പീയൂഷ് ഗോയല്‍
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി
നാഴികക്കല്ലായി മാറുന്ന ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍, ഇന്ത്യയിലെ കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, കരകൗശല വിദഗ്ധര്‍, ചെറുകിട വ്യാപാരികള്‍ അടക്കമുള്ളവര്‍ക്ക് ആഗോളതലത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കാനും, അനവധിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും, സാധാരണക്കാര്‍ക്ക് മത്സരാധിഷ്ഠിത നിരക്കില്‍ ഉന്നത നിലവാരമുള്ള ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനും വഴിയൊരുക്കും. ഓസ്‌ട്രേലിയ, യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍ രാജ്യങ്ങള്‍, യുഎഇ എന്നിവയുള്‍പ്പെടെയുള്ള മറ്റ് വികസിത രാജ്യങ്ങളുമായി ഇതിനോടകം ഇന്ത്യ യാഥാര്‍ത്ഥ്യമാക്കിയ സമാനമായ കരാറുകളുടെ തുടര്‍ച്ചയാണിത്. 2047 ല്‍ വികസിതഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് സാമ്പത്തിക വളര്‍ച്ചയും തൊഴിലവസര സൃഷ്ടിയും പരമാവധിയിലെത്തിക്കുക എന്ന മോദി സര്‍ക്കാരിന്റെ തന്ത്രത്തിന്റെ ഭാഗമാണിത്.
പ്രധാനമന്ത്രിയുടെ നയോപായം
ആഗോളതലത്തില്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട ആത്മവിശ്വാസം പുനര്‍നിര്‍മ്മിക്കുന്നതിനും, വിദേശ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഭാരത വിപണിയെ ആകര്‍ഷകമാക്കിത്തീര്‍ക്കുന്നതിനുമുള്ള ദൃഢനിശ്ചയത്തോടെയുള്ള തന്ത്രം 2014-മുതല്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചു പോരുന്നു. ഈ വിശാലമായ തന്ത്രത്തിന്റെ ഭാഗമായാണ് ഒന്നിനുപുറകെ ഒന്നായി വികസിത രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഏര്‍പ്പെടുന്നത്. വ്യാപാര നയങ്ങള്‍ സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുന്ന സ്വതന്ത്ര വ്യാപാര കരാറുകള്‍ നിക്ഷേപകരുടെ ആത്മവിശ്വാസം പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. നമ്മുടെ വിപണി മത്സരരാജ്യങ്ങള്‍ക്ക് മുന്നില്‍ മലര്‍ക്കെ തുറന്നുകൊണ്ട് തദ്ദേശീയ വ്യാപാര മേഖലയെ അപകടത്തിലേക്ക് നയിച്ച മുന്‍ ഭരണകൂടത്തിന്റെ സമീപനത്തില്‍ നിന്ന് വ്യത്യസ്തമായി, നമ്മളുമായി മത്സരാധിഷ്ഠിത വ്യാപാര താത്പര്യങ്ങളില്ലാത്ത വികസിത രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഏര്‍പ്പെടുന്നത് ഇരുപക്ഷത്തിനും ഗുണപ്രദമാകും. യുപിഎ ഭരണകാലത്ത്, വികസിത രാജ്യങ്ങള്‍ ഭാരതവുമായുള്ള വ്യാപാര ചര്‍ച്ചകള്‍ ഏതാണ്ട് ഉപേക്ഷിച്ച മട്ടായിരുന്നു. അന്ന് ആഗോളതലത്തില്‍ ‘ദുര്‍ബലമായ അഞ്ച്’ സമ്പദ്വ്യവസ്ഥകളില്‍ ഒന്നായാണ് ഭാരതം കണക്കാക്കപ്പെട്ടിരുന്നത്. 2014-ന് ശേഷമുള്ള കാലയളവില്‍, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍, നമ്മുടെ മൊത്ത ആഭ്യന്തര ഉത്പാദനം ഏകദേശം മൂന്നിരട്ടി വര്‍ദ്ധിച്ച് ഏകദേശം 331 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. വിപ്ലവകരമായ പരിഷ്‌ക്കാരങ്ങള്‍, സുഗമമായ ബിസിനസ് അന്തരീക്ഷം, പ്രധാനമന്ത്രിയുടെ ആഗോള സ്വീകാര്യത എന്നിവ ശക്തമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിച്ചു. ഇന്ന്, ലോകം അപ്രതിരോധ്യമായ നമ്മുടെ വിജയ ഗാഥയില്‍ പങ്കാളികളാകാനും സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാനും ആഗ്രഹിക്കുന്നു.
