• Wed. Sep 30th, 2026

24×7 Live News

Apdin News

ഇറാഖിൽ നിന്ന് പൂർണമായി പിന്മാറി അമേരിക്ക; രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സൈനിക സാന്നിധ്യത്തിന് അന്ത്യം

Byadmin

Sep 30, 2026


ഇറാഖിലെ അവസാന സൈനിക താവളങ്ങളിൽനിന്നും അമേരിക്കൻ സേന പിന്മാറുന്നു. ബുധനാഴ്ചയോടെ അവസാന താവളങ്ങളും ഒഴിയുന്നതോടെ ഇറാഖിലെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അമേരിക്കൻ സൈനിക സാന്നിധ്യത്തിനാണ് അവസാനമാകുന്നത്.

അമേരിക്കൻ സേനയുടെ പിന്മാറ്റത്തെ ഇറാനും അവരുടെ സഖ്യകക്ഷികളും വിജയമായാണ് വിശേഷിപ്പിക്കുന്നത്. അതേസമയം, അമേരിക്കൻ സൈനിക സാന്നിധ്യം അവസാനിക്കുന്നത് ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകൾക്കും ഇസ്ലാമിക് സ്റ്റേറ്റിനും ഇറാഖിലെ സ്വാധീനം വർധിപ്പിക്കാൻ അവസരമൊരുക്കുമെന്ന ആശങ്കയും ചില ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥർ പങ്കുവെച്ചു.

2003-ൽ സദ്ദാം ഹുസൈനെ അധികാരത്തിൽനിന്ന് പുറത്താക്കുന്നതിനായാണ് അമേരിക്കൻ സേന ഇറാഖിൽ അധിനിവേശം നടത്തിയത്. തുടർന്ന് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത യുഎസ്, ഷിയാ നേതൃത്വത്തിലുള്ള സർക്കാരിനെ അധികാരത്തിലെത്തിക്കുകയും വർഷങ്ങളോളം വിമതർക്കെതിരെ പോരാടുകയും ചെയ്തു.

2011 അവസാനത്തോടെ അമേരിക്കൻ സേന ഇറാഖിൽനിന്ന് പിന്മാറിയിരുന്നു.
എന്നാൽ 2014 മുതൽ 2017 വരെ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പ്രധാന യുദ്ധത്തിൽ ഇറാഖി സേനയെ സഹായിക്കുന്നതിനായി അമേരിക്ക വീണ്ടും സൈന്യത്തെ ഇറാഖിലേക്ക് അയച്ചു. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിൽ അമേരിക്കൻ സൈനിക സഹായം നിർണായകമായിരുന്നു.

അമേരിക്കയുമായും ഇറാനുമായും അടുത്ത രാഷ്ട്രീയ-സൈനിക ബന്ധം പുലർത്തുന്ന രാജ്യമാണ് ഇറാഖ്. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങളുടെ ഭാഗമായി ഇറാഖി മണ്ണ് പലപ്പോഴും പ്രോക്സി യുദ്ധഭൂമിയായും മാറിയിട്ടുണ്ട്. ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകൾ അമേരിക്കൻ സൈനിക താവളങ്ങൾ പലതവണ ആക്രമിക്കുകയും യുഎസ് സേന തിരിച്ചടിക്കുകയും ചെയ്തിട്ടുണ്ട്.

2020-ൽ ബാഗ്ദാദ് വിമാനത്താവളത്തിൽവെച്ച് മുതിർന്ന ഇറാനിയൻ കമാൻഡർ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാക്കിയിരുന്നു. ഇറാനെതിരായ ഈ വർഷത്തെ യുദ്ധത്തിൽ കൊല്ലപ്പെട്ട 18 യുഎസ് സൈനികരിൽ ഏഴുപേർ ഇറാഖിലായിരുന്നു. ജൂലായിൽ എർബിലിന് സമീപമുള്ള താവളത്തിൽ ഡ്രോൺ നിയന്ത്രിത സ്ഫോടനത്തിനിടെ കൊല്ലപ്പെട്ട ആർമി സർജന്റാണ് ഇറാഖിൽ കൊല്ലപ്പെട്ട അവസാനത്തെ യുഎസ് സൈനികൻ.

അമേരിക്കൻ സേനയുടെ പിന്മാറ്റത്തെ തങ്ങളുടെ സഖ്യത്തിലുള്ള സായുധ ഗ്രൂപ്പുകളുടെ ശൃംഖലയായ ‘റെസിസ്റ്റൻസ് ആക്സിസിന്റെ’ വിജയമായാണ് ഇറാൻ വിശേഷിപ്പിക്കുന്നത്. അമേരിക്കൻ സേന ഇറാഖിൽനിന്ന് പൂർണമായി പിന്മാറുന്നതോടെ രാജ്യത്ത് ശാശ്വതമായ സുരക്ഷ നിലനിൽക്കുമെന്ന് ഇറാനിയൻ പാർലമെന്ററി ഉദ്യോഗസ്ഥനും പ്രതികരിച്ചു.

അതേസമയം, അമേരിക്കൻ സേനയുടെ പിന്മാറ്റം ഇസ്ലാമിക് സ്റ്റേറ്റിന് വീണ്ടും സംഘടിക്കാനുള്ള സാഹചര്യമൊരുക്കുമെന്നാണ് ചില ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. ഇസ്ലാമിക് സ്റ്റേറ്റിന് ഇപ്പോഴും സ്ലീപ്പർ സെൽ ശൃംഖല നിലവിലുണ്ട്.

അമേരിക്കൻ രഹസ്യാന്വേഷണ സഹായവും ലോജിസ്റ്റിക്കൽ പിന്തുണയും ഡ്രോൺ സംവിധാനങ്ങളും ഇല്ലാതാകുന്നത് ഇസ്ലാമിക് സ്റ്റേറ്റിന് വീണ്ടും ശക്തിപ്പെടാനുള്ള അവസരം നൽകുമെന്ന് കുർദിഷ് കമാൻഡർ സർവാൻ ബർസാനി മുന്നറിയിപ്പ് നൽകി.







By admin