• Fri. Jul 11th, 2025

24×7 Live News

Apdin News

പ്രളയ ഫണ്ട്; കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

Byadmin

Jul 10, 2025


ന്യൂഡൽഹി: പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്കുള്ള കേന്ദ്ര വിഹിതമാണ് അനുവദിച്ചത്. കേരളം , അസം, മണിപ്പൂർ, മേഘാലയ, മിസോറാം, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾക്കായി 1066. 80 കോടിയാണ് ആകെ അനുവദിച്ചത്.

അസമിന് 375.60 കോടി, മണിപ്പൂരിന് 29.20 കോടി, മേഘാലയക്ക് 30.40 കോടി, മിസോറാമിന് 22.80 കോടി, ഉത്തരാഖണ്ഡിന് 455.60 കോടി എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്. എല്ലാ സാഹചര്യങ്ങളിലും മോദി സർക്കാർ സംസ്ഥാനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് പ്രളയ ഫണ്ട് പ്രഖ്യാപനത്തിന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എക്സിൽ കുറിച്ചു.

‘ഇന്ന് കേന്ദ്ര സർക്കാർ, അസം, മണിപ്പൂർ, മേഘാലയ, മിസോറം, കേരളം, ഉത്തരാഖണ്ഡ് എന്നീ വെള്ളപ്പൊക്ക, മണ്ണിടിച്ചിൽ ബാധിത സംസ്ഥാനങ്ങൾക്ക് എസ്ഡിആർഎഫിന് കീഴിലുള്ള കേന്ദ്ര വിഹിതത്തിന്റെ ഭാഗമായി 1066.80 കോടി രൂപ അനുവദിച്ചു. ഈ വർഷം 19 സംസ്ഥാനങ്ങൾക്ക് എസ്ഡിആർഎഫ്/എൻഡിആർഎഫ് ഫണ്ടുകളിൽ നിന്ന് 8000 കോടിയിലധികം രൂപ നൽകിയിട്ടുണ്ട്. സാമ്പത്തിക സഹായത്തിന് പുറമേ, ആവശ്യമായ എൻഡിആർഎഫ്, കരസേന, വ്യോമസേന എന്നിവയുടെ വിന്യാസം ഉൾപ്പെടെ എല്ലാ സഹായങ്ങളും നൽകുക എന്നതാണ് ഞങ്ങളുടെ മുൻഗണന’, അദ്ദേഹം കുറിച്ചു.



By admin