മുംബൈ : വേനൽക്കാലത്ത് ഏറ്റവും കൂടുതൽ കഴിക്കുന്ന പഴങ്ങളിൽ ഒന്നാണ് തണ്ണിമത്തൻ . എന്നാൽ ഇപ്പോൾ മുംബൈയിൽ ഒരു കുടുംബത്തിലെ നാല് പേർ തണ്ണിമത്തനിൽ നിന്നുള്ള ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതായി റിപ്പോർട്ട് . ബന്ധുക്കൾ കൊണ്ടുവന്ന തണ്ണിമത്തനാണ് ഇവർ കഴിച്ചത്.
മുംബൈയിലെ പൈധുനി പ്രദേശത്താണ് സംഭവം. അബ്ദുള്ള ദൊകാഡിയ (40), നസ്രീൻ ദൊകാഡിയ (35), അവരുടെ പെൺമക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. രാത്രി 10:30 ഓടെ ഇവർ മറ്റ് അഞ്ച് ബന്ധുക്കളോടൊപ്പം ബിരിയാണി കഴിച്ചിരുന്നു . ബന്ധുക്കൾ പിന്നീട് വീടുകളിലേക്ക് മടങ്ങി. ശേഷം ഇവർ നാലുപേരും തണ്ണിമത്തൻ കഴിച്ചു. എന്നാൽ ഞായറാഴ്ച രാവിലെ അഞ്ചരയോടെ നാലുപേർക്കും ഛർദ്ദിയും വയറിളക്കവും ഉണ്ടായി.
തുടർന്ന് അവർ കുടുംബ ഡോക്ടറെ കാണുകയും അദ്ദേഹം ഇവരെ ജെജെ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. അവിടെ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും . പോസ്റ്റ്‌മോർട്ട റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.