• Thu. Jun 11th, 2026

24×7 Live News

Apdin News

എല്‍. പത്മകുമാര്‍: കരുത്തും കരുതലുമുള്ള സംഘാടകന്‍

Byadmin

Jun 11, 2026



രുത്തോടെ സംഘടനയെയും കരുതലോടെ പ്രവര്‍ത്തകരെയും നയിച്ച മാതൃകാ സംഘാടകനാണ് എല്‍. പത്മകുമാര്‍. ബാല്യകാലം മുതല്‍ സംഘശാഖയില്‍നിന്ന് ലഭിച്ച ശിക്ഷണവും പ്രേരണയും ഉള്‍ക്കൊണ്ട് നിതാന്തമായ സംഘടനാ പ്രവര്‍ത്തനത്തിന് സന്നദ്ധനായ പത്മകുമാര്‍ സംഘത്തിന്റെ വിഭാഗ് കാര്യവാഹ് എന്ന ഉത്തരവാദിത്വത്തില്‍ പ്രവര്‍ത്തിക്കവെയാണ് ബിജെപി മദ്ധ്യ മേഖലാ സംഘടനാ സെക്രട്ടറിയായി നിശ്ചയിക്കപ്പെടുന്നത്.

വ്യത്യസ്തമായ രാഷ്‌ട്രീയ പ്രവര്‍ത്തനം കാര്യക്ഷമമായി നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. നിരന്തര യാത്രകളും കൂടിയാലോചനകളുമായി വിശ്രമമില്ലാത്ത യാത്ര സഹപ്രവര്‍ത്തകര്‍ക്ക് മറക്കാനാവാത്ത നിരവധി അനുഭവങ്ങളാണ് നല്‍കിയിട്ടുള്ളത്. മികവുറ്റ പ്രാസംഗികനും നല്ല കേള്‍വിക്കാരനുമായിരുന്നു അദ്ദേഹം. പ്രതിഷേധങ്ങളിലെ പ്രതികരണങ്ങള്‍ പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം പകരും വിധം ഉജ്വലമായിരുന്നു. സ്വന്തം പ്രദേശത്ത് പ്രതിസന്ധികളില്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന വ്യത്യസ്തനായ സംഘാടകനെയാണ് നഷ്ടമായിരിക്കുന്നത്.

യാത്രകളിലും, അനൗപചാരികമായി പ്രവര്‍ത്തകര്‍ ഒത്തുചേരുമ്പോഴും ദേശാഭിമാന പ്രചോദിതമായ ഗണഗീതം ആലപിക്കുന്നതില്‍ പ്രത്യേക തല്പരനായിരുന്നു പത്മകുമാര്‍. പ്രവര്‍ത്തകരെ ഒപ്പം കുട്ടി യാത്ര ചെയ്യുകയും അവരെ അനുഭവ സമ്പന്നരായ നേതാക്കളായി രൂപപ്പെടുത്തുന്നതിലും ശ്രദ്ധപുലര്‍ത്തിയിരുന്നു. സമൂഹ മാദ്ധ്യമങ്ങളില്‍ നിത്യേന പ്രതികരിക്കുകയും ആശയ പ്രചാരണത്തില്‍ പുതിയ ശൈലി സ്വീകരിക്കുകയും ചെയ്തു. ശിബിര കാര്യക്രമങ്ങളില്‍ ശ്രദ്ധേയ മികവോടെ പങ്കെടുക്കുന്ന വ്യക്തിയായിരുന്നു.

പതിറ്റാണ്ടുകളായി ആത്മബന്ധമുള്ള സഹപ്രവര്‍ത്തകന്റെ വേര്‍പാടില്‍ ഹൃദയവേദന പങ്കുവെയ്‌ക്കുന്നു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കാളിയാകുന്നു.

 

By admin