തിരുവനന്തപുരം: ഭാരതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ ലക്ഷ്യമിടുന്നത് നമ്മുടെ സംസ്‌കാരത്തെയാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഭാരതത്തിനെതിരായ കാര്യങ്ങളാണ് ഇന്ന് നടക്കുന്നത്. ചില രാജ്യങ്ങളും സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ഭാരതത്തിനെതിരെ പ്രവര്‍ത്തിക്കുന്നു. നമ്മളെ തകര്‍ക്കാനാവില്ലെന്ന് കരുതി വെറുതെയിരിക്കരുത്. എതിരായി എന്ത് ചെയ്യാമെന്നതാണ് ഓരോ ഭാരതീയനും ചിന്തിക്കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഹിന്ദു ചിന്തകനും അമേരിക്കന്‍ ഭാരതീയനുമായ രാജീവ് മല്‍ഹോത്ര, കന്യാകുമാരി സ്വദേശി അരവിന്ദന്‍ നീലകണ്ഠന്‍ എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ ‘ബ്രേക്കിങ് ഇന്ത്യ: വെസ്‌റ്റേണ്‍ ഇന്റര്‍വെന്‍ഷന്‍സ് ഇന്‍ ദ്രവീഡിയന്‍ ആന്‍ഡ് ദളിത് ഫാള്‍ട്ട്‌ലൈന്‍സ്’ പുസ്തകത്തിന്റെ മലയാള പരിഭാഷ തിരുവനന്തപുരത്ത് ഭാരതീയ വിചാരകേന്ദ്രം ഹാളില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സനാതന ധര്‍മത്തെ സംരക്ഷിക്കുകയെന്നത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്. രാജ്യത്തിനു അകത്തു നിന്നും പുറത്തു നിന്നും സംസ്‌കാരത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിനെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ജാതി വ്യവസ്ഥ നിലനില്‍ക്കുന്ന ഒരു സിസ്റ്റമാണ് ഇപ്പോഴും ഭാരതത്തില്‍ നിലനില്‍ക്കുന്നതെന്ന് രാജീവ് മല്‍ഹോത്ര മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ജാതിയുടെ പേരില്‍ ഭിന്നിപ്പിച്ച് ഭരിക്കാനാണ് പലരും ശ്രമിച്ചത്. ഇപ്പോഴും രാജ്യത്തിനകത്തും പുറത്തുമുള്ള ശത്രുക്കളുടെ ശക്തി കുറഞ്ഞിട്ടില്ല. അത് വര്‍ദ്ധിച്ചുവരുന്നതേയൂള്ളൂ.
ബ്രേക്കിങ് ഇന്ത്യ എന്ന പുസ്തകം എഴുതിയതിനെ തുടര്‍ന്ന് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. എന്നാല്‍ അതുകൊണ്ട് താന്‍ ഭയപ്പെട്ടില്ലെന്നും കൂടുതല്‍ ഊര്‍ജ്വസ്വലനായി മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പുസ്തകത്തിന്റെ മലയാള പരിഭാഷയായ ‘തകര്‍ക്കപ്പെടുന്ന ഇന്ത്യ’ പ്രകാശനം ചെയ്തു.
മുന്‍ അംബാസഡറും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ വൈസ് ചെയര്‍മാനുമായ ഡോ. ടി. പി.ശ്രീനിവാസന്‍, രാഷ്‌ട്രീയ നിരീക്ഷകനും സംവാദകനുമായ ശ്രീജിത്ത് പണിക്കര്‍, ഡോ. ഭരത് ശ്രീനിവാസന്‍, രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഹരി എസ്. കര്‍ത്ത സ്വാഗതവും ശരത് മേനോന്‍ നന്ദിയും പറഞ്ഞു.