ടെക്സസ്: പ്രായം 81 പിന്നിട്ടിട്ടും ഭാര്യയുടെ ജീവൻ രക്ഷിക്കാനായി ദിനംപ്രതി 14 മണിക്കൂറോളം ഭാരമേറിയ ലഗേജുകൾ ചുമന്ന് ജോലി ചെയ്യുന്ന വയോധികന്റെ വാർത്ത അന്താരാഷ്ട്ര തലത്തിൽ തരംഗമാകുന്നു.
അമേരിക്കയിലെ ടെക്സസ് സ്വദേശിയായ ഡോൺ ജോൺസന്റെ ദയനീയ കാഴ്ചയാണ് ഡോർബെൽ ക്യാമറയിലൂടെ പുറത്തുവന്നതും തുടർന്ന് ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നതും.
എയർപോർട്ടുകളിൽ നിന്ന് നഷ്ടപ്പെടുന്ന ലഗേജുകൾ വീടുകളിൽ എത്തിച്ചു നൽകുന്ന ഡെലിവറി ജോലിയാണ് ഡോൺ ജോൺസൺ ചെയ്യുന്നത്.
ഡല്ലാസ്-ഫോർട്ട് വർത്ത് മേഖലയിലെ ഒരു വീടിന്റെ പടികൾ കയറി ഭാരമേറിയ ലഗേജ് എത്തിച്ചു നൽകുന്നതിനിടയിൽ അദ്ദേഹം ശാരീരികമായി വല്ലാതെ തളരുകയും പ്രയാസപ്പെടുകയും ചെയ്യുന്നത് വീടിന്റെ ഡോർബെൽ ക്യാമറയിൽ പതിയുകയായിരുന്നു.
കാൻസറിനോട് പോരാടുന്ന ഭാര്യ; കടക്കാൻ കടമ്പകളേറെ
57 വർഷമായി ഒരുമിച്ച് ജീവിക്കുന്ന ഡോൺ ജോൺസണും ഭാര്യ ജോസഫിനും മകളുടെ കൂടെയാണ് താമസം. എന്നാൽ ജോസഫിന് മാരകമായ കാൻസർ ബാധിച്ചതോടെ ചികിത്സാച്ചെലവുകൾ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായി.
മരുന്നുകൾക്കും ആശുപത്രി ചെലവുകൾക്കുമായി വലിയ തുക ആവശ്യമായി വന്നതോടെയാണ് മൂന്ന് വർഷം മുമ്പ് ഡോൺ ജോൺസൺ ഈ ജോലി തിരഞ്ഞെടുത്തത്.
“ഈ പ്രായത്തിൽ എനിക്ക് വേറെ ജോലികളൊന്നും ലഭിച്ചില്ല. ആമസോണിലും വാൾമാർട്ടിലും ഉൾപ്പെടെ പലയിടത്തും ജോലിക്ക് ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.”എന്ന് ഡോൺ ജോൺസൺ
സാമ്പത്തിക സഹായപ്രവാഹം
തളർന്നു വീഴാറായ അവസ്ഥയിലും ഭാര്യയ്ക്കു വേണ്ടി അധ്വാനിക്കുന്ന ഈ വയോധികന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് സഹായപ്രവാഹമാണ് ഉയർന്നത്.
ഇത്രയും പ്രായമായ ഒരാൾ ഭാര്യയോടുള്ള സ്നേഹവും പ്രതിബദ്ധതയും മുൻനിർത്തി നടത്തുന്ന കഠിനാധ്വാനം കണ്ടുനിന്നവരുടെ കണ്ണുനിറച്ചു. ഇദ്ദേഹത്തിന് താങ്ങാവാൻ നിരവധി സന്നദ്ധ സംഘടനകളും വ്യക്തികളും രംഗത്തെത്തിയിട്ടുണ്ട്.