കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ അർദ്ധരാത്രിയോടെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ആശുപത്രി പരിസരത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി സൂപ്രണ്ട് അറിയിച്ചു.
സാവിത്രി ദേവി സാബു ബ്ലോക്കിലേക്കുള്ള പ്രവേശനം പൂർണമായും നിരോധിച്ചു. ഈ ഭാഗത്തേക്കുള്ള കവാടങ്ങൾ അടച്ചിട്ടിരിക്കുന്നതിനാൽ ജീവനക്കാരും രോഗികളും മറ്റ് വഴികൾ ഉപയോഗിക്കണം. എസ് ഡി എസ് ബ്ലോക്ക് പരിസരത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവാദമില്ല. ഡിസ്ചാർജ് ചെയ്യുന്ന രോഗികൾ ഉൾപ്പെടെയുള്ളവർ ആശുപത്രിയുടെ പ്രധാന ഗേറ്റ് വഴി മാത്രമേ പുറത്തുപോകാൻ പാടുള്ളൂ.
നിപ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്ന പ്രദേശത്തേക്ക് അനാവശ്യമായി പ്രവേശിക്കുന്നതും സഞ്ചരിക്കുന്നതും കർശനമായി വിലക്കിയിട്ടുണ്ട്. എല്ലാവരും ഈ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.