യുദ്ധത്തിൽ ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ശബ്ദത്തിന്റെ അഞ്ചിരട്ടിയിലധികം വേഗതയിൽ സഞ്ചരിക്കുന്ന നൂതന മിസൈലുകളാണ് ഹൈപ്പർസോണിക് ആയുധങ്ങൾ. പറക്കുന്നതിനിടെ തന്നെ അവയ്‌ക്ക് ദിശ മാറ്റാനും കഴിയും. ഇത് കണ്ടെത്താനും തടയാനും വളരെ ബുദ്ധിമുട്ടാണ്.
വ്യോമസേനയ്‌ക്കായി ഹൈപ്പർസോണിക് മിസൈലുകൾ ഉൾപ്പെടുത്തി “നിയർ സ്പേസ്” കമാൻഡ് സൃഷ്ടിക്കാനുള്ള നീക്കത്തിലാണിപ്പോൾ ഇന്ത്യൻ ഗവേഷകർ . ഭാവി സൈനിക ലക്ഷ്യങ്ങളുടെ രൂപരേഖ നൽകുന്ന വിഷൻ 2047 പദ്ധതി പ്രതിരോധ മന്ത്രാലയം അടുത്തിടെയാണ് പുറത്തിറക്കിയത് . വ്യോമസേനയുടെ പ്രവർത്തനങ്ങൾ നിയർ സ്പേസിലേക്ക് വ്യാപിപ്പിക്കുകയും ഹൈപ്പർസോണിക് ആയുധങ്ങളുടെ ഉപയോഗം പ്രാപ്തമാക്കുകയും ചെയ്യുമെന്ന് ഇതിൽ പറയുന്നു.
നിലവിൽ, സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ ഉയരത്തിൽ വരെ വ്യോമസേന പ്രവർത്തിക്കുന്നുണ്ട് . 20 കിലോമീറ്ററിനും 100 കിലോമീറ്ററിനും ഇടയിലുള്ള ഉയരം നിയർ സ്പേസ് എന്നറിയപ്പെടുന്നു. ഭൂമിയുടെ അന്തരീക്ഷത്തിനും ബഹിരാകാശത്തിനും ഇടയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഇന്ത്യ ഇപ്പോൾ ഈ മേഖലയിൽ പ്രവർത്തിക്കാനാണ് പദ്ധതിയിടുന്നത്.
നിയർ സ്പേസിലേക്ക് വികസിപ്പിക്കുന്നത് രാജ്യത്തിന്റെ പ്രതിരോധരംഗത്തിന് നിരവധി ഗുണങ്ങൾ നൽകും. മെച്ചപ്പെട്ട നിരീക്ഷണം ഉറപ്പ് വരുത്താം, വേഗതയേറിയ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കാം , വർദ്ധിപ്പിച്ച സ്ട്രൈക്ക് ശേഷി, AI- അധിഷ്ഠിത നാവിഗേഷന്റെ ഉപയോഗം, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഡ്രോണുകളുടെ വിന്യാസം , നിയർ സ്പേസിൽ നിന്ന്, ഒരു പ്രത്യേക രാജ്യത്തെ മാത്രമല്ല, ലോകത്തിന്റെ വലിയ ഭാഗങ്ങളെയും നിരീക്ഷിക്കാനും കഴിയും.
നിലവിൽ നിയർ സ്പേസിൽ സജീവമായി പ്രവർത്തിക്കുന്ന ഒരേയൊരു രാജ്യം ചൈനയാണ്. കരസേന , നാവികസേന, വ്യോമസേന, റോക്കറ്റ് സേന എന്നിവയ്‌ക്കൊപ്പം ഇത് തങ്ങളുടെ സൈന്യത്തിന്റെ അഞ്ചാമത്തെ ശാഖയായി ചൈന വികസിപ്പിച്ചെടുത്തിട്ടുണ്ട്, കൂടാതെ സൈബർ കഴിവുകളും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) ഈ മിസൈലുകളുടെ സാങ്കേതികവിദ്യകൾ തയ്യാറാക്കാൻ ആരംഭിച്ചതായി പ്രതിരോധവൃത്തങ്ങൾ പറയുന്നു.