തിരുവനന്തപുരം: പോലീസ് ഒത്താശയിൽ കേരള സർവകലാശാല ആസ്ഥാനം കയ്യടക്കി എസ്എഫ്ഐ. പോലീസിനെ നോക്കുകുത്തിയാക്കി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് തള്ളിക്കയറിയ പ്രവർത്തകർ വാതിലുകൾ തള്ളി തുറന്ന് ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന വി സിയുടെ ചേമ്പറിലേക്ക് എത്തുകയായിരുന്നു. ഈ സമയം കാഴ്ചക്കാരായി പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചു.
പോലീസ് പ്രതിരോധം നിഷ് പ്രയാസം മറികടന്ന് സെനറ്റ് ഹാളിലേക്ക് പ്രവർത്തകർ ഇരച്ചുകയറി. ഗവർണറും ചാൻസലറുമായ രാജേന്ദ്ര ആർലേക്കറിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തർ എത്തിയത്. വിസിയുടെ ഓഫീസിലേക്ക് കടക്കാനുള്ള വഴികളെല്ലാം ബലം പ്രയോഗിച്ച് തുറന്നാണ് പ്രവർത്തകർ ഉള്ളിലേക്ക് കടന്നത്.
സർവകലാശാലയുടെ കെട്ടിടത്തിന്റെ ജനലുകൾ വഴി ചിലർ ഉള്ളിൽ കടന്ന് വാതിലുകൾ തുറന്നു. മറ്റുള്ളവരെ ഇതുവഴിയാണ് അകത്തേക്ക് കടത്തിവിട്ടത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നെങ്കിലും കയ്യുംകെട്ടി നോക്കി നിൽക്കുകയായിരുന്നു. സർവകലാശാലയിലെ പടിക്കെട്ടുകളിലും മറ്റും പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എല്ലാ സുരക്ഷാ സന്നാഹങ്ങളും നിഷ്പ്രയാസം മറികടന്ന് സർവകലാശാല വളപ്പിൽ കയറി പ്രതിഷേധക്കാർ.
സമീപകാലത്തൊന്നും കാണിച്ചിട്ടില്ലാത്ത സംയമനമാണ് പോലീസ് കാണിച്ചത്. ഒന്നര മണിക്കുറിനു ശേഷമാണ് പ്രവർത്തകരെ ബലം പ്രയോഗിച്ച് പോലീസ് ബസുകളിൽ നീക്കിയത്.