
കൊല്‍ക്കത്ത: ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തിനായി കൊല്‍ക്കത്തയിലേക്കെത്താനാണ് സാധ്യത. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ സംഘാടകരുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിവരികയാണ്.
ഫിഫ ലോകകപ്പ് 2026 സമയത്താണ് സിബിഎഫില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. ലോകകപ്പിനിടെ ഭാരതീയരായ ആരാധകരില്‍ നിന്ന് സെലീഷാവോയ്‌ക്ക് ലഭിച്ച വമ്പിച്ച പിന്തുണയാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രേരകശക്തി. റിപ്പോര്‍ട്ട് അനുസരിച്ച്, സപ്തംബര്‍ അവസാനത്തിനും ഒക്ടോബര്‍ തുടക്കത്തിനും ഇടയില്‍ ബ്രസീല്‍ മൂന്ന് സൗഹൃദ മത്സരങ്ങള്‍ കളിക്കും.
ഓസ്‌ട്രേലിയയ്‌ക്കെതിരെ സപ്തംബര്‍ 25ന് ടൗണ്‍സ്‌വില്ലും സപ്തംബര്‍ 29ന് ബ്രിസ്‌ബേനിലും രണ്ട് മത്സരങ്ങള്‍ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
ഭാരതത്തില്‍ ആതിഥേയത്വം വഹിക്കാന്‍ സാധ്യതയുള്ള മൂന്നാമത്തെ മത്സരത്തിനായി സിബിഎഫ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. നിര്‍ദിഷ്ട മത്സരത്തില്‍ ബ്രസീലിന്റെ എതിരാളിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും, ബംഗ്ലാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നിവിടങ്ങളില്‍നിന്ന് ടീമുകളെ തീരുമാനിക്കും. എന്നിരുന്നാലും, ഈ ഘട്ടത്തില്‍ ഭാരതവുമായുള്ള ചര്‍ച്ചകള്‍ മാത്രമേ പുരോഗമിക്കുന്നുള്ളൂ. ഈ ഏക മത്സരം കൊല്‍ക്കത്തയില്‍ വെച്ച് തന്നെ നടത്തുകയാണെങ്കില്‍, അത് നഗരത്തിന്റെയും ബ്രസീലിയന്‍ ഫുട്‌ബോളിന്റെയും ദീര്‍ഘകാല ബന്ധത്തിന് മറ്റൊരു അധ്യായം കൂടി കൂട്ടിച്ചേര്‍ക്കും. 1977ല്‍ മോഹന്‍ ബഗാനെതിരെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ന്യൂയോര്‍ക്ക് കോസ്‌മോസിനൊപ്പം പെലെ കളിച്ചിരുന്നു.