വിപണി പ്രവേശനം, മത്സരക്ഷമത
യുകെ വിപണിയിയുടെ സമസ്ത മേഖലകളിലും ഭാരത ഉത്പന്നങ്ങള്‍ക്ക് സമഗ്രമായ വിപണി പ്രവേശനം ഉറപ്പാക്കും. വ്യാപാര മൂല്യത്തിന്റെ ഏകദേശം 100% ഉള്‍ക്കൊള്ളുന്ന ഉത്പന്നങ്ങളില്‍ ഏകദേശം 99% ത്തിനും നികുതി ഒഴിവാക്കിയിട്ടുണ്ട്. 2030 ആകുന്നതോടെ വ്യാപാരം ഇരട്ടിയാകുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് 56 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരത്തിനുള്ള വലിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നു. നമ്മുടെ ഉത്പന്നങ്ങള്‍ക്ക് സമാനമേഖലയിലെ എതിരാളികളേക്കാള്‍ മത്സരക്ഷമതയില്‍ വ്യക്തമായ മുന്‍തൂക്കമുള്ള സാഹചര്യത്തില്‍ ചെറുകിട ബിസിനസുകള്‍ അഭിവൃദ്ധിപ്പെടും. സോക്കര്‍ ബോളുകള്‍, ക്രിക്കറ്റ് ഗിയര്‍, റഗ്ബി ബോളുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന കമ്പനികള്‍ യുകെയിലെ ബിസിനസ്സ് ഗണ്യമായി വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
അനവധിയായ തൊഴിലവസരങ്ങള്‍
ഇന്ത്യയുടെ മത്സരക്ഷമത കയറ്റുമതി ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും നിക്ഷേപത്തിലും തൊഴിലവസരങ്ങളിലും തരംഗം സൃഷ്ടിക്കുകയും ചെയ്യും. തുണിത്തരങ്ങള്‍, തുകല്‍, പാദരക്ഷകള്‍ എന്നിവയില്‍ യുകെയിലെ ആദ്യ മൂന്ന് വിതരണക്കാരില്‍ ഒന്നായി മാറാന്‍നമുക്കു എല്ലാ സാധ്യതയുമുണ്ട്. ഇത് ചെറുകിട ബിസിനസുകള്‍, വനിതകള്‍ ഉള്‍പ്പെടെയുള്ള കരകൗശല വിദഗ്ധര്‍, കൈത്തൊഴിലുകാര്‍ തുടങ്ങി സാധാരണക്കാരെപ്പോലും ആഗോള മൂല്യ ശൃംഖലയിലെ നിര്‍ണ്ണായക ശക്തിയായി ഉയര്‍ന്നുവരാന്‍ സഹായിക്കും. രത്നങ്ങളും ആഭരണങ്ങളും, എഞ്ചിനീയറിംഗ് സാധനങ്ങള്‍, രാസവസ്തുക്കള്‍, ഫോണുകള്‍ പോലുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ വലിയ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നു.
കര്‍ഷകര്‍ക്ക് പ്രഥമ പരിഗണന
95% കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും, സംസ്‌ക്കരിച്ച ഭക്ഷ്യ വസ്തുക്കള്‍ക്കും പൂര്‍ണ്ണമായും നികുതി ഒഴിവാക്കും. ഇത് കാര്‍ഷിക കയറ്റുമതിയിലും ഗ്രാമീണ അഭിവൃദ്ധിയിലും ദ്രുതഗതിയിലുള്ള മുന്നേറ്റത്തിന് വഴിയൊരുക്കും. തീരുവരഹിത വിപണി പ്രവേശനം മൂന്ന് വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക കയറ്റുമതി 20%-ത്തിലധികം വര്‍ദ്ധിപ്പിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് 2030 ആകുമ്പോഴേക്കും നമ്മുടെ 100 ബില്യണ്‍ ഡോളര്‍ കാര്‍ഷിക കയറ്റുമതി എന്ന ലക്ഷ്യത്തിലേക്ക് ഗണ്യമായ സംഭാവന നല്‍കുമെന്ന് കണക്കാക്കപ്പെടുന്നു. ജര്‍മ്മനി, നെതര്‍ലാന്‍ഡ്‌സ്, മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവ ആസ്വദിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് തുല്യമായോ അതിലധികമായോ ഉള്ള ആനുകൂല്യങ്ങളോടെ ഭാരത കര്‍ഷകര്‍ക്കായി അധികമൂല്യമുള്ള യുകെ വിപണി തുറന്നു കിട്ടുമെന്നതാണ് ഇതിന് കാരണം.
മഞ്ഞള്‍, കുരുമുളക്, ഏലം, മാമ്പഴ പള്‍പ്പ്, അച്ചാറുകള്‍, പയറുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ സംസ്‌ക്കരിച്ച ഉത്പന്നങ്ങള്‍ക്കും നികുതിരഹിത വിപണി പ്രവേശനം ലഭ്യമാകും. ഉയര്‍ന്ന കയറ്റുമതി കാര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കുകയും ഗുണനിലവാരം, പാക്കേജിംഗ്, സര്‍ട്ടിഫിക്കേഷന്‍ എന്നിവയ്‌ക്ക് പ്രോത്സാഹനമേകുകയും ചെയ്യും. ഇത് കാര്‍ഷിക മൂല്യ ശൃംഖലയിലുടനീളം ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
ദുര്‍ബല മേഖലകള്‍ക്ക് സംരക്ഷണം
ആഭ്യന്തര കര്‍ഷകരെ സംരക്ഷിക്കുന്നതിനായി കാര്‍ഷിക മേഖലയിലെ അതീവ സംവേദനാത്മകമായ വിഭാഗങ്ങളെ കരാര്‍ ഒഴിവാക്കുന്നു. പാലുല്‍പ്പന്നങ്ങള്‍, ഓട്‌സ്, പാചക എണ്ണകള്‍ എന്നിവയ്‌ക്ക് ഭരതം യാതൊരു നികുതി ഇളവുകളും നല്‍കിയിട്ടില്ല. ഭക്ഷ്യസുരക്ഷ, ആഭ്യന്തര വിലസ്ഥിരത, ദുര്‍ബല കര്‍ഷക സമൂഹങ്ങള്‍ എന്നിവയ്‌ക്ക് മുന്‍ഗണന നല്‍കാനുള്ള മോദി സര്‍ക്കാരിന്റെ ഉറച്ച നയകുശലതയാണ് ഈ ഒഴിവാക്കലുകളിലൂടെ പ്രതിഫലിക്കുന്നത്.
മത്സ്യത്തൊഴിലാളികള്‍ക്ക് അഭിവൃദ്ധി
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍, പ്രത്യേകിച്ച് ആന്ധ്രാപ്രദേശ്, ഒഡീഷ, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്ക്, യുകെയുടെ സമുദ്ര വിപണിയിലേക്കുള്ള പ്രവേശനത്തിലൂടെ അതിശയകരമായ അഭിവൃദ്ധി സാധ്യമാകും. യുകെയിലേക്കുള്ള ചെമ്മീനിന്റെയും മറ്റ് സമുദ്രോത്പന്നങ്ങളുടെയും ഇറക്കുമതി തീരുവ നിലവിലെ 20%ല്‍ നിന്ന് പൂജ്യമായി കുറയും. യുകെയുടെ 5.4 ബില്യണ്‍ ഡോളര്‍ സമുദ്ര ഇറക്കുമതിയുടെ 2.25% മാത്രമാണ് ഭാരതത്തിന്റെ പങ്ക് എന്നതിനാല്‍ സാധ്യതകള്‍ അനന്തമാണ്.
