• Sun. Jul 6th, 2025

24×7 Live News

Apdin News

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

Byadmin

Jul 6, 2025


ന്യൂദല്‍ഹി : പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ അടുത്ത സുഹൃത്തും ആയുധദല്ലാളുമായ സഞ്ജയ് ഭണ്ഡാരിയെ പിടികിട്ടാ സാമ്പത്തിക കുറ്റവാളിയായി ദല്‍ഹി കോടതി പ്രഖ്യാപിച്ചു. ഇഡിയുടെ ഇത് സംബന്ധിച്ച അപേക്ഷ ദല്‍ഹി കോടതി അംഗീകരിക്കുകയായിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങളുടെ പേരില്‍ വിചാരണ നേരിടേണ്ട സഞ്ജയ് ഭണ്ഡാരി 2016ല്‍ ഇന്ത്യ വിട്ട് ഓടിപ്പോവുകയായിരുന്നു എന്നാണ് ഇഡി കോടതിയില്‍ പരാതിപ്പെട്ടത്. ഇഡിയുടെ ഈ വാദം കോടതി അംഗീകരിച്ചു.

ആദായനികുതി വകുപ്പിന്റെ ആരോപണപ്രകാരമം 2017ലാണ് സഞ്ജയ് ഭണ്ഡാരിക്കെതിരെ കള്ളപ്പണം വെളുപ്പിച്ചതിന് കേസെടുത്തത്. ഭണ്ഡാരി വിദേശത്തെ തന്റെ സ്വത്തുക്കള്‍ ഒളിച്ചുവെയ്‌ക്കുകയായിരുന്നു എന്ന് ആരോപിച്ച് 2020ല്‍ ഇഡി സഞ്ജയ് ഭണ്ഡാരിയ്‌ക്കെതിരെ കേസെടുത്തു.

റോബര്‍ട്ട് വദ്ര കുടുങ്ങുമോ? പ്രിയങ്കയ്‌ക്ക് തലവേദനയാകും

പ്രതിരോധരംഗത്ത് ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിന്നും (സര്‍ക്കാരിന്‍റേതുള്‍പ്പെടെ ) ഓര്‍ഡറുകള്‍ പിടിക്കുന്ന ദല്ലാള്‍ കൂടിയായിരുന്നു സഞ്ജയ് ഭണ്ഡാരി. ഇയാള്‍ക്ക് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുമായി അടുത്ത ബന്ധമുണ്ട്. യുപിഎ ഭരണകാലത്ത് ആയുധങ്ങള്‍ വിറ്റതിന് സഞ്ജയ് ഭണ്ഡാരിക്ക് വന്‍തുക കമ്മീഷന്‍ ലഭിച്ചിരുന്നു.

ഈ തുക റോബര്‍ട്ട് വദ്രയ്‌ക്ക് യുകെയില്‍ ആഡംബര ഫ്ലാറ്റ് വാങ്ങാന്‍ നല്‍കിയതായി ഇഡി ആരോപിക്കുന്നു.. ആയുധവ്യാപാരി സഞ്ജയ് ഭണ്ഡാരിക്ക് ആയുധക്കച്ചവടത്തില്‍ ലഭിച്ച കമ്മീഷന്‍ ഉപയോഗിച്ചാണ് റോബര്‍ട്ട് വദ്ര ലണ്ടനില്‍ ആഡംബര ഫ്ലാറ്റ് വാങ്ങിയതെന്ന ആരോപണത്തില്‍ വിശദീകരണം തേടി ഇഡി റോബര്‍ട്ട് വദ്രയ്‌ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരത്തെ രണ്ട് തവണ ഇഡി വിളിപ്പിച്ചെങ്കിലും രണ്ടു തവണയും റോബര്‍ട്ട് വദ്ര ഹാജരായില്ല.

വധേരയുടെ ലണ്ടനിലെ സ്വത്തും 2004 മുതല്‍ 2014 വരെയുള്ള കോണ്‍ഗ്രസ് ഭരണകാലത്തെ ഇടപാടുകളും ഇഡി പരിശോധിച്ചിരുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് റോബര്‍ട്ട് വദ്രയുമായുള്ള ബന്ധം ഉപയോഗിച്ച് ആയുധക്കച്ചവടക്കാരനായ സഞ്ജയ് ഭണ്ഡാരി കോടികളുടെ ആയുധ ഇടപാട് നടത്തിയിരുന്നതായി പറയുന്നു. ഇതില്‍ നിന്നും കിട്ടിയ കോടികളുടെ കൈക്കൂലിയും കമ്മീഷനും ഉപയോഗിച്ചാണ് ലണ്ടനില്‍ ആഡംബര സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയതെന്ന് ഇഡി ആരോപിക്കുന്നു. 2009ല്‍ ലണ്ടനില്‍ 12, ബ്രയാന്‍സ്റ്റോണ്‍ സ്ക്വയര്‍ ഹൗസാണ് റോബര്‍ട്ട് വധേരയുടെ പേരില്‍ വാങ്ങിയത്. പിന്നീട് കോടികള്‍ ചെലവഴിച്ച് ഈ വീട് മോടിപിടിപ്പിക്കുകയും ചെയ്തിരുന്നു. ഈ ആഡംബരസ്വത്തുക്കളുടെ ഉടമസ്ഥാവകാശം റോബര്‍ട്ട് വദ്രയുടെ പേരിലായതിനാലാണ് ഏത് പണം ഉപയോഗിച്ചാണ് ആഡംബര സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയത് എന്ന് ഇഡി ചോദിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് റോബര്‍ട്ട് വദ്രയും സഞ്ജയ് ഭണ്ഡാരിയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നതായി ഇഡി പറയുന്നു.

ലണ്ടനിലെ ആഡംബര വസതി വാങ്ങിയ ഇടപാടിലും റോബര്‍ട്ട് വധേരയും സഞ്ജയ് ഭണ്ഡാരിയും തമ്മിലുള്ള ബന്ധമാണ് ഇഡിയ്‌ക്ക് അറിയേണ്ടത്. ലണ്ടനിലെ സ്വത്തുവാങ്ങിയതിന് പിന്നിലെ ധാനകാര്യ ഇടപാട്, ഇരുവരും തമ്മിലുള്ള വ്യക്തിഗത ബന്ധം, ലണ്ടനിലെ സ്വത്തുക്കളും മലയാളി ബിസിനസുകാരനായ തമ്പിയും തമ്മിലുള്ള ബന്ധം, ഈ ഇടപാടുകളുമായി ബന്ധപ്പെട്ട ഇമെയിലുകള്‍ എന്നിവ ഇഡി പരിശോധിച്ചിട്ടുണ്ട്.

2008ല്‍ ഹരിയാനയില്‍ നടത്തിയ ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും റോബര്‍ട്ട് വദ്രയ്‌ക്ക് നേരത്തെ ഇഡി നോട്ടീസ് അയച്ചിരുന്നു. ആ കേസില്‍ ഏപ്രില്‍ 17ന് ഇഡിയ്‌ക്ക് മുന്‍പില്‍ വധേര ഹാജരായിരുന്നു. 2018 മുതല്‍ റോബര്‍ട്ട് വധേര ഇഡിയുടെ അന്വേഷണത്തില്‍ ഉണ്ട്.
വധേരയുടെ അനുയായിയായ സഞ്ജയ് ഭണ്ഡാരി 2016ല്‍ ഇന്ത്യ വിട്ട് യുകെയിലേക്ക് ഓടിപ്പോയിരുന്നു. കള്ളപ്പണം, നികുതിവെട്ടിപ്പ് തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ സഞ്ജയ് ഭണ്ഡാരിക്കുണ്ട്. ഇദ്ദേഹത്തെ വിട്ടുകിട്ടാന്‍ ലണ്ടനിലെ കോടതിയോട് ഇന്ത്യ അപേക്ഷിച്ചെങ്കിലും തീഹാര്‍ ജയിലിലേക്ക് പറഞ്ഞയക്കാന്‍ കഴിയില്ലെന്ന് ബ്രിട്ടനിലെ കോടതി വിധിക്കുകയായിരുന്നു. തീഹാറില്‍ തട്ടിപ്പറിയും അക്രമവും നിറഞ്ഞ ഇടമാണെന്നായിരുന്നു അന്ന് ബ്രിട്ടനിലെ കോടതി വിധിച്ചത്.

ഇത് രാഷ്‌ട്രീയ പ്രതികാരമാണെന്ന് റോബര്‍ട്ട് വദ്ര പറയുന്നു. തനിയ്‌ക്കെതിരെ രാഷ്‌ട്രീയ പകപോക്കല്‍ നടത്തുകയാണെന്നും റോബര്‍ട്ട് വദ്ര ആരോപിക്കുന്നു.



By admin