• Sat. Sep 21st, 2024

24×7 Live News

Apdin News

ഭാരതം പിന്നാക്കം പോകാന്‍ കാരണം വിശ്വകര്‍മജരെ അവഗണിച്ചത്: മോദി

Byadmin

Sep 21, 2024



മുംബൈ: വിശ്വകര്‍മജരെ അവഗണിച്ചതാണ് ഭാരതം പിന്നാക്കമാകാന്‍ കാരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്‌ട്രയിലെ വാര്‍ധയില്‍ ദേശീയ വിശ്വകര്‍മ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പിഎം വിശ്വകര്‍മ യോജനയ്‌ക്ക് ഒരു വര്‍ഷം തികയുകയാണ്. രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള ഉപാധിയാണ് പരമ്പരാഗത കരകൗശല വൈദഗ്ധ്യം. നമ്മുടെ അഭിവൃദ്ധിയുടെ അടിസ്ഥാനം ചിരപുരാതനമായ കഴിവുകളാണ്. നമ്മുടെ കല, എന്‍ജിനീയറിങ്, ശാസ്ത്രം, ലോഹശാസ്ത്രം എന്നിവ സമാനതകളില്ലാത്തതാണ്. ‘ഭാരതം ലോകത്തിലെ ഏറ്റവും വലിയ വസ്ത്രനിര്‍മാതാക്കളായിരുന്നു. തടിപ്പണിക്കാര്‍, സ്വര്‍ണപ്പണിക്കാര്‍, മണ്‍പത്രം നിര്‍മിക്കുന്നവര്‍, ശില്‍പി, ചെരുപ്പുണ്ടാക്കുന്നവര്‍ തുടങ്ങി നിരവധി പ്രൊഫഷണലുകള്‍ നമ്മുടെ പുരോഗതിയുടെ അടിത്തറയാണ്. തദ്ദേശീയമായ ഈ കഴിവുകളെ തുടച്ചുനീക്കാന്‍ ബ്രിട്ടീഷുകാര്‍ ഗൂഢാലോചനകള്‍ തന്നെ നടത്തി. ഗ്രാമീണ വ്യവസായത്തെ പ്രോത്സാഹിപ്പിച്ചത് ഗാന്ധിജിയാണ്. എന്നാല്‍ സ്വാതന്ത്ര്യാനന്തരം മാറിമാറി വന്ന സര്‍ക്കാരുകള്‍ ഈ വൈദഗ്ധ്യത്തിന് അര്‍ഹമായ ആദരവ് നല്കിയില്ല. കരകൗശല വിദ്യകളെയും വൈദഗ്ധ്യങ്ങളെയും ബഹുമാനിക്കാന്‍ മറന്നു, മുന്‍ സര്‍ക്കാരുകള്‍ വിശ്വകര്‍മ സമൂഹത്തെ നിരന്തരം അവഗണിച്ചു. അതിന്റെ ഫലമായി ഭാരതം പിന്നാക്കമായി. ഇതിന് പരിഹാരമാണ് തന്റെ സര്‍ക്കാര്‍ കൊണ്ടുവന്ന വിശ്വകര്‍മ യോജന.

കഴിഞ്ഞ വര്‍ഷം, 18 വ്യത്യസ്ത പരമ്പരാഗത വൈദഗ്ധ്യമുള്ള 20 ലക്ഷത്തിലധികം പേരെ പ്രധാനമന്ത്രി വിശ്വകര്‍മ യോജനയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 8 ലക്ഷത്തിലധികം കരകൗശല തൊഴിലാളികള്‍ക്കും കരകൗശല വിദഗ്ധര്‍ക്കും നൈപുണ്യ പരിശീലനം നല്കി. ഉല്‍പാദനക്ഷമതയും ഉത്പന്നങ്ങളുടെ ഗുണനിലവാരവും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ആധുനിക ഉപകരണങ്ങള്‍, 15,000 രൂപയുടെ ഇ-വൗച്ചര്‍, അവരുടെ ബിസിനസ് വിപുലീകരിക്കുന്നതിന് ഗ്യാരന്റി കൂടാതെ 3 ലക്ഷം രൂപ വരെ വായ്പ എന്നിവയും 6 ലക്ഷത്തിലധികം വിശ്വകര്‍മജര്‍ക്ക് നല്കി. ഒരു വര്‍ഷത്തിനുള്ളില്‍ 1400 കോടി രൂപയുടെ വായ്പ വിശ്വകര്‍മജര്‍ക്ക് നല്കി, മോദി പറഞ്ഞു.

By admin