• Wed. Apr 29th, 2026

24×7 Live News

Apdin News

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

Byadmin

Apr 29, 2026


കട്ടപ്പന: മംഗളാ ദേവിയിലെ കണ്ണകി ക്ഷേത്രം കേരളത്തിന് മാത്രം അവകാശപ്പെട്ടതാണെന്നും 1800 വര്‍ഷത്തെ പഴക്കമുണ്ടെന്നും ഇത് സംബന്ധിച്ചു നടത്തിയ സര്‍വേകളെല്ലാം സംശയരഹിതമായി തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ക്ഷേത്രം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ഇതിനാല്‍ വിട്ടുനല്‍കണമെന്നുമുള്ള അവകാശവാദത്തില്‍ ഇപ്പോഴും തമിഴ്‌നാട് ഉറച്ചുനില്‍ക്കുകയാണ്.

തന്റെ ഭര്‍ത്താവായ കോവലനെ മോഷണ കുറ്റം ആരോപിച്ച് നിഷ്‌ക്കരുണം വധിച്ച രാജാവിനോടുള്ള പ്രതികാരത്തിന്റെ ഫലമായി കണ്ണകി മധുരാനഗരം ചുട്ടെരിച്ച് സ്വസ്ഥത തേടി മംഗളാ ദേവിയിലെത്തിയെന്നാണ് ചരിത്രം. പാണ്ഡ്യരാജാവായിരുന്ന ചേരന്‍ ചെങ്കുട്ടവനാണ് മംഗളാ ദേവി മലമുകളില്‍ ക്ഷേത്രം നി ര്‍മ്മിച്ചത് എന്നൊക്കെയാണ് തമിഴ്‌നാട് ചൂണ്ടിക്കാട്ടുന്നത്.

19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് തിരുവിതാംകൂറിന്റെ അധീനതയിലുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിനു മേല്‍ അന്നത്തെ മദ്രാസ് പ്രസിഡന്‍സി ആദ്യമായി അവകാശവാദമുന്നയിച്ചത്. ഇക്കാലത്ത് തിരുവിതാംകൂറില്‍ രാജഭരണവും മദ്രാസില്‍ ബ്രിട്ടീഷ് ഭരണവുമായിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ അക്കാലത്തെ ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയിലെ ലഫ്റ്റനന്റുമാരായ കോണര്‍ പാര്‍ഡ് എന്നിവരെ നിയോഗിച്ചു. 1817 ല്‍ ഇവര്‍ നടത്തിയ സര്‍വേയില്‍ മംഗളാ ദേവി പൂര്‍ണമായും തിരുവിതാംകൂറിന്റേതാണെന്ന് തെളിഞ്ഞു. 1854 ല്‍ നടത്തിയ ദി ഗ്രേറ്റ് ട്രിഗോണമിക്കല്‍ സര്‍വേയും ഇത് സ്ഥിരീകരിച്ചു. വീണ്ടും തര്‍ക്കമുയര്‍ന്നത് 1979 ലാണ് ഇതേ തുടര്‍ന്ന് 1981 ല്‍ നടത്തിയ സര്‍വേ പ്രകാരം ക്ഷേത്രവും 62 സെന്റ് സ്ഥലവും പൂര്‍ണമായും കേരളത്തിന്റേതാണെന്ന് തെളിഞ്ഞെങ്കിലും ഇതും അംഗീകരിക്കാന്‍ തമിഴ്‌നാട് തയ്യാറായില്ല. പിന്നീട് 1990 ലെ കരുണാനിധി സര്‍ക്കാര്‍ അവകാശം ഉയര്‍ത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയും ചെയ്തു.

എന്നാല്‍ എം.ജി.ആറിന്റെ ജയലളിതയുടെയും കാലത്ത് വിവാദങ്ങള്‍ക്ക് തിരികൊളുത്തി ലോവര്‍ ക്യാമ്പില്‍ നിന്നും ക്ഷേത്ര പരിസരത്തേക്ക് റോഡ് നിര്‍മ്മിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തി നടപടികള്‍ ആരംഭിച്ചിരുന്നു. ഇത് അതീവ ശ്രദ്ധയോടെ വനം വകുപ്പ് തടയുകയും ചെയ്തു. 1983 ല്‍ പുന:പ്രതിഷ്ഠ നല്‍കിയ ക്ഷേത്രം സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുക്കുകയും ചിത്രാപൗര്‍ണമിയില്‍ മാത്രം നടത്തുന്ന ഒരു ദിവസത്തിന്റെ നടത്തിപ്പും മറ്റ് നിയന്ത്രണങ്ങളും വനം വകുപ്പിന് കൈമാറുകയും ചെയ്തു. പിന്നീട് കമ്പം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കണ്ണകി ട്രസ്റ്റ് ക്ഷേത്രം പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയും പുരാവസ്തു വകുപ്പിന് കത്തും നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന് 2015 ല്‍ പുരാവസ്തു ഡയറക്ടറും സംസ്ഥാന അറ്റോര്‍ണി ജനറലും മംഗളാ ദേവി സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. വന നിയമങ്ങള്‍ക്കനുസരിച്ച് ക്ഷേത്രം പുനരുദ്ധരിക്കുന്നതിന് തടസ്സമില്ലെന്ന റിപ്പോര്‍ട്ടാണ് ഇവര്‍ സര്‍ക്കാരിന് കൈമാറിയത്. തുടര്‍ നടപടികളുണ്ടാകാത്തതിനാല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ കണ്ണകി ട്രസ്റ്റും മറ്റ് ചില സംഘടനകളും വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.



By admin