• Thu. Jun 11th, 2026

24×7 Live News

Apdin News

ആഗോള വിപണിയിൽ കയറ്റുമതി മേഖലയ്‌ക്ക് വൻ നേട്ടം; മാംസ, മത്സ്യബന്ധന ഉൽപ്പന്നങ്ങളുടെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി തുടരാൻ അനുമതി

Byadmin

Jun 11, 2026


ന്യൂദല്‍ഹി: ആഗോള വിപണിയിൽ ഭാരതത്തിന്റെ കയറ്റുമതി മേഖലയ്‌ക്ക് വൻ നേട്ടം. 2026 സെപ്റ്റംബറിന് ശേഷവും ഭാരതത്തിൽ നിന്നുള്ള മാംസ, മത്സ്യബന്ധന ഉൽപ്പന്നങ്ങൾ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് തുടരാനുള്ള അനുമതി ഭാരതത്തിന്‌
ലഭിച്ചതായി കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മത്സ്യബന്ധന ഉൽപ്പന്നങ്ങൾ, മുട്ട, തേൻ, മൃഗങ്ങളുടെ ഇറച്ചി എന്നിവ യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് തുടരാം.

നേരത്തെ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് അഥവാ ആൻറിബയോട്ടിക്കുകൾക്കെതിരെയുള്ള പ്രതിരോധ ശേഷി വർദ്ധിക്കുന്നതിലെ ആശങ്കകൾ കണക്കിലെടുത്താണ് യൂറോപ്യൻ യൂണിയൻ തങ്ങളുടെ നിയമങ്ങളിൽ ഭേദഗതി വരുത്തിയിരുന്നത്. 2021ൽ ഇറക്കിയ റെഗുലേഷൻ (EU) 2021/405 ലാണ് പുതിയ ഭേദഗതികൾ വരുത്തിയിരിക്കുന്നത്. 2026 സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ പരിഷ്കരിച്ച നിയമ പ്രകാരം യൂറോപ്പിലേക്ക് നിർദ്ദിഷ്ട മൃഗജന്യ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്ന രാജ്യങ്ങൾക്ക് കൂടുതൽ കർശനമായ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ കർശനമായ മാനദണ്ഡങ്ങൾ പാലിക്കാൻ യോഗ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇപ്പോൾ ഭാരതത്തെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ ഭാരതം ഇടംപിടിച്ചതോടെ 2026 സെപ്റ്റംബറിന് ശേഷവും യൂറോപ്യൻ വിപണിയിലേക്കുള്ള കയറ്റുമതി തടസമില്ലാതെ തുടരാൻ സാധിക്കും. ഇത് പ്രത്യേകിച്ച് ഭാരതത്തിന്റെ മത്സ്യബന്ധന മേഖലയ്‌ക്കാണ് വലിയ ഗുണം ചെയ്യുക. നിലവിൽ യൂറോപ്യൻ യൂണിയനിലേക്ക് കയറ്റി അയക്കുന്ന മത്സ്യങ്ങളുടെയും മറ്റ് അനുബന്ധ ഉൽപ്പന്നങ്ങളുടെയും മൂല്യം ഏകദേശം 1.59 ബില്യൺ യു.എസ് ഡോളറാണ് (ഏകദേശം 13,000 കോടിയിലധികം രൂപ).

യൂറോപ്യൻ യൂണിയൻ അംഗീകരിച്ച സ്ഥാപനങ്ങളുമായി ചേർന്ന് കയറ്റുമതി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. എക്സ്പോർട്ട് ഇൻസ്പെക്ഷൻ കൗൺസിൽ (EIC), സമുദ്രോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റി (MPEDA) എന്നിവർ ചേർന്ന് സംയുക്തമായി പ്രവർത്തിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഭാരതത്തിന്റെ ഔദ്യോഗിക സുരക്ഷാ പരിശോധനകൾ കൂടുതൽ ശക്തമാക്കിയെന്നും യൂറോപ്യൻ യൂണിയന്റെ നിയമങ്ങൾക്ക് അനുസൃതമായി കൃത്യമായ പരിശോധനകളും സർട്ടിഫിക്കേഷൻ സംവിധാനങ്ങളും എക്സ്പോർട്ട് ഇൻസ്പെക്ഷൻ കൗൺസിൽ നടപ്പിലാക്കിയിട്ടുണ്ടെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.



By admin