
ന്യൂയോര്‍ക്ക് സിറ്റി: ‘ന്യൂയോര്‍ക്കില്‍ ജനിച്ച്, ലണ്ടനില്‍ വളര്‍ന്ന് ഫ്രാന്‍സില്‍ മിനുങ്ങിയ താരം, അതാണ് ഫ്‌ളോറന്‍ ബലോഗണ്‍. അമേരിക്കന്‍ ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തോടെ ഉച്ചരിക്കുന്ന പേര്. രണ്ടു ഗോളുകള്‍ നേടി ഒറ്റദിവസം കൊണ്ട് അമേരിക്കയുടെ ഹീറോ ആയ താരമാണ് ഫ്‌ളോറന്‍ ബലോഗണ്‍. 2022 ലോകകപ്പില്‍ അമേരിക്കയ്‌ക്ക് ഒരു സ്ഥിരതയുള്ള ഗോള്‍വേട്ടക്കാരന്റെ അഭാവം വ്യക്തമായിരുന്നു. ആ കുറവ് നികത്താനെത്തിയ താരമായാണ് ബലോഗണെ അമേരിക്കന്‍ ആരാധകര്‍ കാണുന്നത്. ഗോള്‍ കണ്ടെത്താനുള്ള സ്വാഭാവിക കഴിവും പ്രതിരോധനിരകളെ കുഴക്കുന്ന നീക്കങ്ങളുമാണ് അദ്ദേഹത്തെ അമേരിക്കയുടെ ‘മിസ്സിംഗ് പീസ്’ ആക്കുന്നത്. മൂന്ന് രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കാന്‍ അര്‍ഹതയുണ്ടായിരുന്ന, എന്നാല്‍ ഒടുവില്‍ അമേരിക്കയെ തെരഞ്ഞെടുത്ത അപൂര്‍വ കഥയുള്ള താരമാണ്. ബലോഗണ്‍ അമേരിക്കയില്‍ ജനിച്ചത് കൊണ്ട് അമേരിക്കയ്‌ക്കും, നൈജീരിയന്‍ മാതാപിതാക്കള്‍ ഉള്ളതിനാല്‍ നൈജീരിയയ്‌ക്കും, ഇംഗ്ലണ്ടില്‍ വളര്‍ന്നതിനാല്‍ ഇംഗ്ലണ്ടിനും വേണ്ടി കളിക്കാന്‍ അര്‍ഹനായിരുന്നു. എന്നാല്‍, 2023-ല്‍ അദ്ദേഹം അമേരിക്കയെയാണ് തെരഞ്ഞെടുത്തത്.
ജനിച്ച് ഒരു മാസം പോലും തികയുന്നതിന് മുമ്പ് കുടുംബം ലണ്ടനിലേക്ക് മടങ്ങി. അതിനാല്‍ അദ്ദേഹത്തിന്റെ മുഴുവന്‍ ഫുട്‌ബോള്‍ വളര്‍ച്ചയും ഇംഗ്ലണ്ടിലായിരുന്നു.
പ്രശസ്തമായ ആഴ്‌സണല്‍ അക്കാദമിയില്‍ വളര്‍ന്ന താരം പിന്നീട് ഫ്രാന്‍സിലെ സ്റ്റാഡ് ഡെ റീംസ് ടീമിനായി വായ്‌പ അടിസ്ഥാനത്തില്‍ കളിച്ചു. അവിടെ 21 ലീഗ് ഗോളുകള്‍ നേടി യൂറോപ്പിന്റെ ശ്രദ്ധ പിടിച്ചുപറ്റി. സഹതാരങ്ങളും ആരാധകരും അദ്ദേഹത്തെ സ്‌നേഹത്തോടെ ഫ്‌ളോ എന്നു വിളിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കളി തന്നെ അന്വര്‍ഥമാകുന്നു. അത്രയ്‌ക്കും ഒഴുക്കാണ് ഫ്‌ളോയുടെ കളി.
വേഗത, ബോക്സിനുള്ളിലെ ചലനം, ഇരുകാലുകളിലുമുള്ള ഷൂട്ടിംഗ് കഴിവ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ശക്തികള്‍. മുന്‍ ഇംഗ്ലീഷ് താരം ഇയാന്‍ റൈറ്റിനോട് താരതമ്യം ചെയ്യാവുന്ന താരം.
ലോകകപ്പ് നേട്ടം
2026 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ പരാഗ്വെയ്‌ക്കെതിരേ ബലോഗണ്‍ രണ്ട് ഗോളുകള്‍ നേടി അമേരിക്കയുടെ വിജയശില്‍പ്പിയായി മാറി. അതിലൂടെ 1930ന് ശേഷം ലോകകപ്പില്‍ ഒരു മത്സരത്തില്‍ ഇരട്ടഗോള്‍ നേടുന്ന ആദ്യ അമേരിക്കന്‍ താരമായി അദ്ദേഹം ചരിത്രത്തില്‍ ഇടംപിടിച്ചു. മത്സരത്തിലെ മികച്ച താരവും മറ്റാരുമല്ല.