• Sat. Oct 3rd, 2026

24×7 Live News

Apdin News

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

Byadmin

Oct 3, 2026


കൊച്ചി: ലക്ഷദ്വീപിന് വടക്കുപടിഞ്ഞാറ് കടലിൽ ഏകദേശം 3000 കോടി രൂപ വിലമതിക്കുന്ന 400 കിലോഗ്രാം മെത്താംഫെറ്റാമൈനും 126 കിലോഗ്രാം ഹെറോയിനും പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ആഗോള ലഹരിക്കടത്ത് ശൃംഖലയായ ഹാജി സലിം സിൻഡിക്കറ്റുമായി ലഹരിമരുന്നിന് ബന്ധമുണ്ടെന്ന് ഗുജറാത്ത് ലഹരിവിരുദ്ധസേന അറിയിച്ചു.

ഇറാനിയൻ ഉരു ഉപയോഗിച്ചായിരുന്നു ലഹരിമരുന്ന് കടത്ത്. പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖത്തുനിന്ന് ഇറാനിലെ കോനാറാക്ക് തുറമുഖത്തിന് സമീപമെത്തിയ ബോട്ടിൽനിന്ന് ലഹരിമരുന്നുകൾ ‘ആസാദ്’ എന്ന ഉരുവിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് തമിഴ്നാട് തീരത്ത് എത്തിച്ച് കരമാർഗം പഞ്ചാബിലേക്ക് കടത്താനായിരുന്നു പദ്ധതി. അവിടെവച്ച് നൈജീരിയൻ സ്വദേശിക്ക് ലഹരിമരുന്ന് കൈമാറാനായിരുന്നു നീക്കമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ മേൽനോട്ടത്തിൽ 16 ദിവസം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഉരു കണ്ടെത്തിയത്. കോസ്റ്റ്ഗാർഡിന്റെ ഡോണിയർ വിമാനങ്ങൾ നടത്തിയ വ്യോമനിരീക്ഷണത്തിലാണ് സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ‘ഐസിജിഎസ് സക്ഷം’ പട്രോൾ യാനം ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.

പെഷാവർ സ്വദേശികളായ മുഹമ്മദ് യാക്കൂബ് ബലൂചി, ഷാക്കിറുള്ള, ഫരീദുള്ള, അഹമ്മദ് ഖാൻ, വാഹിദുള്ള ഖാൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കടലിൽ ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്ന സ്റ്റാർലിങ്ക് ഉപകരണവും ഉരുവിൽനിന്ന് കണ്ടെത്തി.

ലഹരിമരുന്നിന്റെ പണം ഹവാല ഇടപാടിലൂടെ നേരത്തെ തന്നെ കൈമാറിയിരുന്നതായും രഹസ്യാന്വേഷണ വിഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നൈജീരിയൻ സ്വദേശിയും ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിക്കടത്തുകാരനും തമ്മിൽ അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയാണ് അന്വേഷണത്തിൽ നിർണായകമായതെന്നും എടിഎസ് വ്യക്തമാക്കി.

കസ്റ്റഡിയിലെടുത്ത പ്രതികളെ മുംബൈയിൽ ചോദ്യംചെയ്തുവരികയാണ്. ലഹരിക്കടത്തിന് പിന്നിലെ സാമ്പത്തിക ഇടപാടുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് എടിഎസ് ഡിഐജി സുനിൽ ജോഷി അറിയിച്ചു. സംഘത്തിന് സഹായം നൽകിയ ഗുജറാത്ത് സ്വദേശിയെ ഉടൻ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.



By admin