തിരുവനന്തപുരം: ആരോഗ്യമേഖലയിലെ സർക്കാർ കെടുകാര്യസ്ഥതയ്‌ക്കും അനാസ്ഥയ്‌ക്കും രക്തസാക്ഷിയായ കോട്ടയം തലയോലപറമ്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം. കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിച്ചത്. മകന്‍ നവനീതിന് സർക്കാർ ജോലിയും നല്‍കും. മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
എഞ്ചിനീയറിങ് ബിരുദധാരിയാണ് നവനീത്. രോഗിയായ മകൾക്ക് കൂട്ടിരിക്കാനെത്തിയ ബിന്ദു കെട്ടിടം ഇടിയുമ്പോൾ ശുചിമുറിയിൽ കുളിക്കുകയായിരുന്നു. സംഭവ ശേഷം അമ്മയെ കാണാനില്ലെന്ന് അച്ഛനെ മകൾ വിളിച്ചറിയിക്കുകയായിരുന്നു. അദ്ദേഹമാണ് ഭാര്യയെ കാണാനില്ലെന്ന് അധികൃതരെ അറിയിച്ചത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ബിന്ദുവിനെ പു റത്തെടുത്തത്. ആ സമയത്ത് ജീവനുണ്ടായിരുന്നുവെങ്കിലും അധികം വൈകാതെ മരിക്കുകയായിരുന്നു.
ബിന്ദുവിന്റെ മരണം സര്‍ക്കാരിനെതിരായ വലിയ പ്രതിഷേധങ്ങളിലേക്ക് നയിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം വൈകിയെന്നടക്കം ആരോപണമുയര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ പറഞ്ഞതാണ് രക്ഷാപ്രവര്‍ത്തനം വൈകിച്ചു. ആരോപണങ്ങള്‍ സര്‍ക്കാര്‍ തള്ളിയെങ്കിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു.