കഴിഞ്ഞ ദശകത്തില്‍, എണ്ണക്കുരുവില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, ഭാരതം കാര്‍ഷിക മേഖലയില്‍ പരിവര്‍ത്തന യാത്രയ്‌ക്കു തുടക്കംകുറിച്ചു. 2014-15 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍, എണ്ണക്കുരു ഉല്പാദനം 275 ലക്ഷം ടണ്ണില്‍നിന്ന് 426 ലക്ഷം ടണ്‍ എന്ന നിലയില്‍ 55% വര്‍ധിച്ചു. സംയുക്ത വാര്‍ഷിക വളര്‍ച്ചാനിരക്ക് (ഇഅഏഞ) 5% കവിഞ്ഞു. എണ്ണക്കുരു കൃഷിയുടെ വിസ്തീര്‍ണം 18% വര്‍ധിച്ച് 25.60 ദശലക്ഷം ഹെക്ടറില്‍ നിന്ന് 30.27 ദശലക്ഷം ഹെക്ടറായി. ഉല്പാദനക്ഷമത 31% വര്‍ധിച്ച് ഹെക്ടറിന് 1075 കിലോഗ്രാം എന്നതില്‍ നിന്ന് 1408 കിലോഗ്രാമായി. ഭക്ഷ്യ എണ്ണ ഉല്പാദനം 44% വര്‍ധിച്ച് 87 ലക്ഷം ടണ്ണില്‍ നിന്ന് 123 ലക്ഷം ടണ്ണായി. ഭക്ഷ്യസുരക്ഷയിലേക്കും സാമ്പത്തിക സ്വയംപര്യാപ്തതയിലേക്കും രാജ്യത്തിന്റെ വലിയ ചുവടുവയ്പുകളുടെ തെളിവായി ഇതു മാറി.
കാര്‍ഷിക വിപ്ലവത്തിന്റെ ദശകം:
2014-15 മുതല്‍, ഭാരതത്തിന്റെ എണ്ണക്കുരുമേഖല എല്ലാ പ്രധാന ഘടകങ്ങളിലും ശ്രദ്ധേയമായ പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഉയര്‍ന്ന വിളവു നല്‍കുന്ന വിത്തിനങ്ങളുടെ വ്യാപകമായ സ്വീകാര്യത, മെച്ചപ്പെട്ട ജലസേചന സൗകര്യങ്ങള്‍, സര്‍ക്കാരിന്റെ സുസ്ഥിരമായ നയ പിന്തുണ എന്നിവയാല്‍ ഉല്പാദനം 55% വര്‍ധിച്ച് 275.1 ലക്ഷം ടണ്ണില്‍ നിന്ന് 426.1 ലക്ഷം ടണ്ണായി ഉയര്‍ന്നു. തല്‍ഫലമായി ഭക്ഷ്യ എണ്ണ ഉല്പാദനം 44% വര്‍ദ്ധിച്ച് 87 ലക്ഷം ടണ്ണില്‍ നിന്ന് 125 ലക്ഷം ടണ്ണായി. കൃഷിയിടങ്ങളില്‍ 18% വര്‍ധനയുണ്ടായി. 256 ലക്ഷം ഹെക്ടറില്‍നിന്ന് 302.7 ലക്ഷം ഹെക്ടറായി ഉയര്‍ന്നു. ഇതു കര്‍ഷകരുടെ ആത്മവിശ്വാസം വര്‍ധിക്കുന്നതിനെയും, തരിശുഭൂമിയിലും ഉപയോഗശൂന്യമായ ഭൂമിയിലും എണ്ണക്കുരു കൃഷി നടത്താനുള്ള തന്ത്രപരമായ ശ്രമങ്ങളെയും പ്രതിഫലിപ്പിക്കുന്നു. സാങ്കേതിക പുരോഗതിയും മികച്ച കൃഷിരീതികളും ഉല്പാദനക്ഷമത കൂടുതല്‍ മെച്ചപ്പെടുത്തി. ഹെക്ടറിന് 1075 കിലോഗ്രാമില്‍ നിന്ന് 1408 കിലോഗ്രാമായി വര്‍ധിച്ചു. റാപ് സീഡ്, കടുക്, സോയാബീന്‍, നിലക്കടല തുടങ്ങിയ പ്രധാന എണ്ണക്കുരു വിളകളാണു വളര്‍ച്ചയ്‌ക്കു കാരണം. തെങ്ങ്, പരുത്തിക്കുരു, തവിട് തുടങ്ങിയ ദ്വിതീയ സ്രോതസുകളും ഉല്പാദനം വര്‍ധിപ്പിച്ചു.
കര്‍ഷകരെ ശാക്തീകരിക്കല്‍: കുറഞ്ഞ താങ്ങുവിലയും സംഭരണവിപ്ലവവും
ഈ കാര്‍ഷിക പരിവര്‍ത്തനത്തിന്റെ അടിസ്ഥാനം എണ്ണക്കുരുവിന്റെ കുറഞ്ഞ താങ്ങുവില ഗണ്യമായി വര്‍ധിപ്പിച്ചതാണ്. ഇത് കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ക്ക് ആദായകരമായ വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. എണ്ണക്കുരുവിന്റെ താങ്ങുവിലയില്‍ വലിയ വര്‍ധനവാണുണ്ടായത്. 2014-15 നെ അപേക്ഷിച്ച് നൈജര്‍ വിത്ത് 142.14% (ക്വിന്റലിന് 3600 രൂപയില്‍ നിന്ന് 8717 രൂപയായി), എള്ള് 101.46% (ക്വിന്റലിന് 9267 രൂപയായി), റാപ്സീഡ്കടുക് 91.94%, നിലക്കടല 69.58% എന്നിങ്ങനെ വര്‍ധിച്ചു. ഇതു കര്‍ഷകരുടെ വരുമാനം ഗണ്യമായി വര്‍ധിക്കുന്നുവെന്നുറപ്പാക്കുകയും എണ്ണക്കുരു കൃഷി ലാഭകരമാക്കുകയും ചെയ്തു.
താങ്ങുവിലയിലെ ഈ വലിയ കുതിപ്പ് സര്‍ക്കാര്‍ സംഭരണ പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ വര്‍ധന സൃഷ്ടിച്ചു. 201415ല്‍, എണ്ണക്കുരുക്കളുടെ സര്‍ക്കാര്‍ സംഭരണം വളരെ കുറവായിരുന്നു. ഒന്നോ രണ്ടോ വിളകളില്‍ മാത്രമായി പരിമിതപ്പെടുത്തി ഏകദേശം 4200 മെട്രിക് ടണ്‍ എന്ന നിലയിലായിരുന്നു സംഭരണം. 2024-25 ആയപ്പോഴേക്കും സംഭരണം 41.8 ലക്ഷം മെട്രിക് ടണ്ണിലധികം എന്ന നിലയില്‍ വര്‍ധിച്ചു. ഇതില്‍ പ്രധാന വിളകളായ നിലക്കടല (17.7 ലക്ഷം മെട്രിക് ടണ്‍), സോയാബീന്‍ (20 ലക്ഷം മെട്രിക് ടണ്‍), റാപ്സീഡ്/കടുക് (4 ലക്ഷം മെട്രിക് ടണ്‍) എന്നിവ ഉള്‍പ്പെടുന്നു. പിഎംആശ പോലുള്ള പദ്ധതികളിലൂടെയുള്ള ഈ ശ്രദ്ധേയ വര്‍ധന, എംഎസ്പി ഇടപെടലുകള്‍ അര്‍ഥവത്തായ തോതില്‍ നടപ്പാക്കുന്നതിനെ സൂചിപ്പിക്കുന്നു. വിപണിയിലെ അസ്ഥിരതയ്‌ക്കിടയില്‍ കര്‍ഷകര്‍ക്കിതു വരുമാന സുരക്ഷയും ഉറപ്പാക്കുന്നു.
താങ്ങുവിലയിലെ വളര്‍ച്ചയ്‌ക്കും സംഭരണ പിന്തുണയ്‌ക്കും അനുബന്ധമായി, ഭക്ഷ്യ എണ്ണകളില്‍ സ്വയംപര്യാപ്തത ത്വരിതപ്പെടുത്തുന്നതിന്, സര്‍ക്കാര്‍ രണ്ടു പ്രധാന ദൗത്യങ്ങള്‍ ആരംഭിച്ചു: ഭക്ഷ്യ എണ്ണകള്‍ക്കായുള്ള ദേശീയ ദൗത്യം എണ്ണക്കുരുക്കള്‍ (2024), ഭക്ഷ്യ എണ്ണകള്‍ക്കായുള്ള ദേശീയ ദൗത്യം എണ്ണപ്പന (2021). 10,103 കോടി രൂപയുടെ ബജറ്റില്‍, 2030-31 ഓടെ ഉല്പാദനം ഇരട്ടിയാക്കി 69.7 ദശലക്ഷം ടണ്ണായി ഉയര്‍ത്താനും, 40 ലക്ഷം ഹെക്ടര്‍ തരിശുഭൂമിയിലേക്ക് കൃഷി വ്യാപിപ്പിക്കാനും, ഉയര്‍ന്ന വിളവു നല്‍കുന്ന വിത്തിനങ്ങളും ക്ലസ്റ്റര്‍ അധിഷ്ഠിത മാതൃകകളും പ്രോത്സാഹിപ്പിക്കാനും എണ്ണക്കുരുക്കള്‍ക്കായുള്ള ദൗത്യം ലക്ഷ്യമിടുന്നു. അതേസമയം, 11,040 കോടി രൂപയുടെ പിന്തുണയോടെ, വടക്കുകിഴക്കന്‍, ആന്‍ഡമാന്‍ മേഖലകളില്‍ എണ്ണപ്പന കൃഷി വ്യാപിപ്പിക്കുന്നതില്‍ ഈ ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്‌ക്കുന്നതിനും അതിന്റെ ഉയര്‍ന്ന ഉല്പാദനക്ഷമതയും വരുമാന സാധ്യതയും പ്രയോജനപ്പെടുത്തുന്നു.
ഉപഭോഗം, ഇറക്കുമതി, ആരോഗ്യം എന്നിവയെ അഭിസംബോധന ചെയ്യല്‍
ആഭ്യന്തര ഉല്പാദനം ശ്രദ്ധേയമായി വളര്‍ന്നിട്ടുണ്ടെങ്കിലും, വര്‍ധിക്കുന്ന വരുമാനം, നഗരവല്‍ക്കരണം, സംസ്‌കരിച്ചതും പാക്കേജു ചെയ്തതുമായ ഭക്ഷണങ്ങളിലേക്കുള്ള മാറ്റം എന്നിവ 2023-24ല്‍ ഭാരതത്തിന്റെ ഭക്ഷ്യ എണ്ണ ഉപഭോഗം 27.8 ദശലക്ഷം ടണ്ണായി ഉയര്‍ത്തി. പ്രതിശീര്‍ഷ ഉപഭോഗം 19.3 കിലോഗ്രാം ആയി. ഇത് ഇന്ത്യന്‍ വൈദ്യശാസ്ത്ര ഗവേഷണ സമിതി ശിപാര്‍ശ ചെയ്യുന്ന 12 കിലോഗ്രാം എന്ന നിലയേക്കാള്‍ ഏകദേശം 60% കൂടുതലാണ്. 1950കളെ അപേക്ഷിച്ച് ആവശ്യകതയില്‍ വന്നത് അഞ്ചിരട്ടി വര്‍ധനയാണ്. രാജ്യത്ത് എണ്ണക്കുരുക്കളുടെ ഉല്പാദനത്തില്‍ ശ്രദ്ധേയ വളര്‍ച്ച രേഖപ്പെടുത്തിയിട്ടും ഇറക്കുമതി ചെയ്ത എണ്ണകളെ ആശ്രയിക്കാനുള്ള കാരണവും ഇതാണ്. കൂടാതെ, ഭക്ഷ്യ എണ്ണകളുടെ ഉയര്‍ന്ന ഉപഭോഗം അഭികാമ്യമല്ലാത്ത ആരോഗ്യ പ്രത്യാഘാതങ്ങളും സൃഷ്ടിക്കുന്നു. ഇത് അമിതവണ്ണവും സാംക്രമികേതര രോഗങ്ങളും വര്‍ധിക്കുന്നതിനു കാരണമാകുന്നു. ഭക്ഷണത്തിലെ അമിതമായ കൊഴുപ്പിനാലുണ്ടാകുന്ന രോഗങ്ങളുടെ കാര്യത്തില്‍ 2030 ഓടെ ഭാരതത്തിന് 4.58 ട്രില്യണ്‍ രൂപ ചെലവുവരുമെന്നാണു കണക്കാക്കുന്നത്. ഇത് തിരിച്ചറിഞ്ഞ്, അമിതവണ്ണം, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട്, എണ്ണ ഉപഭോഗത്തില്‍ 10% കുറവു വരുത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ആരോഗ്യത്തിനപ്പുറം, ആഭ്യന്തര വിതരണ ആവശ്യകത ചലനാത്മകതയെ സന്തുലിതമാക്കാനും ഇറക്കുമതി സമ്മര്‍ദം കുറയ്‌ക്കാനും ഇതു സഹായിക്കും.
