• Sat. May 2nd, 2026

24×7 Live News

Apdin News

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

Byadmin

May 1, 2026


തിരുവനന്തപുരം: ബിജെപിയ്‌ക്ക് 10 മുതല്‍ 14 സീറ്റ് വരെ പ്രവചിക്കുന്ന പീപ്പിള്‍സ് ഇന്‍സൈറ്റ് എക്സിറ്റ് പോള്‍ മിക്ക മണ്ഡലങ്ങളിലും ബിജെപിയ്‌ക്ക് 26 ശതമാനത്തില്‍ അധികം വോട്ടുകളാണ് നല്‍കിയിരിക്കുന്നത്. ബീജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്‌ക്ക് 14 സീറ്റു ലഭിച്ചാല്‍ നിര്‍ബന്ധമായും കേരളത്തില്‍ തൂക്കുമന്ത്രിസഭ വരുമെന്നുറപ്പ്. അപ്പോള്‍ കിംഗ് മേക്കറാവുക ബിജെപിയും രാജീവ് ചന്ദ്രശേഖറും.

ശക്തമായ വിജയം ബിജെപിയ്‌ക്ക് പ്രവചിക്കുന്നത് തിരുവനന്തപുരം സെന്‍ട്രല്‍, വട്ടിയൂര്‍ക്കാവ്, ചാത്തന്നൂര്‍, തിരുവല്ല, തൃശൂര്‍, കാട്ടാക്കട എന്നീ മണ്ഡലങ്ങളിലാണ്. മഞ്ചേശ്വരം(കെ.സുരേന്ദ്രന്‍), കാസര്‍ഗോഡ് (എം.എല്‍. അശ്വിനി), പാലക്കാട് (ശോഭാ സുരേന്ദ്രന്‍), മലമ്പുഴ (സി.കൃഷ്ണകുമാര്‍), നേമം (രാജീവ് ചന്ദ്രശേഖര്‍), കഴക്കൂട്ടം(വി.മുരളീധരന്‍), ആറ്റിങ്ങല്‍ (അഡ്വ.പി.സുധീര്‍), പൂഞ്ഞാര്‍ (പി.സി. ജോര്‍ജ്ജ്), കോഴിക്കോട് സൗത്ത്(ടി.റെനീഷ്( , നാട്ടിക (പി.പി. മുകുന്ദന്‍) എന്നിവിടങ്ങളിലെല്ലാം ഒന്നാം സ്ഥാനക്കാരുമായി വളരെ നേരിയ  വ്യത്യാസത്തിനാണ് ബിജെപിയ്‌ക്ക് രണ്ടാം സ്ഥാനം പ്രവചിക്കുന്നത്. അതായത് ഈ മണ്ഡലങ്ങള്‍ ഏത് നിമിഷവും എന്‍ഡിഎയുടെ കയ്യില്‍ വന്നെത്തിയേക്കാം എന്നര്‍ത്ഥം. ശക്തമായ സ്വിംഗ് (അനുകൂല ചാഞ്ചാട്ടം) വോട്ടെണ്ണലില്‍ പ്രതിഫലിച്ചാല്‍ ബിജെപി 14 സീറ്റ് വരെ പിടിക്കാം. അപ്പോള്‍ യുഡിഎഫിനോ എല്‍ഡിഎഫിനോ ഭൂരിപക്ഷമുണ്ടാകില്ല. അന്നേരെ ബിജെപിയും രാജീവ് ചന്ദ്രശേഖറും കിംഗ് മേക്കറാവും. ആര് ഭരിയ്‌ക്കണം എന്നത് ബിജെപി തീരുമാനിയ്‌ക്കുന്ന സ്ഥിതിയുണ്ടാവും.

തൃശൂരില്‍ പത്മജയ്‌ക്ക് ജയം പ്രവചിക്കുന്നു. 32.83 ശതമാനം വോട്ടുകള്‍ പത്മജയ്‌ക്ക് ലഭിക്കുമെന്ന് പീപ്പിള്‍സ് ഇന്‍സൈറ്റ് പറയുന്നു. രണ്ടാം സ്ഥാനത്ത് വരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ 29.12 ശതമാനം മാത്രമാണ് ലഭിക്കുക.

ചാത്തന്നൂരില്‍ വന്‍ അട്ടിമറിയാണ് പ്രവചിക്കുന്നത്. ഇവിടെ ബി.ബി. ഗോപകുമാര്‍ വിജയിക്കുമെന്നാണ് പ്രവചനം. ഇവിടെ ബിജെപി സ്ഥാനാര‍്ത്ഥി 37.12 ശതമാനം വോട്ടുകള്‍ നേടി ഒന്നാം സ്ഥാനത്ത് വരുമ്പോള്‍ രണ്ടാം സ്ഥാനത്ത് വരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുക 33.12 ശതമാനം വോട്ടുകള്‍ മാത്രം.

തിരുവനന്തപുരം സെന്‍ട്രലില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വന്‍ജയമാണ് പീപ്പിള്‍സ് ഇന്‍സൈറ്റ് പ്രവചിക്കുന്നത്. ഏകദേശം 35.04 ശതമാനം കരമന ജയന് ലഭിക്കുമ്പോള്‍ രണ്ടാം സ്ഥാനത്തുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.പി. ജോണിന് ലഭിക്കുക 30.58 ശതമാനം മാത്രം.

വട്ടിയൂര്‍ക്കാവില്‍ വന്‍ജയമാണ് പ്രവചിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി ആര്‍.ശ്രീലേഖയ്‌ക്ക് 37.95 ശതമാനവും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ. പ്രശാന്തിന് 29.37 ശതമാനം വോട്ടും മാത്രമാണ് പ്രവചിക്കുന്നത്.

കാട്ടാക്കട എന്‍ഡിഎയ്‌ക്ക് ലഭിക്കുമെന്ന് പറയുന്നു. പി.കെ. കൃഷ്ണദാസ് വിജയിക്കുമെന്നാണ് പ്രവചനം. 33.91 ശതമാനം വോട്ട് പിടിക്കുമെന്നാണ് പറയുന്നത്. രണ്ടാം സ്ഥാനത്തെ എല്‍ഡിഎഫിന് ലഭിക്കുക 32.65 ശതമാനം വോട്ടുകള്‍ മാത്രം.

തിരുവല്ലയില്‍ അനൂപ് ആന്‍റണിക്ക് 41.68 ശതമാനം വോട്ടുകള്‍ ലഭിക്കുമ്പോള്‍ തൊട്ടടുത്ത ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ബഹുദൂരം പിന്നിലാണ്. മാത്യു ടി തോമസിനെ വലിയ ശതമാനത്തിന് പിന്നിലാക്കുമെന്നാണ് പ്രവചനം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വെറും 26.61 ശതമാനം വോട്ടേ ലഭിയ്‌ക്കൂ.



By admin