• Wed. May 13th, 2026

24×7 Live News

Apdin News

ഭാരതത്തിന്റെ കായിക ഭാവി രൂപപ്പെടുത്തിയ ചിന്താശിബിരം

Byadmin

May 13, 2026


ഭാരതത്തിന്റെ കായികയാത്രയില്‍ നിര്‍ണായകമായ ഘട്ടത്തിലൂടെയാണു നാം കടന്നുപോകുന്നത്. ലക്ഷ്യബോധവും നിക്ഷേപവും പ്രചോദനവും മുമ്പെങ്ങുമില്ലാത്തവിധം ഒത്തുചേരുന്ന കാലഘട്ടമാണിത്.

കഴിഞ്ഞ പതിറ്റാണ്ടില്‍, നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ കായികരംഗം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അവസ്ഥയില്‍നിന്നു മുഖ്യധാരയിലേക്കെത്തിയിരിക്കുന്നു. വെറും മത്സരം എന്നതിലുപരി ആരോഗ്യം, അച്ചടക്കം, നാടിന്റെ പെരുമ എന്നിവയ്‌ക്കുള്ള ഉപാധിയായും കായികരംഗത്തെ ജനങ്ങള്‍ കാണുന്നുണ്ട് എന്നതിന് ഇന്നു വ്യക്തമായ തെളിവുകളുണ്ട്. ഇന്നു സംസ്ഥാന ഗവണ്മെന്റുകള്‍, സന്നദ്ധസംഘടനകള്‍, കോര്‍പ്പറേറ്റുകള്‍, ഫെഡറേഷനുകള്‍, താഴേത്തട്ടിലുള്ള സ്ഥാപനങ്ങള്‍ എന്നിവയെല്ലാം കായികരംഗത്തിന്റെ വളര്‍ച്ചയ്‌ക്കായി സജീവമായി സംഭാവനചെയ്യുന്ന വിശാലവും വൈവിധ്യപൂര്‍ണവുമായ വ്യവസ്ഥിതിക്കാണു നാം സാക്ഷ്യംവഹിക്കുന്നത്.

ഇന്ത്യന്‍ കായിക രംഗത്തിന്റെ കുതിപ്പിനെ സംബന്ധിച്ച് നടന്ന ചിന്താശിബിരത്തില്‍ ഞാന്‍ പങ്കെടുക്കുകയുണ്ടായി. ചിന്താശിബിരത്തെ സവിശേഷമാക്കുന്നത് ഈ പങ്കാളികളെയെല്ലാം ഒറ്റ വേദിയില്‍ കൊണ്ടുവരാനുള്ള കെല്‍പ്പാണ്. കായികരംഗം സ്വാഭാവികമായും ഉല്‍പ്പാദനം, വിനോദം, ശാരീരികക്ഷമത, മാധ്യമങ്ങള്‍, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ദീര്‍ഘകാല വിജയത്തിന് അനിവാര്യമായ സമാനമായ കാഴ്ചപ്പാടു സൃഷ്ടിച്ച്, വിഘടിച്ചുനില്‍ക്കുന്ന ഈ മേഖലകളെ ഏകോപിപ്പിക്കാന്‍ ചിന്താശിബിരം സഹായിക്കുന്നു. ഇതു രാജ്യത്തിന്റെ കൂട്ടായ കാഴ്ചപ്പാടിനെ മുന്‍നിരയില്‍ കൊണ്ടുവരുന്നതോടൊപ്പം, വിവിധ സംസ്ഥാനങ്ങളിലെ മികച്ച പ്രവര്‍ത്തനമാതൃകകള്‍ പരിചയപ്പെടുത്തുകയും, അവ മാതൃകയാക്കാനും നൂതനാശയ ഉപജ്ഞാതാക്കള്‍ക്കു പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാനും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

വിജയഗാഥകള്‍ എടുത്തുകാട്ടുന്നതോടൊപ്പം ഇന്ത്യയിലെ കായികരംഗം മെഡലുകളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ജനപങ്കാളിത്തം, ഏവരെയും ഉള്‍ക്കൊള്ളല്‍, രാഷ്‌ട്രനിര്‍മാണം എന്നിവയെക്കുറിച്ചാണ് ചിന്താശിബിരം ആശയത്തെയും ആവര്‍ത്തിച്ചുറപ്പിക്കുന്നു.

ഫിറ്റ് ഇന്ത്യ പ്രസ്ഥാനം, അന്താരാഷ്‌ട്ര യോഗ ദിനാചരണം, സൈക്ലിങ് മത്സരങ്ങള്‍ പോലുള്ള ജനകീയ പ്രവര്‍ത്തനങ്ങള്‍ എന്നിവ കായികരംഗത്തെ നാം എങ്ങനെ കാണുന്നു എന്നതിനെ പുനര്‍നിര്‍വചിക്കാന്‍ സഹായിച്ചിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള മികവിനൊപ്പം ”ഏവര്‍ക്കും കായികരംഗം” എന്നതിനാണ് ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നത്. മെഡല്‍ മോഹങ്ങളും ബഹുജനപങ്കാളിത്തവും ഇനി വെവ്വേറെ ചര്‍ച്ചകളല്ല; അവ ഒരേ തുടര്‍ച്ചയുടെ ഭാഗമാണ്.

ശ്രീനഗറില്‍ ചിന്താശിബിരം സംഘടിപ്പിച്ചത് ഇതിന്റെ പ്രാധാന്യത്തിനു മറ്റൊരു തലംകൂടി നല്‍കി. നഗരത്തിന്റെ ശാന്തമായ സൗന്ദര്യം മനോഹരമായ പശ്ചാത്തലം മാത്രമല്ല നല്‍കിയത്; മറിച്ച്, അര്‍ഥവത്തായ സംവാദത്തിന് അനിവാര്യമായ സമാധാനപരമായ ചിന്താസാഹചര്യവും ഒരുക്കി.

