• Wed. Sep 30th, 2026

24×7 Live News

Apdin News

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Byadmin

Sep 30, 2026



കണ്ണൂർ: മട്ടന്നൂരില്‍ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി രണ്ട് ഡോക്ടര്‍മാര്‍ പിടിയില്‍. മലപ്പുറം പുതുപൊന്നാനി പാലക്കല്‍ വീട്ടില്‍ എച്ച് സിദ്ധിക് മകന്‍ ഡോക്ടര്‍ ഇര്‍ഷാദ് എച്ച് എ (33), തലശ്ശേരി വടക്കുമ്പാട് കൂളി ബസാറില്‍ സദ്മം വീട്ടില്‍ സി പത്മനാഭന്‍ മകന്‍ ഡോക്ടര്‍ സിദ്ധാര്‍ത്ഥ് സി പി (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇരിട്ടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ സി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഡോക്‌ടർമാരിൽ നിന്ന് 2.809 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കണ്ണൂർ മട്ടന്നൂരിലെ സ്‌കൈ പാലസ് ബാറിലെ മുറിയിലും ആഡംബര ജീപ്പിലുമായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. എക്‌‌സൈസ് കമ്മിഷണർ സ്‌ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്.

പിടിയിലായ ഡോക്‌ടർമാരിൽ ഒരാൾ ബംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിയും മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ഡോക്‌ടറായി സേവനമനുഷ്ഠിക്കുകയുമായിരുന്നു. എംഡിഎംഎ വാങ്ങിയത് ബംഗളൂരുവിൽ നിന്നാണെന്നാണ് ഇവർ മൊഴി നൽകിയത്.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി അബ്ദുള്‍ ബഷീര്‍ , കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ പി ജലീഷ് , കെ ബിനീഷ് , പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് സി ഹണി , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി വി അഭിജിത് , സി വി റിജുന്‍, കെ കെ രാഗില്‍ എന്നിവരടങ്ങുന്ന സംഘമാണ് വിദഗ്ദമായി ഇവരെ പിടികൂടിയത്. ജെഎഫ്‌സിഎം മട്ടന്നൂര്‍ കോടതി മുമ്പാകെ ഹാജരാക്കിയ ശേഷം തുടര്‍ നടപടികള്‍ വടകര നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ കോടതിയില്‍ നടക്കും.

By admin