സ്വയംപര്യാപ്തത ശക്തിപ്പെടുത്തല്‍: സാമ്പത്തിക-പാരിസ്ഥിതിക നേട്ടങ്ങള്‍
ഭാരതം ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണകളെ, പ്രത്യേകിച്ച് ഈന്തപ്പന, സോയാബീന്‍ എന്നിവയെ, അമിതമായി ആശ്രയിക്കുന്നതു പ്രധാന സാമ്പത്തിക ദുര്‍ബലാവസ്ഥ സൃഷ്ടിച്ചു. 2024-25 ആയപ്പോഴേക്കും, ലക്ഷ്യമിട്ട സര്‍ക്കാര്‍ പിന്തുണയും താരിഫ് നടപടികള്‍ പ്രാപ്തമാക്കുന്നതും മത്സരരംഗത്തു സന്തുലിതാവസ്ഥ കൈവരിക്കാന്‍ സഹായിച്ചു, ഇത് ആഭ്യന്തര എണ്ണകളെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കി. ഈ മാറ്റം കടുക്, നിലക്കടല, എള്ള് എന്നിവയുടെ കൃഷിയെ പ്രോത്സാഹിപ്പിച്ചു. ഇവ ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന കാര്‍ഷികകാലാവസ്ഥാ മേഖലകള്‍ക്ക് അനുയോജ്യമാണ്. കൂടാതെ, തവിട്, പരുത്തിക്കുരു തുടങ്ങിയ ആരോഗ്യകരമായ എണ്ണമിശ്രിതങ്ങളുടെ പ്രോത്സാഹനം രാജ്യത്തിന്റെ സമൃദ്ധമായ അരിയുടെയും പരുത്തിയുടെയും ഉല്പാദനത്തില്‍ പ്രയോജനമേകുകയും ചെയ്യുന്നു. ഒരു ദശാബ്ദം മുന്‍പു വരെ ഇതിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നില്ല.
ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്‌ക്കുന്നതിലൂടെയും വിദേശനാണ്യ കരുതല്‍ ശേഖരം സംരക്ഷിക്കുന്നതിലൂടെയും സാമ്പത്തിക അതിജീവനശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമല്ല, പാരിസ്ഥിതികമായ പ്രയോജനങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ ശ്രമങ്ങള്‍ കാരണമാകുന്നു. ചെറുകിട ഉടമകള്‍ നയിക്കുന്ന എണ്ണപ്പന വികാസത്തോടൊപ്പം തരിശുഭൂമികളില്‍ എണ്ണക്കുരുക്കള്‍ കൃഷി ചെയ്യുന്നതില്‍ ഊന്നല്‍ നല്‍കുന്നത് പാരിസ്ഥിതിക തടസ്സങ്ങള്‍ കുറയ്‌ക്കുകയും ജൈവവൈവിധ്യം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല, വിശാലമായ കാലാവസ്ഥാ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന കാര്‍ബണ്‍ സിങ്കുകളായി ഇത്തരം ഭൂവിനിയോഗ രീതികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും. തദ്ദേശീയ എണ്ണ മിശ്രിതങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ആരോഗ്യകരമായ ബദലുകള്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഭാരതത്തിന്റെ സ്വാഭാവിക ശക്തികളില്‍ വേരൂന്നിയ സുസ്ഥിര കാര്‍ഷിക രീതികള്‍ക്കും കരുത്തു പകരുന്നു.
പുരോഗതിയുടെ ദശകത്തില്‍ രൂപം കൊണ്ട പ്രയോജന ചക്രം
ഒരു ദശകത്തിലെ ശ്രദ്ധേയമായ വളര്‍ച്ചയിലും തന്ത്രപരമായ ഇടപെടലുകളിലും ആഴത്തില്‍ വേരൂന്നിയ ഭാരതത്തിന്റെ എണ്ണക്കുരു വിപ്ലവം, രാജ്യത്തിന്റെ കാര്‍ഷിക പ്രതിരോധശേഷിക്കും നയപരമായ പ്രതിജ്ഞാബദ്ധതയ്‌ക്കും തെളിവായി നിലകൊള്ളുന്നു. ഭക്ഷ്യ എണ്ണകള്‍ക്കായുള്ള ദേശീയ ദൗത്യം പോലുള്ള കേന്ദ്രീകൃത ദൗത്യങ്ങളിലൂടെ ആഭ്യന്തര ഉല്പാദനം വര്‍ധിപ്പിക്കുന്നതിലൂടെയും, സുസ്ഥിര കാര്‍ഷിക രീതികള്‍ സ്വീകരിക്കുന്നതിലൂടെയും, ശ്രദ്ധാപൂര്‍വമായ ഉപഭോഗം വളര്‍ത്തുന്നതിലൂടെയും, ഗണ്യമായ ഇറക്കുമതി ഭാരം കുറയ്‌ക്കാന്‍ ഭാരതം ലക്ഷ്യമിടുന്നു. മാത്രമല്ല, ആരോഗ്യകരവും കൂടുതല്‍ സ്വയംപര്യാപ്തവും സാമ്പത്തികമായി കരുത്തുറ്റതുമായ ഭാവിയിലേക്കുള്ള പാത സൃഷ്ടിക്കുകയും ചെയ്യുന്നു.