കണ്ണൂർ: സിപിഎം നേതൃത്വത്തിലുള്ള കുട്ടികളുടെ സമാന്തര വിദ്യാഭ്യാസ സാംസ്കാരിക സംഘടനയായ ബാലസംഘത്തിന്റെ സമ്മേളനത്തില്‍ കൊലക്കേസ് പ്രതിയും. ബാലസംഘം ധര്‍മ്മടം നോര്‍ത്ത് വില്ലേജ് സമ്മേളനത്തിലാണ് കൊലക്കേസ് പ്രതിയെത്തിയത്. കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ടെന്‍ഷന്‍ ശ്രീജിത്ത് എന്ന തെക്കേ കണ്ണോളി വീട്ടില്‍ ശ്രീജിത്താണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
തലശ്ശേരിയിലെ ബിജെപി പ്രവര്‍ത്തകന്‍ നിഖില്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയാണ് ഇയാള്‍. കുന്നോത്ത് പറമ്പിലെ ബിജെപി പ്രവര്‍ത്തകന്‍ കെ സി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയാണ്. കൂടാതെ നാദാപുരം അസ്ലം വധക്കേസിലും ഇയാള്‍ പ്രതിയാണ്. 2008 മാർച്ച് 5ന് ആണ് നിഖിൽ കൊല്ലപ്പെട്ടത്. കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശ്രീജിത്ത് ഇപ്പോൾ പരോളിലാണ്. കൊലപാതകത്തെ സിപിഎം തള്ളിപ്പറഞ്ഞിരുന്നു.
ഇയാളുടെ വീടിന്റെ പാലുകാച്ചിന് പി ജയരാജന്‍, എം വി ജയരാജന്‍ തുടങ്ങിയ സിപിഎം നേതാക്കളെത്തിയത് നേരത്തെ വിവാദമായിരുന്നു.