സേവനങ്ങളും പ്രൊഫഷണലുകളും
ഐടി/ഐടിഇഎസ്, സാമ്പത്തിക സേവനങ്ങള്‍, വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെയുള്ള സേവനങ്ങളെ കരാര്‍ ഉത്തേജിപ്പിക്കും. ഇത് ഇന്ത്യക്കാര്‍ക്കായി പുതുവഴികള്‍ സൃഷ്ടിക്കും. കരാര്‍ സേവന ദാതാക്കള്‍, ബിസിനസ്സ് യാത്രികര്‍, നിക്ഷേപകര്‍, യോഗ പരിശീലകര്‍, സംഗീതജ്ഞര്‍, പാചകവിദഗ്‌ദ്ധര്‍ ഉള്‍പ്പെടെ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ക്ക് അനുകൂലമായ സഞ്ചാര വ്യവസ്ഥകള്‍ ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്.
നൂതനമായ സ്വതന്ത്ര വ്യാപാര കരാറുകള്‍
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ യാഥാര്‍ത്ഥ്യമാക്കപ്പെടുന്ന ഭാരതത്തിന്റെ സ്വതന്ത്ര വ്യാപാര കരാറുകള്‍ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമപ്പുറം കടന്ന് പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നു. ഇന്ത്യയില്‍ ഒരു ദശലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഭാരതം ഉറപ്പാക്കി. യുകെയുമായുള്ള കരാറിന്റെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിലൊന്നാണ് ഡബിള്‍ കോണ്‍ട്രിബ്യുഷന്‍ കണ്‍വെന്‍ഷന്‍. ഇത് യുകെയിലെ തൊഴിലുടമകളെയും താത്ക്കാലിക ഭാരത തൊഴിലാളികളെയും മൂന്ന് വര്‍ഷത്തേക്ക് സാമൂഹിക സുരക്ഷാ സംഭാവനകളില്‍ നിന്ന് ഒഴിവാക്കുന്നു. ഇന്ത്യന്‍ സേവനദാതാക്കളുടെ മത്സരശേഷി ഇത് ഗണ്യമായി വര്‍ദ്ധിപ്പിക്കും.
ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍
വ്യാപാര കരാറുകള്‍ മത്സരം വര്‍ദ്ധിപ്പിക്കുന്നു, ഇത് നമ്മുടെ ഉപഭോക്താക്കള്‍ക്ക് മത്സരാധിഷ്ഠിത വിലയില്‍ ഉന്നത നിലവാരമുള്ള ഉത്പന്നങ്ങള്‍ ലഭിക്കാന്‍ സഹായകമാകും. ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി മോദി സര്‍ക്കാര്‍ നയപരമായ പിന്തുണ നല്‍കുകയും ഗുണനിലവാര നിയന്ത്രണ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചര്‍ച്ചകളില്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ഏതെങ്കിലും കരാറില്‍ ഒപ്പുവെക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ വ്യവസായ മേഖലയുമായും ബന്ധപ്പെട്ട പങ്കാളികളുമായും വിപുലമായ കൂടിയാലോചനകള്‍ നടത്തി വരുന്നു. മോദി സര്‍ക്കാര്‍ ഒപ്പുവച്ച ഓരോ സ്വതന്ത്ര വ്യാപാര കരാറിനെയും വ്യവസായ സംഘടനകള്‍ സര്‍വ്വാത്മനാ പിന്തുണയറിയിച്ച് സ്വാഗതം ചെയ്യുന്നു എന്നത് സന്തോഷകരമാണ്. നമ്മുടെ കാതലായ താത്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ, അടിസ്ഥാനജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവര്‍ക്ക് ആകര്‍ഷകമായ ആഗോള അവസരങ്ങള്‍ സ്വതന്ത്ര വ്യാപാര കരാറുകള്‍ തുറന്നു നല്‍കുന്നു. പുതിയ ഭാരതം എങ്ങനെയാണ് ബിസിനസ്സ് ബന്ധങ്ങളിലേര്‍പ്പെടുന്നത് എന്നതിന്റെ തിളക്കമാര്‍ന്ന ഉദാഹരണം കൂടിയാണിത്.