ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരനന്തത്തില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പൈലറ്റുമാരെ കുറ്റപ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് പൈലറ്റ് അസോസിയേഷന്‍. ഇപ്പോഴത്തെ ചര്‍ച്ചകള്‍ ഊഹാപോഹമാണെന്നും പൈലറ്റുമാരെ കുറ്റപ്പെടുത്തിയുള്ളതാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും പൈലറ്റുമാരുടെ സംഘടന പറയുന്നു.
പൈലറ്റ് അസോസിയേഷന്‍ പറയുന്നത് പൈലറ്റുമാര്‍ക്ക് പിഴവ് വരില്ലെന്നാണ്. അന്വേഷണസംഘം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ച 15 പേജുള്ള പ്രാഥമിക റിപ്പോര്‍ട്ടില്‍ പറന്നുയര്‍ന്നതിന് പിന്നാലെ എഞ്ചിനുകളിലേക്കുള്ള ഇന്ധനപ്രവാഹം തടസ്സപ്പെട്ടതാണ് അപകടകാരണമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. സ്വിച്ച് ‘റണ്ണി’ല്‍ നിന്നും ‘കട്ട് ഓഫി’ലേക്ക് മാറിയതായിരുന്നു അപകടകാരണമെന്ന് എയര്‍ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതുണ്ടാകാനുള്ള മൂന്ന് സാധ്യതകള്‍ ഒന്നുകില്‍ ഏതെങ്കിലും പൈലറ്റ് ബോധപൂര്‍വ്വം ചെയ്തതാകാം. അല്ലെങ്കില്‍ അബദ്ധത്തില്‍ സംഭവിച്ചതാകാം. മൂന്നാമത്തേത് സാങ്കേതിക പിഴവു കൊണ്ടും ഇങ്ങിനെ സംഭവിക്കാമെന്നാണ്. മുമ്പും ഇത്തരം സാങ്കേതിക പിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അബദ്ധത്തില്‍ സ്വിച്ച് കട്ട് ഓഫിലേക്ക പോയിരിക്കാന്‍ സാധ്യതയുണ്ടെന്ന കാര്യം കൂടുതല്‍ പരിശോധിക്കേണ്ടതുണ്ട്. മുന്നാമത്തെ കാര്യം പൈലറ്റുമാര്‍ തന്നെ മനപ്പൂര്‍വ്വം സ്വി്ച്ച് ഓഫ് ചെയ്തിരിക്കാമെന്നുള്ളത്.
കോക്പിറ്റ് വോയ്‌സ് റെക്കോഡിംഗില്‍ എന്തുകൊണ്ടാണ് ‘ഇന്ധനം വിച്‌ഛേദിച്ചതെ’ന്നു പൈലറ്റുമാരില്‍ ഒരാള്‍ ചോദിക്കുന്നതു കേള്‍ക്കാം. ‘അങ്ങനെ ചെയ്തില്ല’ എന്നു സഹപൈലറ്റ് മറുപടിയും നല്‍കി. ഇന്ധനനിയന്ത്രണ സ്വിച്ചുകളിലെ മാറ്റം അബദ്ധത്തില്‍ സംഭവിച്ചതാണോ അതോ മനഃപൂര്‍വമാണോ എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. സ്വിച്ചുകള്‍ ഓഫ് ആയതോടെ രണ്ട് എന്‍ജിനുകളും നിലച്ചു. വിമാനത്തിനു പറന്നുയരാനുള്ള ശേഷി നഷ്ടപ്പെട്ടു. സെക്കന്‍ഡിനുള്ളില്‍ സ്വിച്ചുകള്‍ ഓണായി ‘ഇന്‍ ഫ്‌ളൈറ്റ്’ നിലയിലേക്കു തിരിച്ചെത്തി എന്‍ജിനുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ഒരു എന്‍ജിന് വിമാനത്തിനു പറന്നുയരാനുള്ള ‘ത്രസ്റ്റ്’ തിരിച്ചുകിട്ടിയെങ്കിലും വിമാനത്തിനു വേഗം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല.
പൈലറ്റുമാര്‍ക്കിടയില്‍ ഈ സമയം ആശയക്കുഴപ്പമുണ്ടായെന്നാണു സംഭാഷണം സൂചിപ്പിക്കുന്നത്. വിമാനം കുത്തനെ വീഴും മുമ്പ് പൈലറ്റുമാരില്‍ ഒരാള്‍ അപായസന്ദേശം അയയ്ക്കുകയും ചെയ്തിരുന്നു. രണ്ടു പൈലറ്റുമാര്‍ക്കും മതിയായ വിശ്രമം ലഭിച്ചിരുന്നെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 15,638 മണിക്കൂര്‍ പറക്കല്‍ പരിചയമുള്ള 56 കാരനായ സുമീത് സബര്‍വാളാണ് വിമാനം നയിച്ചത്. അദ്ദേഹത്തിന്റെ സഹ പൈലറ്റ് ക്ലൈവ് കുന്ദര്‍ (32) ആയിരുന്നു, അദ്ദേഹത്തിന് 3,403 മണിക്കൂര്‍ മൊത്തം പരിചയമുണ്ടായിരുന്നു.