നിരവധി പേരെ അറസ്റ്റ് ചെയ്യുകയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. പാലക്കാട് ഓപ്പറേഷൻ തൂഫാൻ സംഘത്തിനെതിരെയും നേരത്തെ ആക്രമണം ഉണ്ടായിരുന്നു. ഹേമാംബിക നഗറിലെ വനിതാ ഉദ്യോഗസ്ഥരുള്‍പ്പടെ മൂന്ന് പോലീസുകാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.