• Thu. Jun 11th, 2026

24×7 Live News

Apdin News

ഫിഫ ലോകകപ്പ് 2026: ഉദ്ഘാടന മത്സരം: മെക്‌സിക്കോ- ദക്ഷിണാഫ്രിക്ക പോരാട്ടം

Byadmin

Jun 11, 2026


മെക്സിക്കോ സിറ്റി: കാല്‍പ്പന്തുകളിയുടെ ലോക മാമാങ്കത്തിന് ഇന്ന് മെക്സിക്കോ സിറ്റിയിലെ ബനോര്‍റ്റെ (അസ്റ്റേക്ക) സ്റ്റേഡിയത്തില്‍ കൊടിയേറ്റം. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30ന് തുടങ്ങുന്ന ഉദ്ഘാടന മത്സരത്തില്‍ സംയുക്ത ആതിഥേയരില്‍ ഒരു രാജ്യമായ മെക്സിക്കോ ആഫ്രിക്കന്‍ പ്രതിനിധികളായി യോഗ്യത നേടിയ ദക്ഷിണാഫ്രിക്കയെ നേരിടും. മൂന്ന് ലോകകപ്പുകളുടെ ഇടവേളയ്‌ക്കുശേഷമാണ് ദക്ഷിണാഫ്രിക്ക ലോക ഫുട്ബോള്‍ മഹാമഹത്തില്‍ പന്തുതട്ടാനിറങ്ങുന്നത്. 2010ല്‍ ആതിഥേയത്വം വഹിച്ച ലോകകപ്പിലാണ് ദക്ഷിണാഫ്രിക്ക അവസാനം
കളിച്ചത്.

പതിനെട്ടാം ലോകകപ്പിന് മെക്സിക്കോ
മെക്സിക്കോ ഇത്തവണ തങ്ങളുടെ പതിനെട്ടാം ലോകകപ്പിനാണ് ഇറങ്ങുന്നത്. 2022ലെ ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ അവരുടെ ലക്ഷ്യം സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ മിന്നുന്ന പ്രകടനം നടത്തി മുന്നേറുക എന്നതാണ്. 1970, 86 ലോകകപ്പുകളില്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചതാണ് അവരുടെ ഏറ്റവും മികച്ച നേട്ടം. 1994 മുതല്‍ 2018 വരെ പ്രീ ക്വാര്‍ട്ടറിലും കളിച്ചു.

നാലാം ലോകകപ്പിന് ദക്ഷിണാഫ്രിക്ക
ലോകകപ്പിന്റെ ചരിത്രത്തില്‍ നാലാം തവണയാണ് ദക്ഷിണാഫ്രിക്ക കളിക്കാനിറങ്ങുന്നത്. 1998, 2002 ലോകകപ്പുകളിലും പിന്നീട് 2010ല്‍ ആതിഥേയരെന്ന നിലയിലും. ഈ മൂന്ന് ലോകകപ്പുകളിലും ഗ്രൂപ്പ് ഘട്ടം പിന്നിട്ട് മുന്നേറാന്‍ അവര്‍ക്കായില്ല. ഇത്തവണ റൗണ്ട് ഓഫ് 32ലേക്ക് മുന്നേറുക എന്നതാണ് അവരുടെ ആദ്യ ലക്ഷ്യം.

യുവത്വവും പരിചയസമ്പത്തും അടങ്ങിയ നിര
സ്വന്തം മണ്ണില്‍ അരങ്ങേറുന്ന ലോകകപ്പില്‍ ഇത്തവണ മെക്സിക്കോയ്‌ക്ക് ചിലത് തെളിയിക്കാനുണ്ട്. അതുകൊണ്ടുതന്നെ യുവത്വവും പരിചയസമ്പത്തും അടങ്ങിയ ടീമിനെയാണ് കോച്ച് ജാവിയര്‍ അഗ്വിറെ തെരഞ്ഞെടുത്തിരിക്കുന്നത്. ടീമിലെ ഏറ്റവും പ്രായം കൂടിയ താരം ഇതിഹാസ ഗോളി ഗ്വില്ലെര്‍മോ ഒച്ചാവോ എന്ന നാല്പതുകാരനാണ്. തുടര്‍ച്ചയായ ആറാം ലോകകപ്പിനാണ് ഒച്ചാവോ കളിക്കാനിറങ്ങുന്നത്. എങ്കിലും ഒന്നാം നമ്പര്‍ ഗോളി റൗള്‍ റേഞ്ചല്‍ ആയിരിക്കും ടീമിന്റെ വല കാക്കുക. ടീമിലെ ബേബി 17 കാരന്‍ മോറയും. കരുത്തുറ്റ പ്രതിരോധനിര-മധ്യനിരയാണ് കരുത്ത്്. നായകന്‍ എഡ്സണ്‍ അല്‍വാരസ് നയിക്കുന്ന പ്രതിരോധത്തില്‍ ജീസസ് ഗല്ലാര്‍ഡോ, യോഹാന്‍ വാസ്്ക്വസ്, വൈസ് ക്യാപ്്റ്റന്‍ സെസാര്‍ മൊണ്‍ടസ് തുടങ്ങിയവരും മധ്യനിരയില്‍ എറിക് ലിറ, ബ്രിയാന്‍ ഗ്വിറ്ററെസ്, അല്‍വാരോ ഫിഡാല്‍ഗോ തുടങ്ങിയവരും മുന്നേറ്റത്തില്‍ റൗള്‍ ജിമിനെസ്, ജൂലിയന്‍ ക്വിനൊന്‍സുമായിരിക്കും ഇറങ്ങുക. ദക്ഷിണാഫ്രിക്കന്‍ പ്രതിരോധക്കോട്ട പൊളിച്ച് ആദ്യ കളിയില്‍ തന്നെ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ഗംഭീര വിജയത്തോടെ തുടങ്ങുക എന്നതാണ് മെക്സിക്കോയുടെ ലക്ഷ്യം.

ദക്ഷിണാഫ്രിക്കയ്‌ക്ക് തെളിയിക്കാനുണ്ട്
2010-ല്‍ സ്വന്തം മണ്ണില്‍ നടന്ന ലോകകപ്പിനുശേഷം ആദ്യമായി ലോക മാമാങ്കത്തില്‍ കളിക്കാനിറങ്ങുന്ന ദക്ഷിണാഫ്രിക്കയ്‌ക്ക് ഇത്തവണ ചിലത് തെളിയിക്കാനുണ്ട്്. കാഫ് യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് സിയില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കിയത്. യോഗ്യതാ റൗണ്ടില്‍ കളിച്ച് 10 മത്സരങ്ങളില്‍ അഞ്ച് വിജയവും മൂന്ന് സമനിലയും രണ്ട് പരാജയവുമടക്കം 18 പോയിന്റുമായാണ് അവര്‍ ബര്‍ത്ത് സ്വന്തമാക്കിയത്. 34കാരനായ ഗോള്‍കീപ്പര്‍ റൊന്‍വെന്‍ വില്യംസാണ് ടീം നായകന്‍. പ്രതിരോധത്തില്‍ ഖുലിസൊ മുഡാവു, ഇമെ ഒകോന്‍, മൊകാസി തുടങ്ങിയവരും മധ്യനിരയില്‍ ടെബൊഹൊ മൊകൊയേന, യായ സിതോലെ, തലന്റെ മാത, മുന്നേറ്റത്തില്‍ ഒസ്വിന്‍ അപ്പോലിസ്, ലിലെ ഫോസ്റ്റര്‍, മൊറേമി എന്നിവരുമായിരിക്കും ദക്ഷിണാഫ്രിക്കന്‍ മുന്നേറ്റത്തിന് കരുത്തു പകരുക. കരുത്തുറ്റ മെക്സിക്കന്‍ പ്രതിരോധം തകര്‍ത്ത് വിജയം നേടുക എന്നതായിരിക്കും ദക്ഷിണാഫ്രിക്കന്‍ സ്വപ്നം.

രണ്ടു ടീമുകളും ഉദ്ഘാടന മത്സരത്തില്‍ വിജയം ലക്ഷ്യമിട്ട് കളിക്കാനിറങ്ങുമ്പോള്‍ മത്സരം ആവേശകരമായിരിക്കും.

സാധ്യതാ ഇലവന്‍
മെക്സിക്കോ: റൗള്‍ റേഞ്ചല്‍, ജീസസ് ഗല്ലാര്‍ഡോ, യോഹാന്‍ വാസ്്ക്വസ്, സെസാര്‍ മൊണ്‍ടസ്, ഇസ്രയേല്‍ റെയ്സ്, എറിക് ലിറ, ബ്രിയാന്‍ ഗ്വിറ്ററെസ്, അല്‍വാരോ ഫിഡാല്‍ഗോ, റോബര്‍ട്ടോ അല്‍വാറാഡോ, ജൂലിയന്‍ ക്വിനോന്‍സ്, റൗള്‍ ജിമെനെസ്.

ദക്ഷിണാഫ്രിക്ക: റൊന്‍വെന്‍ വില്യംസ്, ഖുലിസൊ മുദൗ, ഇമെ ഒകോണ്‍, മോഡിബ, മൊകാസി, ടെബോ മൊകെയ്ന, ഒസ്വിന്‍ അപ്പോലിസ്, താലന്റെ എംബാത, ലിലെ ഫോസ്റ്റര്‍, മൊറേമി, യായ സിത്തോലെ.

 



By admin