ബിഗ് ബോസ് ഹിന്ദി പതിപ്പിന്റെ ഒരു സീസണിനിടെ മത്സരാർത്ഥിയായി പങ്കെടുത്ത ഒരു നടി ഷോയിൽ വച്ച് ജീവനൊടുക്കാൻ ശ്രമിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് പ്രോജക്ട് ഹെഡ് അഭിഷേക് മുഖർജി. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലായിരുന്നു ഷോയിൽ വച്ച് സംഭവിച്ച ഞെട്ടിപ്പിക്കുന്ന കാര്യം അദ്ദേഹം തുറന്നുപറഞ്ഞത്. പ്രണയപരാജയത്തെ തുടർന്നാണ് ഷോയിലാണെന്ന കാര്യം പോലും മറന്ന് ഒരു നടി അന്ന് ജീവിതം മതിയാക്കാൻ ശ്രമിച്ചതെന്നും അഭിഷേക് മുഖർജി പറയുന്നു.
“ടിവി താരമായ ഒരു നടിയാണ് പ്രണയം പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ മനോവിഷമം മൂലം ജീവനൊടുക്കാൻ ശ്രമിച്ചത്. ഷോയിലേക്ക് എത്തുന്ന സമയത്തുതന്നെ ഒരു പ്രണയപരാജയത്തിലൂടെ കടന്നുപോവുകയായിരുന്നു നടി. ആ ഒരു അവസ്ഥയിൽ നിന്ന് മാറ്റമുണ്ടാകാൻ ആഗ്രഹിച്ചാണ് അവർ ബിഗ് ബോസ് ഷോയിൽ എത്തുന്നത്. എന്നാൽ ഷോയിൽ എത്തിയ ശേഷം മറ്റൊരു മത്സരാർത്ഥിയുമായി അവർ പ്രണയത്തിലായി. എന്നാൽ അയാളും അവരെ ചതിക്കുകയായിരുന്നു”, പ്രോജക്ട് ഹെഡ് പറഞ്ഞു.
“നടിയുമായുളള പ്രണയം ബിഗ് ബോസ് ഹൗസിൽ അയാളുടെ ഗെയിം സ്ട്രാറ്റജി മാത്രമായിരുന്നു. അതിലൂടെ ടെലിവിഷനിൽ ശ്രദ്ധ പിടിച്ചുപറ്റാനായിരുന്നു അയാളുടെ ശ്രമം. എന്നാൽ ഇതൊന്നും ആദ്യം മനസിലാക്കാൻ നടിക്ക് കഴിഞ്ഞിരുന്നില്ല. പിന്നീടാണ് അയാളുടേത് യഥാർത്ഥ പ്രണയമല്ലെന്ന് നടി മനസിലാക്കിയത്. ഒരു ദിവസം പുലർച്ചെ മൂന്നു മണിയോടെ ഷോ ആണെന്ന് പോലും മറന്ന് വാഷ് റൂമിൽവച്ച് അവർ മരിക്കാൻ ശ്രമിക്കുകയായിരുന്നു. അന്ന് കൃത്യസമയത്ത് ഞങ്ങൾ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചു”, അഭിഷേക് മുഖർജി ഓർത്തെടുത്തു. മനുഷ്യന്റെ വികാരങ്ങളെ മുറിവേൽപ്പിക്കാതെ വേണം കണ്ടന്റുകൾ സൃഷ്ടിക്കാനെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈയൊരു സംഭവം പോഡ്കാസ്റ്റിൽ തുറന്നുപറഞ്ഞത്.