കെയ്‌റോ: ഫിഫ ലോകകപ്പ് 2026നുള്ള ഈജിപ്ത് ടീമിനെ സൂപ്പര്‍ താരം മുഹമ്മദ് സലാ നയിക്കും. അടുത്ത മാസം നടക്കുന്ന ലോകകപ്പിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഫ്രഞ്ച് ക്ലബ്ബ് നാന്റെസ് ഫോര്‍വേഡ് മൊസ്തഫ മുഹമ്മദ് ഇടം കണ്ടെത്തിയില്ല. അതേസമയം ബാഴ്‌സയുടെ അണ്ടര്‍ 19 ടീമിലെ താരം ഹംസ അബ്ദേല്‍കരീം ഉള്‍പ്പെട്ടു.
ഇവരെ കൂടാതെ മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിക്കുന്ന ഒമര്‍ മര്‍മോഷ് പ്രധാന സ്‌ട്രൈക്കറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മൊസ്താഫയുടെ പുറത്താകല്‍ ഈജിപ്ത്യന്‍ ആരാധകരെ ഏറെ ഞെട്ടിക്കുന്നുണ്ട്. നാന്റെസ് സീസണില്‍ വളരെ മോശം പ്രകടനമായിരുന്നു. മാത്രമല്ല ടീമിനായി സീസണില്‍ 24 മത്സരങ്ങളില്‍ കളിച്ച മൊസ്തഫ ആകെ നാല് ഗോളുകള്‍ മാത്രമാണ് നേടിയത്. മോശം പ്രകടനത്തിന്റെ പേരില്‍ നാന്റെസ് വരും സീസണ്‍ ലിഗ് വണില്‍ യോഗ്യത നേടിയേക്കില്ലെന്ന നിലവരെ എത്തി.
ലോകകപ്പിന് മുന്നോടിയായി ഈജിപ്തിന് 28ന് സ്വന്തം നാട്ടില്‍ റഷ്യക്കെതിരെ സൗഹൃദ മത്സരം കളിക്കും. ലോകകപ്പിന് തൊട്ടുമുമ്പായി അടുത്ത മാസം ആറിന് ബ്രസീലിനെതിരെ സന്നാഹ മത്സരവും കളിക്കും. ക്ലീവ്‌ലാന്‍ഡിലാണ് ഈ മത്സരം.
ലോകകപ്പില്‍ ഗ്രൂപ്പ് ജിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഈജിപ്തിന്റെ ആദ്യ മത്സരം ജൂണ്‍ 15ന് ബെല്‍ജിയത്തിനെതിരെയാണ്. സീട്ടില്‍ നഗരത്തിലാണ് മത്സരം. 22ന് രണ്ടാം ഗ്രൂപ്പ് പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ കാനഡയിലെ വാന്‍കൂവറില്‍ വച്ച് നേരിടും. 27ന് നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ ഇറാനെയായിരിക്കും നേരിടുക.
ഈജിപ്ത് ടീം:
ഗോള്‍ കീപ്പര്‍മാര്‍- മുഹമ്മദ് എല്‍ ഷെനാവി, മൊസ്താഫ ഷൊബോയിര്‍, എല്‍ മഹ്ദി സോലിമാന്‍, മുഹമ്മദ് അലാ
പ്രതിരോധ നിര- മുഹമ്മദ് ഹനി, തലേക് അലാ, ഹംദി ഫാത്തി, റാമി റാബിയ, യാസ്സര്‍ ഇബ്രാഹിം, ഹൊസ്സം അബ്ദെല്‍മഗുയിദ്, മുഹമ്മദ് അബ്ദെല്‍മോനെമ്‌ന്, അഹമ്മദ് ഫത്തോ, കരീം ഹഫേസ്
മദ്ധ്യനിര മാര്‍വന്‍ അത്തേയ, മുഹമ്മദ് ലഷീന്‍, നബീല്‍ എമാഡ്, മഹ്‌മൂദ് സാബര്‍, അഹമ്ദ് സിസോ, എമാം അഷോര്‍, മൊസ്തഫ സികോ, മഹ്‌മൂദ് ട്രെസെഗ്വെറ്റ്, ഇബ്രാഹിം അഡേല്‍, ഹായിസെം ഹസ്സന്‍
സ്‌ട്രൈക്കര്‍മാര്‍ ഒമര്‍ മര്‍മോഷ്, മുഹമ്മദ് സലാ, അഖ്ടായ് അബ്ദല്ലാഹ്, ഹംസ അബദെല്‍കരീം