ഈ ചിന്താശിബിരത്തിന്റെ സവിശേഷമായ ഫലം ‘ശ്രീനഗര്‍ ഖേല്‍ സങ്കല്‍പ്പ്’ അംഗീകരിച്ചതാണ്. വെറും ലക്ഷ്യപ്രഖ്യാപനത്തേക്കാള്‍ ഉപരിയായി, ഇന്ത്യന്‍ കായികരംഗത്തെ എല്ലാ പങ്കാളികളുടെയും അഭിലാഷങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ചട്ടക്കൂടാണ് ഈ സങ്കല്‍പ്പം. സമാന ലക്ഷ്യങ്ങള്‍, മുന്‍ഗണനകള്‍, ഉത്തരവാദിത്വങ്ങള്‍ എന്നിവ വ്യക്തമായി നിര്‍വചിക്കുന്നതിലൂടെ, ചിതറിപ്പോകാതെ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന കര്‍മരേഖ ഇതു സൃഷ്ടിക്കുന്നു.

‘ശ്രീനഗര്‍ ഖേല്‍ സങ്കല്‍പ്പി’ന്റെ യഥാര്‍ഥ കരുത്ത് നിലകൊള്ളുന്നത്, ഗവണ്മെന്റുകള്‍, ഫെഡറേഷനുകള്‍, സ്വകാര്യ മേഖല, പൗരസമൂഹം തുടങ്ങി വൈവിധ്യമാര്‍ന്ന പങ്കാളികളെ ഒരേ ലക്ഷ്യത്തിലേക്കു കൊണ്ടുവരാനുള്ള കഴിവിലാണ്. ഇന്ത്യയുടെ കായികരംഗത്തെ മുന്നേറ്റം ഒറ്റപ്പെട്ട പരിശ്രമങ്ങളിലൂടെ സാധ്യമാകില്ല എന്ന ആശയത്തെ ഇത് ആവര്‍ത്തിച്ചുറപ്പിക്കുന്നു. പകരം, വിഭവങ്ങളും അറിവും വൈദഗ്ധ്യവും ഒത്തുചേരുന്ന ഏകോപിതവും സഹകരിച്ചുള്ളതുമായ സമീപനത്തിലൂടെയാണ് അതു സാധ്യമാകേണ്ടത്.

2036-ഓടെ ഒളിമ്പിക് ഗെയിംസില്‍ ആദ്യ 10 രാജ്യങ്ങളില്‍ ഒന്നായി മാറണമെന്ന ഇന്ത്യയുടെ ദീര്‍ഘകാല ലക്ഷ്യം കൈവരിക്കണമെങ്കില്‍ ഈ ഏകോപനം അത്യന്താപേക്ഷിതമാണ്. ലോകോത്തര കായികതാരങ്ങളെ വാര്‍ത്തെടുക്കുന്നതിനു പ്രതിഭ മാത്രമല്ല ആവശ്യമായുള്ളത്. താഴേത്തട്ടുമുതലുള്ള കണ്ടെത്തല്‍, ശാസ്ത്രീയ പരിശീലനം, അടിസ്ഥാനസൗകര്യങ്ങള്‍, മികച്ച പരിശീലനം, മത്സരപരിചയം, നിരന്തരമായ സാമ്പത്തിക-സ്ഥാപന പിന്തുണ എന്നിവ ഒത്തുചേരുന്ന തടസ്സമില്ലാത്ത വ്യവസ്ഥിതിയും അനിവാര്യമാണ്. ഈ ഘടകങ്ങളെയെല്ലാം ഏകീകൃത സംവിധാനമായി കൂട്ടിയിണക്കാന്‍ കഴിയുന്ന തന്ത്രപരമായ കരുത്താണ് ഈ സങ്കല്‍പ്പം നല്‍കുന്നത്.

ഇന്ത്യയുടെ കായികഭാവി തിളക്കമുള്ളതാണെന്നും, സഹകരണത്തിലൂടെ കരുത്തുറ്റതും ഏവരെയും ഉള്‍ക്കൊള്ളുന്നതും മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നതുമായ കായികസംസ്‌കാരം നമുക്കു കെട്ടിപ്പടുക്കാന്‍ കഴിയുമെന്നുമുള്ള പൊതുവായ വിശ്വാസം ശിബിരത്തില്‍ പ്രകടമായിരുന്നു.

ആഗോള കായികവേദിയില്‍ നമ്മുടെ അഭിലാഷങ്ങള്‍ യഥാര്‍ഥത്തില്‍ സാക്ഷാത്കരിക്കണമെങ്കില്‍, ഈ സംവാദങ്ങള്‍ തുടരുകയും അവയ്‌ക്കു കൂട്ടായ പ്രവര്‍ത്തനങ്ങളുടെ പിന്തുണ ഉണ്ടാകുകയും വേണം. ‘ശ്രീനഗര്‍ ഖേല്‍ സങ്കല്‍പ്പ്’ നമുക്ക് ആ ദിശാബോധം നല്‍കുന്നു. ചിന്താശിബിരം നമുക്ക് ആ വേദിയും ഒരുക്കുന്നു. ഇന്ത്യയുടെ കായിക സ്വപ്‌നങ്ങളെ സുസ്ഥിരമായ ഒളിമ്പിക് വിജയങ്ങളാക്കി മാറ്റുന്നതിന് ഇവ രണ്ടും ചേര്‍ന്നു കരുത്തുറ്റ അടിത്തറയാണു രാജ്യത്തിനായി സജ്ജമാക്കുന്നത്.



By admin