ന്യൂദൽഹി : ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന യുദ്ധവിമാനം ധാക്കയിലെ ഒരു സ്കൂൾ, കോളേജ് കെട്ടിടത്തിൽ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽപ്പെട്ടവർക്ക് സഹായഹസ്തം നീട്ടി ഇന്ത്യ. ഈ പ്രതിസന്ധി ഘട്ടത്തിൽ ബംഗ്ലാദേശിന് ഇന്ത്യ ആരോഗ്യ രംഗത്തെ സഹായമാണ് നൽകുന്നത്.
വിമാനാപകടത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ പ്രത്യേക ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഒരു സംഘത്തെ അയച്ചിട്ടുണ്ടെന്ന് ഇന്ത്യ അറിയിച്ചു. ചൊവ്വാഴ്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച വിവരം നൽകിയിട്ടുണ്ട്.
“ആവശ്യമായ വൈദ്യസഹായത്തോടെ ‘ബേൺ-സ്പെഷ്യലിസ്റ്റ്’ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഒരു സംഘം ഇരകളെ ചികിത്സിക്കുന്നതിനായി ഉടൻ തന്നെ ബംഗ്ലാദേശിലെ ധാക്കയിലേക്ക് പോകും. തീപിടുത്തത്തിൽ പൊള്ളലേറ്റവരെ ചികിത്സിക്കുന്നതിൽ വിദഗ്ധരാണ് ബേൺ-സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ. രോഗികളുടെ അവസ്ഥ വിലയിരുത്തുകയും ആവശ്യാനുസരണം ഇന്ത്യയിൽ കൂടുതൽ ചികിത്സയും പ്രത്യേക പരിചരണവും ശുപാർശ ചെയ്യുകയും ചെയ്യും.” – വിദേശകാര്യ മന്ത്രാലയം എക്സിൽ അറിയിച്ചു
അതേ സമയം ധാക്കയിലേക്ക് പോകുന്ന സംഘത്തിൽ ദൽഹിയിൽ നിന്നുള്ള രണ്ട് ഡോക്ടർമാരുണ്ടെന്ന് വിവരം. അവരിൽ ഒരാൾ റാം മനോഹർ ലോഹ്യ ആശുപത്രിയിലെയും മറ്റൊരാൾ സഫ്ദർജംഗ് ആശുപത്രിയിലെയും വ്യക്തിയാണ്. നേരത്തെ ധാക്കയിലെ വിമാനാപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തുകയും ബംഗ്ലാദേശിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും അറിയിച്ചിരുന്നു.
“ധാക്കയിലുണ്ടായ ദാരുണമായ വിമാനാപകടത്തിൽ ജീവനും സ്വത്തിനും നഷ്ടമായതിൽ ഞങ്ങൾ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുന്നു, അവരിൽ പലരും വിദ്യാർത്ഥികളായിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമാണ് ഞങ്ങളുടെ അനുശോചനം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഇന്ത്യ ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും സാധ്യമായ എല്ലാ സഹായവും പിന്തുണയും നൽകാൻ തയ്യാറാണ്.” – പ്രധാനമന്ത്രി മോദി എക്‌സിൽ ഒരു ട്വീറ്റിൽ പറഞ്ഞു.
ജൂലൈ 21 തിങ്കളാഴ്ച ബംഗ്ലാദേശ് വ്യോമസേനയുടെ ഒരു പരിശീലന യുദ്ധവിമാനം ധാക്കയിലെ മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളേജ് കെട്ടിടത്തിലാണ് ഇടിച്ചതിന് ശേഷം തകർന്നുവീണത്. ഇതുവരെ ഈ വിമാനാപകടത്തിൽ കുറഞ്ഞത് 31 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരിച്ചവരിൽ 25 കുട്ടികളും ഉൾപ്പെടുന്നു. അതേസമയം നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.