• Fri. May 1st, 2026

24×7 Live News

Apdin News

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

Byadmin

May 1, 2026


കൊൽക്കത്ത : ബംഗാളിൽ വോട്ടെണ്ണലിനായി കേന്ദ്ര സർക്കാർ അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ (പി‌എസ്‌യു) ജീവനക്കാരെ മാത്രം സൂപ്പർവൈസർമാരായി നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി അടിയന്തര വാദം കേൾക്കണമെന്നും ടി എം സി ആവശ്യപ്പെട്ടു.

കൊൽക്കത്ത ഹൈക്കോടതി തള്ളിയ ഹർജിയെ ചോദ്യം ചെയ്ത് ടിഎംസി സമർപ്പിച്ച ഹർജി നാളെ, സുപ്രീം കോടതി പ്രത്യേക ബെഞ്ച് പരിഗണിക്കും. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ സമയത്ത് കേന്ദ്ര സർക്കാർ ജീവനക്കാരെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയും മാത്രം സൂപ്പർവൈസർമാരായി നിയോഗിച്ചതിനെയാണ് ഹർജി ചോദ്യം ചെയ്യുന്നത് . ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് നാളെ രാവിലെ 10:30 ന് ഹർജി പരിഗണിക്കുക.

നേരത്തെ ഇക്കാര്യം ഉന്നയിച്ച് തൃണമൂൽ കോൺഗ്രസ് കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഏപ്രിൽ 30 ന് ഹർജി ഹൈക്കോടതി തള്ളിയിരുന്നു.

“സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര സർക്കാർ ജീവനക്കാരെ വോട്ടെണ്ണൽ സൂപ്പർവൈസർമാരായും വോട്ടെണ്ണൽ സഹായികളായും നിയമിക്കണമോ എന്ന് തീരുമാനിക്കാനുള്ള അവകാശം തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പകരം കേന്ദ്ര സർക്കാർ അല്ലെങ്കിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപന ജീവനക്കാരെ നിയമിക്കുന്നതിൽ നിയമവിരുദ്ധതയില്ലെന്ന് കോടതി കണ്ടെത്തി,” ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു.

വോട്ടെണ്ണൽ പ്രക്രിയയുടെ സുതാര്യത, നീതി, ക്രമം എന്നിവ ഉറപ്പാക്കുന്നതിനാണ് പശ്ചിമ ബംഗാളിലെ അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതെന്നും അത് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാണെന്നും കോടതി പറഞ്ഞിരുന്നു.

ടിഎംസി എംപിയും മുതിർന്ന അഭിഭാഷകനുമായ കല്യാൺ ബാനർജിയും അഭിഭാഷകനായ ബിശ്വരൂപ് ഭട്ടാചാര്യയുമാണ് കൊൽക്കത്ത ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജികൾ ഫയൽ നൽകിയിരുന്നത്.



By admin