• Tue. Jul 8th, 2025

24×7 Live News

Apdin News

മഞ്ഞുമ്മല്‍ ബോയ്‌സ് : സൗബിന്‍ ഷാഹിറിനെയും സഹനിര്‍മാതാക്കളെയും ചോദ്യംചെയ്ത് വിട്ടയച്ചു

Byadmin

Jul 8, 2025



കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് ചിത്രവുമായി ബന്ധപ്പെട്ട പണം തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിനെയും സഹനിര്‍മാതാക്കളെയും പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ചു. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കും.

എല്ലാകാര്യങ്ങളും കൃത്യമായി പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് ചോദ്യംചെയ്യലിന് ശേഷം സൗബിന്‍ ഷാഹിര്‍ പ്രതികരിച്ചു. മരട് പോലീസ് സ്റ്റേഷനിലാണ് രാവിലെ സൗബിന്‍ അഭിഭാഷകനൊപ്പം എത്തിയത്. സഹനിര്‍മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരും ഒപ്പമുണ്ടായിരുന്നു

സിനിമയില്‍നിന്ന് ലഭിച്ച ലാഭം എങ്ങനെ ചെലവിട്ടു തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചു എന്നാണ് വിവരം. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാനായി രണ്ടു തവണ നോട്ടീസ് നല്‍കിയെങ്കിലും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സൗബിന്‍ അടക്കം പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മൂന്നു പ്രതികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ച കോടതി പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കി. തിങ്കളാഴ്ചയും വേണ്ടിവന്നാല്‍ ചൊവ്വാഴ്ചയും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം എന്നാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ നിര്‍ദേശിച്ചത്.

തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതികള്‍ നേരത്തെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ‘മഞ്ഞുമ്മല്‍ ബോയ്സിന്റെ ‘ ലാഭത്തില്‍ 40 ശതമാനം നല്‍കാമെന്ന് കാട്ടി തന്നില്‍ നിന്ന് ഏഴ് കോടി രൂപ വാങ്ങിയിട്ടും പണം നല്‍കാതെ വഞ്ചിച്ചെന്നാണ് അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ ഹമീദ് എന്നയാളുടെ പരാതി. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം മരട് പൊലീസ് അന്വേഷണം നടത്തി സൗബിനും മറ്റുള്ളവര്‍ക്കുമെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതികള്‍ ഗൂഢാലോചന നടത്തി പരാതിക്കാരനെ വഞ്ചിച്ചെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. തുടര്‍ന്നാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിച്ചതും ഇത് തള്ളിയതും.

 

By admin