• Sat. Jul 5th, 2025

24×7 Live News

Apdin News

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അർജന്റീനയിൽ ലഭിച്ചത് ഊഷ്മളമായ സ്വീകരണം ; ബ്യൂണസ് അയേഴ്‌സിൽ ഇന്ന് നടക്കുക സുപ്രധാന ചർച്ചകൾ

Byadmin

Jul 5, 2025


ബ്യൂണസ് അയേഴ്‌സ്: പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിലെത്തി. 57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി അർജന്റീനയിലേക്ക് നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. എസീസ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ അദ്ദേഹത്തിന് ഗംഭീരമായ സ്വീകരണമാണ് നൽകിയത്.

രണ്ട് ദിവസത്തെ ഈ സന്ദർശനത്തിൽ അർജന്റീന പ്രസിഡന്റ് ജാവിയർ മിലിയുമായി അദ്ദേഹം ഒരു സുപ്രധാന കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, പുനരുപയോഗ ഊർജ്ജം, വ്യാപാരം, നിക്ഷേപം തുടങ്ങിയ നിരവധി പ്രധാന മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് മിലിയും തമ്മിൽ ചർച്ചകൾ നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ സന്ദർശനം ഇന്ത്യയും അർജന്റീനയും തമ്മിലുള്ള ബഹുമുഖ തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതൽ ആഴത്തിലാക്കും എന്ന് മന്ത്രാലയം പറഞ്ഞു.

“ലാറ്റിൻ അമേരിക്കയിലെ ഞങ്ങളുടെ പ്രധാന സാമ്പത്തിക പങ്കാളിയും ജി 20 ലെ അടുത്ത സഖ്യകക്ഷിയുമാണ് അർജന്റീന. കഴിഞ്ഞ വർഷം ഞാൻ കണ്ടുമുട്ടിയ പ്രസിഡന്റ് ജാവിയർ മിലിയെ കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കൃഷി, നിർണായക ധാതുക്കൾ, ഊർജ്ജം, വ്യാപാരം, ടൂറിസം, സാങ്കേതികവിദ്യ, നിക്ഷേപം തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും.” – അർജന്റീനയിലേക്ക് പോകുന്നതിനുമുമ്പ് പ്രധാനമന്ത്രി മോദി തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചിരുന്നു.

അതേ സമയം അർജന്റീനയിലേക്കുള്ള പ്രധാനമന്ത്രി മോദിയുടെ രണ്ടാമത്തെ സന്ദർശനമാണിത്. നേരത്തെ 2018-ൽ ജി20 ഉച്ചകോടിക്കായി അദ്ദേഹം ഇവിടെയെത്തിയിരുന്നു.



By admin