തിരുവനന്തപുരം: രണ്ട് എംപിമാരുമായി ബിജെപി തുടങ്ങിയ ജൈത്രയാത്രയുടെ അനന്തരഫലമാണ് ഭാരതത്തെ ലോകത്തിന് മുന്നില്‍ കരുത്തുറ്റ രാജ്യമാക്കി മാറ്റിയതെന്ന് മഹാരാഷ്‌ട്ര പരിസ്ഥിതി, മൃഗസംരക്ഷണ വകുപ്പ് മന്ത്രി പങ്കജാ മുണ്ടെ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണനിര്‍വഹണത്തിന്റെ 25 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി ബിജെപി സംഘടിപ്പിച്ച സേവാസേതു അഭിയാന്റെ ഭാഗമായി കൗണ്‍സിലര്‍മാരുടെ ശില്പശാല മാരാര്‍ജി ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പങ്കജാ മുണ്ടെ. 45 വര്‍ഷത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് ബിജെപിക്ക് കേരളത്തില്‍ ഒരു മേയറെ ലഭിച്ചത്. വലിയ മാറ്റത്തിന്റെ തുടക്കമാണ്. കേരളത്തിലും ബിജെപിയുടെ വളര്‍ച്ചയ്‌ക്ക് ലഭിച്ചിരിക്കുന്ന പുതിയ അവസരങ്ങള്‍ ജനസേവനത്തിനും സദ്ഭരണത്തിനും കൂടുതല്‍ ഊര്‍ജം പകരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജനകീയ ഭരണവും സദ്ഭരണവും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ജനങ്ങളുമായി കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കുന്നതിനുമുള്ള വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ശില്പശാലയില്‍ ചര്‍ച്ച ചെയ്തു. തിരുവനന്തപുരം നഗരസഭ മേയര്‍ വി.വി. രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, മഹാരാഷ്‌ട്ര നഗരവികസന സഹമന്ത്രി മാധുരി മിസല്‍, സംസ്ഥാന ഉപാധ്യക്ഷന്‍ കെ. സോമന്‍, സംസ്ഥാന സെക്രട്ടറി അശോകന്‍ കുളനട, ഡെപ്യൂട്ടി മേയര്‍ ആശാനാഥ്, ബിജെപി
തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ബിജെപി കൗണ്‍സിലര്‍മാരാണ് ശില്‍പശാലയില്‍ പങ്കെടുത്തത്.