• Wed. Sep 25th, 2024

24×7 Live News

Apdin News

ഭൂമി കുംഭകോണ കേസിൽ സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണം | National | Deshabhimani

Byadmin

Sep 25, 2024



ബം​ഗളൂരു > മൈസൂരു വികസന അതോറിറ്റി(മുഡ) യുമായി  ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ലോകായുക്ത. എംപിമാർ, എംഎൽഎമാർ എന്നിവർക്കെതിരായ ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന ബംഗളുരുവിലെ കോടതിയാണ് ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടത്. മൈസൂരു ലോകായുക്ത പൊലീസാണ് കേസ് അന്വേഷിക്കേണ്ടത്. ഡിസംബർ 24നകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശം.

അഴിമതിക്കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണർ താവർചന്ദ് ഗെ‌ലോട്ടിന്റെ നടപടി ചോദ്യം ചെയ്ത് സിദ്ധരാമയ്യ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് വിധി പറഞ്ഞത്. 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17 എ പ്രകാരവും, 2023 ലെ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയുടെ സെക്ഷൻ 218 പ്രകാരവുമാണ് ഗവർണർ മുഖ്യമന്ത്രിയെ വിചാരണ ചെയ്യുന്നതിനുള്ള അനുമതി നൽകിയത്. ഇത് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.

വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് പകരം ഭൂമി അനുവദിക്കുന്ന പദ്ധതിയിലാണ് അഴിമതി ആരോപണം. പ്രമുഖ വ്യക്തികൾക്ക് വിട്ടുകൊടുത്തതിനേക്കാൾ കോടികളുടെ ആസ്തിയുള്ള ഭൂമി പദ്ധതിപ്രകാരം ലഭിച്ചു. സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാർവതിയുടെ പേരിൽ മൈസൂരുവിലെ കേസരെയിലുണ്ടായിരുന്ന മൂന്നേക്കർ ഭൂമി മുഡ ഏറ്റെടുത്തു. പകരം വിജയനഗറിൽ കണ്ണായ പ്രദേശത്ത്‌ 38,283 ചതുരശ്ര അടി ഭൂമിയാണ് അനുവദിച്ചത്.  2021-ൽ ബിജെപി സർക്കാരാണ് ഭാര്യയ്ക്ക് ഭൂമി അനുവദിച്ചതെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടുന്നു. മലയാളിയായ ടി ജെ അബ്രഹാം, പ്രദീപ്‌കുമാർ, സ്‌നേഹമയി കൃഷ്‌ണ എന്നിവരാണ്‌ സിദ്ധരാമയ്യയ്ക്കെതിരെ പരാതി നൽകിയത്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin