• Fri. Oct 2nd, 2026

24×7 Live News

Apdin News

‘ഫാൻ ഓൺ ചെയ്യാൻ പോലും സഹായികൾ’; ഇന്ത്യൻ ടീമിലെ ‘സൂപ്പർസ്റ്റാർ’ സംസ്കാരത്തിനെതിരെ തുറന്നടിച്ച് മുൻ താരം

Byadmin

Oct 2, 2026


ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ നിലവിലെ കളിക്കാരുടെ പെരുമാറ്റത്തെയും വധിച്ചുവരുന്ന ‘സൂപ്പർസ്റ്റാർ സംസ്കാരത്തെയും’ രൂക്ഷമായി വിമർശിച്ച് മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരവും തമിഴ്‌നാട് ക്രിക്കറ്ററുമായ എസ്. ബദരീനാഥ്. സ്വന്തം യൂട്യൂബ് ചാനലായ ‘ക്രിക് ഇറ്റ് വിത്ത് ബദ്രി’യിൽ നടന്ന ചർച്ചയ്ക്കിടെയാണ് ബദരീനാഥ് നിലവിലെ കളിക്കാരുടെ ആഡംബര ജീവിതത്തെ ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.

നിലവിലെ ടീമിലുള്ള ചില കളിക്കാർക്ക് ബാഗുകൾ ചുമക്കാനും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും എന്തിനേറെ, റൂമിലെ ഫാൻ ഓൺ ചെയ്യാൻ വരെ സഹായികൾ കൂടെയുണ്ടെന്ന് കേൾക്കുന്നുണ്ടെന്ന് ബദരീനാഥ് വെളിപ്പെടുത്തി.

എന്നാൽ താൻ കളിച്ചിരുന്ന കാലത്തെ ഏറ്റവും വലിയ സൂപ്പർസ്റ്റാറായ സച്ചിൻ ടെൻഡുൽക്കർ അനാവശ്യ ആഡംബരങ്ങളൊന്നും കാണിച്ചിരുന്നില്ലെന്നും അദ്ദേഹം ഓർത്തെടുത്തു. ഏത് റൂം കൊടുത്താലും സച്ചിൻ പരാതിയില്ലാതെ തങ്ങിയിരുന്നുവെന്നും, പലപ്പോഴും കട്ടിലിൽ പോലും കിടക്കാതെ തറയിൽ കിടന്നുറങ്ങാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നതെന്നും ബദരീനാഥ് കൂട്ടിച്ചേർത്തു.

ചർച്ചയിൽ പങ്കെടുത്ത മുൻ ഇന്ത്യൻ ഫീൽഡിംഗ് പരിശീലകൻ ആർ. ശ്രീധറും വിഷയത്തിൽ ശക്തമായ നിലപാട് വ്യക്തമാക്കി. ചില പരസ്യങ്ങളിൽ അഭിനയിക്കുന്നത് കൊണ്ട് മാത്രം ഒരാൾ ക്രിക്കറ്റിൽ സൂപ്പർസ്റ്റാറാകില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

“5 മത്സരങ്ങളിൽ കുറഞ്ഞത് 3 എണ്ണത്തിലെങ്കിലും ടീമിനെ ജയിപ്പിക്കാൻ സാധിക്കുന്നവരാണ് യഥാർത്ഥ സൂപ്പർസ്റ്റാറുകൾ. സ്റ്റേഡിയത്തിലേക്ക് ആരാധകരെ എത്തിക്കാനും ടീമിന് വിജയം സമ്മാനിക്കാനും അവർക്ക് സാധിക്കണം. വിരാട് കോലി, സച്ചിൻ ടെൻഡുൽക്കർ, എം.എസ്. ധോണി, ജസ്പ്രീത് ബുംറ, ആർ. അശ്വിൻ എന്നിവരൊക്കെ കളിക്കളത്തിലെ മികച്ച പ്രകടനം കൊണ്ടാണ് ആ പദവി നേടിയത്. ഇത്തരം വലിയ കളിക്കാർ ഒരിക്കലും ടീമിന്റെ സംസ്കാരത്തെ അപമാനിക്കില്ല, മറിച്ച് അത് ഉയർത്തിപ്പിടിക്കുകയാണ് ചെയ്യുക” എന്ന് ആർ. ശ്രീധർ പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റിലെ കളിക്കാരുടെ പെരുമാറ്റമാറ്റങ്ങളെയും ആഡംബര രീതികളെയും സംബന്ധിച്ച് മുൻ താരങ്ങൾ നടത്തിയ ഈ തുറന്നുപറച്ചിൽ ഇപ്പോൾ ആരാധകർക്കിടയിലും വലിയ ചർച്ചയായി മാറിയിട്ടുണ്ട്.







By admin